ഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍ ഭീതി പടര്‍ത്തിയ കാട്ടാന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നത് തടയുന്നതിന് ജനകീയ പ്രതിരോധം തീര്‍ക്കാന്‍ പ്രദേശവാസികള്‍. മുതലമട പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. അവധി ദിവസങ്ങള്‍ തീര്‍ന്നാല്‍ ഉടന്‍ വിഷയത്തിന്റെ ഗുരുതരാവസ്ഥ ഹൈക്കോടതിയെ ബോധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നാണ് മുതലമട പഞ്ചായത്ത് അധികൃതരുടെ നിലപാട്. ഇക്കാര്യത്തില്‍ രാഷ്ട്രീയ വ്യത്യാസമില്ലെന്നും, അന്തിമ തീരുമാനം തിങ്കളാഴ്ച ചേരുന്ന പഞ്ചായത്ത് ഭരണ സമിതിയില്‍ ഉണ്ടാകുമെന്നും മുതലമട പഞ്ചായത്ത് വൈസ് പ്രസിഡന്റ് താജുദ്ദീന്‍ ദി ഫോര്‍ത്തിനോട് പ്രതികരിച്ചു.
പറമ്പിക്കുളം മേഖല നിലവില്‍ തന്നെ ഇവിടെ ആനശല്യം രൂക്ഷമായ പ്രദേശമാണ്. വനമേഖലയില്‍ ആദിവാസികള്‍ മാത്രം താമസിക്കുന്ന 10 കോളനികള്‍ ഉള്‍പ്പെടെ മൂവായിരത്തിലധികം പേര്‍ താമസിക്കുന്ന ജനവാസമേഖലയാണിത്
മുതലമടയെ മാത്രമല്ല, ആനയെ തുറന്ന് വിടാന്‍ നിര്‍ദേശിച്ച പ്രദേശത്തിന്റെ മുപ്പത് കിലോമീറ്റര്‍ പരിധിയില്‍ വരുന്ന ആറോളം പഞ്ചായത്തുകളെ ബാധിക്കുന്ന വിഷയമാണിത്. നെന്മാറ, എലവഞ്ചേരി തുടങ്ങി തൃശ്ശുര്‍ ജില്ലയിലെ ചാലക്കുടി മേഖലയെ ഉള്‍പ്പെടെ ബാധിക്കും. ഈ പഞ്ചായത്തുകളിലെ ജനങ്ങളും തങ്ങള്‍ക്കൊപ്പം പ്രതിരോധത്തിന് അണിനിരക്കും. വിദഗ്ധ സമിതി റിപ്പോര്‍ട്ട് പറഞ്ഞ വാദങ്ങളാണ് കോടതി പരിഗണിച്ചത്. എന്നാല്‍ വസ്തുത കോടതിയെ ബോധിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. ഇതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. താജുദ്ദീന്‍ വ്യക്തമാക്കുന്നു.
പറമ്പിക്കുളം മേഖല നിലവില്‍ തന്നെ ഇവിടെ ആനശല്യം രൂക്ഷമായ പ്രദേശമാണ്. വനമേഖലയില്‍ ആദിവാസികള്‍ മാത്രം താമസിക്കുന്ന 10 കോളനികള്‍ ഉള്‍പ്പെടെ മൂവായിരത്തിലധികം പേര്‍ താമസിക്കുന്ന ജനവാസമേഖലയാണിത്. അവിടേയ്ക്കാണ് അരിക്കൊമ്പനെ പോലൊരു ആനയെ എത്തിക്കുന്നത് ജനജീവിതതത്തെ ബാധിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ, അരിക്കൊമ്പന്‍ വിഷയത്തില്‍ നെന്മാറ എംഎല്‍എയുടെ നേതൃത്വത്തില്‍ ഇന്ന് നിര്‍ണായക യോഗം ചേരും. നിയമ നടപടിയുള്‍പ്പെടെയുള്ള കാര്യങ്ങളാണ് യോഗം പരിഗണിക്കുക. കോടതി വിധിക്ക് എതിരെ സ്വീകരിക്കേണ്ട നടപടികളില്‍ നിയമ വിദഗ്ദരുമായും ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.