സംസ്ഥാനത്തെ 12 കോളേജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം നിയമവിരുദ്ധമെന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. യോഗ്യതയില്ലാത്ത ഇവരെ ചട്ടവിരുദ്ധമായാണ് നിയമിച്ചതെന്നും ട്രിബ്യൂണല്‍ കണ്ടെത്തി. പ്രിൻസിപ്പലുമാർക്ക് നല്‍കിയ ആനുകൂല്യങ്ങള്‍ തിരിച്ച് പിടിക്കാനും ട്രിബ്യൂണല്‍ നിര്‍ദേശിച്ചു.
പ്രിൻസിപ്പലുമാരില്‍ എട്ട് പേര്‍ സർവീസില്‍ നിന്നും വിരമിച്ചു. നാല് പേര്‍ ഇപ്പോഴും സര്‍വീസില്‍ തുടരുന്നവരാണ്
12 ആര്‍ട്‌സ് ആന്റഡ് സയന്‍സ് കോളേജുകളിലെ പ്രിന്‍സിപ്പല്‍ മാരുടെ നിയമനമാണ് നിയമവിരുദ്ധമെന്ന് ട്രിബ്യൂണല്‍ കണ്ടെത്തിയിരിക്കുന്നത്. 2010 ലെ യുജിസി ചട്ടപ്രകാരം 15 വര്‍ഷത്തെ അധ്യാപന പരിചയം, ഗവേഷണ ബിരുദം, 400 എപിഐ സ്കോര്‍ എന്നിവ നിയമിക്കപ്പെടുന്നവര്‍ക്ക് ഉണ്ടായിരിക്കണം. കൂടാതെ നാലംഗങ്ങള്‍ ഉള്‍പ്പെട്ട സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ചാകണം പ്രിന്‍സിപ്പല്‍മാരെ തെരഞ്ഞെടുക്കേണ്ടത്. ഇക്കാര്യങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് ട്രിബ്യൂണല്‍ കണ്ടെത്തി.
പ്രിൻസിപ്പലുമാരില്‍ എട്ട് പേര്‍ സർവീസില്‍ നിന്നും വിരമിച്ചു. നാല് പേര്‍ ഇപ്പോഴും സര്‍വീസില്‍ തുടരുന്നവരാണ്. ഇടത് അനൂകൂല സർക്കാർ കോളേജ് അധ്യാപകരുടെ സംഘടനയായ എകെജിസിടി മുന്‍ ജനറല്‍ സെക്രട്ടറി ഡോ. കെ കെ ദാമോദരനും അയോഗ്യത വിധിച്ച പട്ടികയിലുണ്ട്. ദാമോദരൻ ഇപ്പോഴും സർവീസില്‍ തുടരുകയാണ്. വിധിക്കെതിരെ അപ്പീല്‍ സമർപ്പിക്കുമെന്ന് കെ കെ ദാമോദരൻ പറഞ്ഞു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ അസോസിയേറ്റ് പ്രഫസറായിരുന്ന ഡോ. എസ് ബാബുവാണ് നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ട്രിബ്യൂണലിനെ സമീപിച്ചത്. പരാതി നൽകിയ എസ് ബാബുവിന് മൂന്ന് മാസത്തിനകം പ്രിന്‍സിപ്പല്‍ പദവിക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അനുവദിച്ച് നല്‍കാനും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കണ്ണൂർ സർവകലാശാലയില്‍ അസോസിയേറ്റ് പ്രഫസർ പദവിയില്‍ മുഖ്യമന്ത്രിയുടെ പൈവറ്റ് സെക്രട്ടറിയായ കെ കെ രാഗേഷിന്റെ ഭാര്യയെ നിയമിച്ചത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തി നിയമന ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.