അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ ആദ്യഘട്ടം പ്രതിസന്ധിയിൽ. ആനയെ കണ്ടെത്തിയെങ്കിലും വെടിവയ്ക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കൂട്ടമായി ആനകൾ നിൽക്കുന്നതിനാലാണ് ദൗത്യസംഘത്തിന് അടുത്തേക്ക് ചെല്ലാൻ സാധിക്കാത്തത്. രണ്ട് തവണ പടക്കം പൊട്ടിച്ചിട്ടും ആറോളം ആനകളുടെ കൂട്ടത്തിൽ നിൽക്കുന്ന അരിക്കൊമ്പനെ ഒറ്റ തിരിക്കാൻ കഴിയാത്തതാണ് ഭൗത്യം നീളാൻ കാരണം. ആറ് മണിക്കും ഏഴുമണിക്കും ഇടയിൽ മയക്കുവെടി വയ്ക്കാൻ ആയിരുന്നു തീരുമാനം. എന്നാൽ ദൗത്യം നീളുന്നത് പ്രതിസന്ധിക്ക് ഇടയാക്കുന്നു.
ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ മയക്കുവെടി സംഘം സ്ഥലത്തുണ്ട്. ആനക്കൂട്ടത്തിന് നടുക്കായതിനാൽ വെടി വച്ചാല്‍ മറ്റ് ആനകള്‍ എങ്ങനെ പ്രതികരിക്കുമെന്ന് പറയാൻ സാധിക്കില്ല. അതോടൊപ്പം വണ്ടിയിലേക്ക് കയറ്റുന്നതിന് സൗകര്യമുളള സ്ഥലത്ത് നിന്ന് മാത്രമേ മയക്കുവെടി വയ്ക്കാന്‍ സാധിക്കുകയൂളളൂ. നിലവില്‍ വാഹനമെത്താന്‍ കഴിയാത്ത സ്ഥലത്താണ് ആന നില്‍ക്കുന്നത്. മയക്കുവെടി വയ്ക്കുന്നതിനായി കൃത്യമായി പൊസിഷന്‍ കാത്തിരിക്കുകയാണ് ദൗത്യസംഘം.
കൂടാതെ ചൂട് കൂടുന്നത് ആനയുടെ മയക്കം കുറയാന്‍ കാരണമാകുമെന്നതും ആശങ്കയാണ്.നേരത്തെ അഞ്ച് മയക്കുവെടികളെ അതിജീവിച്ചവനാണ് അരിക്കൊമ്പൻ ആനകളെ പടക്കം പൊട്ടിച്ച് മാറ്റിയാലും തിരിച്ച് വരുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. അരിക്കൊമ്പനെ പിടിക്കാൻ സമ്പൂർണ സജ്ജരായാണ് വനം വകുപ്പ് രംഗത്തുള്ളത്.
മൂന്ന് മണിവരെ മാത്രമേ മയക്കുവെടിവയ്ക്കാൻ നിലവിലെ നിയമം അനുവദിക്കുകയുളളൂ. ഇന്ന് തന്നെ ദൗത്യം നിര്‍വഹിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷയെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കാലാവസ്ഥ അനുകൂലമാണ്. അരിക്കൊമ്പൻ ഒറ്റയ്ക്കല്ല എന്നതാണ് പ്രശ്നം. അരിക്കൊമ്പനെ എങ്ങോട്ട് കൊണ്ടുപോകും എന്നത് പിടിച്ച ശേഷം വ്യക്തമാക്കുമെന്നും മന്ത്രി പ്രതികരിച്ചു.