കമ്പം മേഖലയെ പരിഭ്രാന്തിയിലാക്കി അരിക്കൊമ്പൻ ജനവാസമേഖലയ്ക്ക് സമീപം തുടരുന്നു. ചുരുളി വനമേഖലയിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളതെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തല്‍. കമ്പത്തെ ജനവാസ മേഖലയില്‍ നിന്നും വിരണ്ടോടിയ അരിക്കൊമ്പന്‍ ക്ഷീണിതനായിരിക്കാമെന്നാണ് വനം വകുപ്പ് കരുതുന്നത്. തമിഴ്‌നാട്-കേരള വനം വകുപ്പുകളുടെ കര്‍ശന നിരീക്ഷണത്തിലാണ് ആന.
ഞായറാഴ്ച രാവിലെ മയക്കുവെടി വച്ച് ആനയെ ഉള്‍വനത്തിലേക്ക് അയക്കാനായിരുന്നു തമിഴ്‌നാട് വനം വകുപ്പിന്റെ തീരുമാനം. എന്നാല്‍ ആന ഉള്‍ക്കാട്ടിലേക്ക് പോയതോടെ നടപടി മാറ്റിവയ്ക്കുകയായിരുന്നു. ജനവാസമേഖലയിലേക്ക് ഇറങ്ങുകയാണെങ്കില്‍ മാത്രമേ മയക്കുവെടി വയ്ക്കാനാകൂ.
വനംവകുപ്പ് ഉദ്യോഗസ്ഥരും മൂന്ന് കുങ്കിയാനകളും മെഡിക്കല്‍ സംഘവും സ്ഥലത്ത് സജ്ജമാണ്. മയക്കുവെടി വയ്ക്കുകയാണെങ്കില്‍ അനിമല്‍ ആംബുലന്‍സില്‍ കയറ്റി വരശനാട് ഭാഗത്തേക്ക് കൊണ്ടുപോകാനാണ് തമിഴ്നാട് വനം വകുപ്പിന്റെ തീരുമാനം. ആനയുടെ തുമ്പിക്കൈയ്ക്ക് മുറിവേറ്റതിനാല്‍ ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്ത് മാത്രമേ മയക്കുവെടി അടക്കമുളള നടപടികളിലേക്ക് വനം വകുപ്പ് കടക്കുകയുള്ളൂ.