ചിന്നക്കനാലിൽ നിന്ന് മാറ്റിയ കാട്ടാന, അരിക്കൊമ്പന്റെ വലതു കണ്ണിന് ഭാഗികമായി കാഴ്‌ചയില്ലെന്ന് വനംവകുപ്പ്. ആനയെ പിടികൂടി പെരിയാർ കടുവാ സങ്കേതത്തിലേക്ക് മാറ്റിയ നടപടികൾ വ്യക്തമാക്കി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചത്.
പെരിയാർ കടുവാ സങ്കേതത്തിൽ കോക്കാറ ഗേറ്റിൽ നിന്ന് 18 കിലോമീറ്റർ അകത്തേക്ക് മാറി ഉൾവനത്തിലാണ് അരിക്കൊമ്പനെ ഇറക്കിവിട്ടത്. മയക്കത്തിൽ നിന്ന് ഉണർത്താനായി മരുന്ന് നൽകിയ അരിക്കൊമ്പൻ ഏപ്രിൽ 30ന് പുലർച്ചെ 5.10 നാണ് മയക്കം വിട്ടുണർന്നത്. തുടർന്ന് 5.15 ന് അതിവേഗം ഉൾക്കാട്ടിലേക്ക് പോയെന്നും റിപ്പോർട്ടിൽ പറയുന്നു. റേഡിയോ കോളറിന്റെ സഹായത്തോടെ ആനയെ നിരീക്ഷിക്കുന്നുണ്ടെന്നും വനംവകുപ്പ് വ്യക്തമാക്കി.
പിടികൂടിയ സമയത്ത് രണ്ട് ദിവസത്തോളം പഴക്കമുള്ള മുറിവ് തുമ്പിക്കൈയിൽ കണ്ടെത്തിയിരുന്നു എന്ന് റിപ്പോർട്ടിലുണ്ട്. ചികിത്സ നൽകിയാണ് ആനയെ കാട്ടിലേക്ക് വിട്ടതെന്നും ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്റർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ആനയുടെ കഴുത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നനില്‍ നിന്ന് ബന്ധം വിച്ഛേദിക്കപ്പെട്ടത് ആശങ്കയായിരുന്നു. ഇത് പിന്നീട് പുനഃസ്ഥാപിച്ചു. നിലവില്‍ തമിഴ്‌നാട് അതിര്‍ത്തിയിലാണ് ആനയെന്നാണ് വിവരം. അരിക്കൊമ്പന്‍ വീണ്ടും ചിന്നക്കനാലിലെത്തിയേക്കാം എന്ന വിലയിരുത്തലിലാണ് വിദഗ്ധര്‍.