സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിച്ചത് സദുദ്ദേശത്തോടെയായിരുന്നുവെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഹൈക്കോടതിയില്‍. കെടിയുവില്‍ യോഗ്യതയുളള പ്രൊഫസര്‍മാര്‍ ഉണ്ടായിരുന്നില്ല. പത്ത് വര്‍ഷം അധ്യാപന പരിചയം വേണമെന്നാണ് നിയമം. സര്‍വകലാശാല പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാകരുതെന്ന ഉദ്ദേശം കൂടി താത്ക്കാലിക നിയമനത്തിന് ഉണ്ടായിരുന്നു. സീനിയോറിറ്റി അനുസരിച്ച് നാലാമതായിരുന്നു സിസ തോമസ് എന്നും ഗവര്‍ണര്‍ കോടതിയെ അറിയിച്ചു. കെടിയു വിസിയെ ഗവര്‍ണര്‍ നിയമിച്ചത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഗവർണറുടെ മറുപടി.
നിമയനത്തിന് സീനിയോറിറ്റിയല്ല പരിഗണനാ മാനദണ്ഡമെന്നും ഗവര്‍ണര്‍ പറഞ്ഞു. ചാന്‍സലര്‍ സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ കൂടിയായതിനാൽ എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ ഗവര്‍ണര്‍ക്കുണ്ട്. അതുകൊണ്ട് തന്നെ ഗവര്‍ണര്‍ക്കെതിരെയുള്ള ഹർജി നിലനില്‍ക്കില്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഹർജി ഗവർണര്‍ക്കെതിരെയല്ല ചാന്‍സലര്‍ക്കെതിരെയാണെന്ന് കോടതി വ്യക്തമാക്കി.
സർക്കാരിന് ഗവർണറുടെ തീരുമാനങ്ങൾ മറികടക്കാനാവില്ലെന്നും ഗവർണറുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കെടിയു പ്രോ വിസിക്ക് ആ സ്ഥാനത്തിരിക്കാൻ എന്ത് യോഗ്യതയാണ് വേണ്ടതെന്നും കോടതി ചോദിച്ചു. കെടിയു പ്രോവിസിക്ക് യോഗ്യതയില്ലെന്നും ടെക്നിക്കൽ സർവകലാശാലയിൽ യോഗ്യതയുള്ള പ്രൊഫസർമാരില്ലാതിരുന്നതിനെ തുടർന്നാണ് തന്നെ നിയമിച്ചതെന്നും സിസ തോമസ് വാദിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിലേക്ക് ഈ ആവശ്യമുന്നയിച്ച് രണ്ട് കത്തുകൾ വന്നിരുന്നുവെന്നും സിസ തോമസ് അറിയിച്ചു.
ഇത്തരം സാഹചര്യങ്ങളിൽ മറ്റേതെങ്കിലും സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്കോ പ്രോ വൈസ് ചാൻസലർക്കോ ചുമതല നൽകുകയാണ് പതിവെന്നായിരുന്നു സർക്കാർ വാദം. സീനിയോറിറ്റിയിൽ സിസ തോമസിന് പത്താം സ്ഥാനമാണ് ഉള്ളത്. ചാൻസലർ ഒരു തരത്തിലുള്ള ആശയ വിനിമയവും നടത്താതെയാണ് നിയമനം നടത്തിയതെന്നും സർക്കാർ കോടതിയെ അറിയിച്ചു. സർക്കാർ നൽകിയ ശുപാർശകൾ തളളിയതിന്റെ കാരണം പോലും അറിയിച്ചിരുന്നില്ല. പിന്നീട് പേരുകൾ നിർദേശിക്കാൻ ഒരവസരവും തന്നില്ലെന്നും സർക്കാർ കോടതിയെ അറിയച്ചു. സർവകലാശാല വിസിമാർക്ക് പ്രൊഫസറെന്ന നിലയിൽ പത്ത് വർഷത്തെ അധ്യാപന പരിചയം വേണമെന്നത് നിർബന്ധമാണ്. അത് താത്ക്കാലിക വിസിക്കും വേണമെന്നും യുജിസി വ്യക്തമാക്കി. യുജിസിയുടെ വിശദീകരണം രേഖാമൂലം സത്യവാങ്മൂലമായി സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി.
പ്രോ വിസിക്ക് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താനാകില്ലെന്നും പ്രോ വിസിക്ക്, വിസിയുടെ അധികാരം നല്‍കാനാകില്ലെന്നും യുജിസി അറിയിച്ചു. വിദ്യാർഥികളുടെ ഭാവിയിൽ ആശങ്കയുണ്ടെന്നും ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും കോടതി വ്യക്തമാക്കി. വിസി നിയമനത്തര്‍ക്കം തികച്ചും അനാവശ്യമായ തര്‍ക്കമായിപ്പോയെന്നും ഭാവിയിലെങ്കിലും ഇത്തരം ഏറ്റുമുട്ടലുകള്‍ ഉണ്ടാകാതിരിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു. വിദ്യാര്‍ഥികളുടെ ഭാവിയ്ക്കാണ് മുന്‍തൂക്കം നല്‍കേണ്ടത്. കോടതിയുടെ ഒരുപാട് സമയം ഈ അനാവാശ്യ കാര്യത്തിനായി നീക്കിവെച്ചെന്നും സിംഗിള്‍ ബെഞ്ച് പരാമർശിച്ചു. ഹർജിയിൽ കോടതി നാളെ വിധി പറയും.