വിഭാഗീയത 'തുടരുമെന്ന പ്രഖ്യാപനവുമായി' എറണാകുളം - അങ്കമാലി അതിരൂപതയുടെ വികാരിയാത്ത് സ്ഥാപന ജൂബിലി ആഘോഷം സമാപിച്ചു. ആഘോഷങ്ങളിൽ അതിരൂപത അഡ്മിനിസ്ട്രേറ്ററോ, കൂരിയാ അംഗങ്ങളോ പങ്കെടുക്കാൻ തയാറായില്ല. അതിരൂപത അംഗങ്ങളായ ഒരു മെത്രാപോലീത്ത അടക്കം 6 മെത്രാൻ മാർ സീറോ മലബാർ സഭയുടെ വിവിധ രൂപതകളിൽ ഉണ്ടെങ്കിലും, അവരിൽ ആരും ഇന്നത്തെ ആഘോഷ പരിപാടികളിൽ പങ്കെടുത്തില്ല എന്നത് ശ്രദ്ധേയമാണ്. അതിരൂപത ഭരണത്തിൽ നിന്ന് വിരമിച്ച സഹായ മെത്രാനും , മേജർ ആർച്ച്ബിഷപ്പിന്റെ വികാരി എന്ന നിലയിൽ രൂപത ഭരണം നടത്തിയ ആർച്ച്ബിഷപ്പും, രൂപതയുടെ മുൻ അഡ്മിനിസ്ട്രേറ്റർ ബിഷപ്പും, ആർച്ച് ബിഷപ്പുമടക്കം സഭയുടെ മേൽപട്ടക്കാർ ആരും സമ്മേളനത്തിനോട് താൽപര്യം പ്രകടിപ്പിച്ചില്ല.
സമ്മേളനം വിഭാഗീയതയുടെ ആഴം കൃത്യമായി വരച്ചുകാട്ടുന്നതായിരുന്നു. അതിരൂപത ഹയരാർക്കി ജൂബിലി വേദിയിലെ പ്രസംഗത്തിലും കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിയെ വൈദികർ തിരസ്കരിക്കുകയും ചെയ്തു. ബിഷപ്പ് ലൂയിസ് പഴയ പറമ്പിൽ മുതൽ കർദിനാൾ വർക്കി വിതയത്തിൽ വരെയുള്ള മുൻ മെത്രാൻമ്മാരെയും മെത്രാ പോലീത്താമാരെയും വേദിയിൽ പരാമർശിച്ചു. അതേസമയം കർദ്ദിനാൾ ജോർജ് ആലഞ്ചേരിയെ ഒഴിവാക്കുകയും ചെയ്തു.
ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്ത ജസ്റ്റിസ് കുര്യൻ ജോസഫും അതിരൂപത നിലപാടിലുറച്ച് നിൽക്കുന്നതായി അറിയിച്ചു. എറണാകുളം - അങ്കമാലി അതിരൂപതക്കാർ വിമതരല്ലെന്നും സത്യം വിളിച്ച് പറയുന്നവരാണെന്നും കുര്യൻ ജോസഫ് കൂട്ടിച്ചേർത്തു. അതിരൂപതക്ക് തനതായ ആരാധന ക്രമം അനുവദിക്കണമെന്നും കൃര്യൻ ജോസഫ് ആവശ്യപ്പെട്ടു. ഏകീകൃത കുർബാന വിഷയത്തിൽ മാർപാപ്പാക്ക് വീണ്ടും തെറ്റി പോയോ എന്ന് സംശയം ഉണ്ടെന്നും അതിന് വ്യക്തത വരുത്താൻ അഡ്മിനിസ്ടേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂർ ശ്രമിക്കണമെന്നും കൃര്യൻ ജോസഫ് ആവശ്യപ്പെട്ടിട്ടുണ്ട്.
'ഭാരതത്തെ ഒന്നാക്കി മാറ്റുന്നത് ഭരണഘടനയാണ്. അതു പോലെ കത്തോലിക്കാ സഭയെ ഒന്നാക്കി നിർത്തുന്നത് മാർപാപ്പായാണ് .അതിനാൽ അതിരൂപതാ അംഗങ്ങൾ മാർപാപ്പായെ അനുസരിക്കും. അതിന്റെ ഭാഗമായി ഡിസംബർ 25 ന് മാത്രം എറണാകുളം - അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന അർപ്പിക്കും'-അദ്ദേഹം പറഞ്ഞു. മുൻപ് സിനഡിനെതിരെ പറഞ്ഞ വാക്കുകൾ പിൻവലിച്ച് വിശ്വാസികളോട് മാപ്പ് ചോദിക്കുന്നുവെന്നും ജസ്റ്റിൻ കുര്യൻ ജോസഫ് കൂട്ടിച്ചേർത്തു.