KERALA

'ബിജെപിക്ക് പിന്തുണ, രക്തസാക്ഷികൾ കലഹിക്കാൻ പോയവര്‍'; വിവാദ പരാമര്‍ശങ്ങള്‍ തുടര്‍ക്കഥയാക്കുന്ന ബിഷപ് പാംപ്ലാനി

റബർ വില 300 ആക്കിയാൽ ബിജെപിയെ പിന്തുണയ്ക്കാമെന്ന മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന വലിയ കോലാഹലമാണുണ്ടാക്കിയിരുന്നത്

വെബ് ഡെസ്ക്

രക്തസാക്ഷികളെ അവഹേളിച്ചുകൊണ്ടുള്ള തലശേരി ആര്‍ച്ച് ബിഷപ് ജോസഫ് പാംപ്ലാനിയുടെ പരാമർശം വലിയ പ്രതിഷേധത്തിനാണ് വഴിയൊരുക്കിയിക്കുന്നത്. കണ്ടവരോട് അനാവശ്യമായി കലഹിക്കാന്‍ പോയി വെടിയേറ്റും പ്രകടനത്തിനിടെ പോലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍നിന്ന് തെന്നിവീണ് മരിച്ചവരും രാഷ്ട്രീയ രക്തസാക്ഷികളില്‍ ഉണ്ടാകാമെന്നാണ് ജോസഫ് പാംപ്ലാനിയുടെ വാക്കുകള്‍. ഇതാദ്യമായല്ല പാംപ്ലാനിയിൽ വിവാദ പ്രസ്താവനകൾ പുറത്തുവരുന്നത്.

ബിജെപിക്ക് പിന്തുണ നൽകുന്നത് സംബന്ധിച്ച പ്രസ്താവന സൃഷ്ടിച്ച കോലാഹലം കെട്ടടങ്ങുന്നതിനുമുൻപാണ് കൂടുതൽ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന പരാമർശം പാംപ്ലാനി നടത്തിയിരിക്കുന്നത്. ഇതിനതിരെ സിപിഎം രംഗത്തുവന്നുകഴിഞ്ഞു. മഹാത്മജി ആരെയും ആക്രമിക്കാന്‍ പോയിട്ടല്ല രക്തസാക്ഷിയായതെന്നായിരുന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്റെ പ്രതികരണം.

കേരളത്തില്‍ വേണ്ടി വന്നാല്‍ ബിജെപിക്ക് പിന്തുണ നല്‍കാന്‍ തയ്യാറാണെന്ന ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെ വിമര്‍ശിച്ചും അനുകൂലിച്ചും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും വൈദികന്മാരുമെല്ലാം രംഗത്തെത്തിയിരുന്നു. റബ്ബറിന് മുന്നൂറ് രൂപ വില തന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യാമെന്നായിരുന്നു പ്രസ്താവന. പ്രസ്താവനയില്‍ അണുവിട പിന്നോട്ടില്ലെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു.

റബ്ബറിന് 300 രൂപ വില തന്നാല്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാമെന്ന പ്രസ്താവനയായിരുന്നു തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി അന്ന് നടത്തിയത്

റബര്‍ വിലയ്ക്കപ്പുറം രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ തിരിച്ചറിയാന്‍ പാംപ്ലാനിക്ക് കഴിയാതെ പോയതില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ആര്‍എസ്എസിൽനിന്നും മറ്റ് വര്‍ഗ്ഗീയ സംഘടനകളില്‍ നിന്നും രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാതെ അപക്വമായ നിലപാടാണ് പാംപ്ലാനി സ്വീകരിച്ചതെന്നായിരുന്നു പ്രധാന വിമർശം.

അതിനേക്കാള്‍ വിവാദമാകുന്ന പ്രസ്താവനയാണ് രക്തസാക്ഷികളെക്കുറിച്ച് പാംപ്ലാനി ഇപ്പോൾ നടത്തിയിരിക്കുന്നത്. യേശുവിന്റെ ശിഷ്യന്മാരായ 12 അപ്പോസ്തലന്മാരെക്കുറിച്ച് പരാമര്‍ശിക്കവേയായിരുന്നു രക്തസാക്ഷികളെക്കുറിച്ചുള്ള പ്രസ്താവന. കണ്ണൂര്‍ ചെറുപുഴയില്‍ കെ സി വൈ എം സംഘടിപ്പിച്ച യുവജന ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

''അപ്പോസ്തലന്‍മാര്‍ സത്യത്തിനും നന്മയ്ക്കും വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരാണ്. ഈ പന്ത്രണ്ട് അപ്പോസ്തലന്‍മാരും രക്തസാക്ഷികളായി മരിച്ചവരാണ്. രാഷ്ട്രീയക്കാരുടെ രക്തസാക്ഷികളെപ്പോലെയല്ല, അപ്പോസ്തലന്‍മാരുടെ രക്തസാക്ഷിത്വം. കണ്ടവനോട് അനാവശ്യമായി കലഹിക്കാന്‍ പോയി വെടിയേറ്റുമരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികള്‍. ചിലര്‍ പ്രകടനത്തിനിടെ പോലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍നിന്നd തെന്നിവീണ് മരിച്ചവരാണ്,'' പാംപ്ലാനി പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പേരെടുത്തു പറയാതെയായിരുന്നു ഈ പരാമർശം.

യേശുവിന്റെ ശിഷ്യന്മാരായ 12 അപ്പോസ്തലന്മാരെക്കുറിച്ച് പരാമര്‍ശിക്കവേയായിരുന്നു രക്തസാക്ഷികളെക്കുറിച്ചുള്ള പാംപ്ലാനിയുടെ പ്രസ്താവന

ആരെ സഹായിക്കാനാണ് ആര്‍ച്ച് ബിഷപ്പ് ഇത്തരം ഒരു പ്രസ്താവന നടത്തിയതെന്ന വിമർശനവുമായി സിപിഎം രംഗത്തുവന്നുകഴിഞ്ഞു. രക്തസാക്ഷികള്‍ ഒന്നടങ്കം കലഹിച്ചവരാണ് എന്നു കുറ്റപ്പെടുത്തിയത് അദ്ദേഹത്തെപ്പോലെയുള്ള ഒരു വ്യക്തിയില്‍ നിന്ന് പ്രതീക്ഷിക്കാന്‍ കഴിയാത്തതാണെന്ന് ഇപി ജയരാജൻ പറഞ്ഞു. ഗാന്ധിജി മുതല്‍ സുഡാനില്‍ മരിച്ച ആല്‍ബര്‍ട്ട് ഉള്‍പ്പെടെയുള്ളവെര വെടിവച്ചു കൊന്നതാണ്. വെടിവച്ചുകൊന്ന രക്തസാക്ഷികളെ ആദരവോടെ സ്മരിക്കുന്നതാണ് നമ്മുടെ സംസ്‌കാരം.

അഴിക്കോടന്‍ രാഘവന്‍ താമസിക്കുന്ന സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് കുത്തിക്കൊന്നത്. നിയമസഭാ സമാജികനായ കുഞ്ഞാലിയെ വെടിവച്ചുകൊന്നതാണ്. ഇത്തരത്തില്‍ നിരവധി ദുരനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഇവര്‍ ആരെയും ആക്രമിക്കാന്‍ പോയവരല്ല. മഹാത്മജി ആരെയും ആക്രമിക്കാന്‍ പോയിട്ടല്ല രക്തസാക്ഷിയായത്. ലോകം ആദരിക്കുന്ന രക്തസാക്ഷിത്വമാണ് മഹാത്മജിയുടേത്. ബിഷപ്പ് പ്രസ്താവന പിന്‍വലിച്ചാല്‍ അത് സ്വാഗതാര്‍ഹമാണ്. അല്ലെങ്കില്‍ ആര്‍ക്ക് വേണ്ടിയാണ് ഇത്തരം ഒരു പ്രസ്താവന നടത്തിയത് എന്ന് വ്യക്തമാക്കണമെന്നും ഇപി ജയരാജന്‍ ആവശ്യപ്പെട്ടു.

ബിഷപ്പിന്റെ ഈ പ്രസ്താവനയും ക്രിസ്ത്യൻ മതവിശ്വാസികൾ തള്ളിക്കളയുമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ പ്രതികരിച്ചു. മാർ പാംപ്ലാനി ഇത്തരം വിവാദ പ്രസ്താവനകൾ നടത്തുന്നത് ഇതാദ്യമല്ല. മുൻപ് റബർ വിലയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന ക്രിസ്ത്യൻ മതവിശ്വാസികൾ തള്ളിക്കളഞ്ഞതാണും ജയരാജൻ ഓര്‍മിപ്പിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ