KERALA

അരിക്കൊമ്പന്‍ വീണ്ടും കോടതിയിലേക്ക്; നെന്മാറ എംഎല്‍എ പുനഃപരിശോധനാ ഹര്‍ജി നല്‍കും

കവിത എസ് ബാബു

ചിന്നക്കനാലിലെ അരിക്കൊമ്പനെന്ന ആനയെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിൽ ഹൈക്കോടതിയിൽ എതിർപ്പറിയിച്ച് നെന്മാറ എം എൽ എ. കോടതി ഉത്തരവ് പ്രകാരം അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിൽ എതിർപ്പുണ്ടെന്ന് ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന ബെഞ്ച് മുൻപാകെ കെ ബാബു എം എൽ എ ഇന്ന് അഭിഭാഷകൻ മുഖേന അറിയിക്കുകയായിരുന്നു. ആനയെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിലെ എതിർപ്പ് ഹർജിയായി ഉന്നയിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ഇതു സംബന്ധിച്ച ഹർജി ബുധനാഴ്ച പരിഗണിക്കാമെന്ന് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ വ്യക്തമാക്കി. പറമ്പിക്കുളം മേഖലയില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിന് പിന്നാലെയാണ് പുനഃപരിശോധനാ ഹര്‍ജിയുമായി കോടതിയെ സമീപിക്കുന്നത്.

ആനയെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള വിദഗ്ധ സമിതി ശുപാര്‍ശ വസ്തുതകള്‍ പരിശോധിക്കാതെയാണ് എന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുക. എംഎല്‍എയ്ക്ക് പുറമെ മേഖലയിലെ ഊരുമൂപ്പന്‍മാരും കോടതിയെ സമീപിക്കും. ഹര്‍ജികളില്‍ പ്രദേശത്തെ ആറ് പഞ്ചായത്തുകളും കക്ഷി ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, അരിക്കൊമ്പനെ മാറ്റാനുള്ള തീരുമാനത്തിനെതിരെ ഇന്നും പ്രതിഷേധ സമരങ്ങള്‍ തുടരും.

പ്രായോഗികമായ രീതിയിൽ അല്ല ആനകളെ മാറ്റിപ്പാർപ്പിക്കുന്ന തീരുമാനം വന്നിട്ടുള്ളതെന്ന് നെന്മാറ എംഎല്‍എ കെ ബാബു ദ ഫോർത്തിനോട് പറഞ്ഞു. "ആനകളെ മാറ്റിപാർപ്പിക്കുമ്പോൾ മുൻ ആവാസകേന്ദ്രത്തിൽ നിന്നും കുറഞ്ഞത് 300 സ്ക്വയർ കി.മി എങ്കിലും ദൂരം ഉണ്ടായിരിക്കണം. എന്നാല്‍ ഇവിടെ അത് പാലിച്ചിട്ടില്ലെന്നത് വ്യക്തമാണ്. ആനയ്ക്ക് രണ്ടോ മൂന്നോ മണിക്കൂർ സഞ്ചരിച്ചാല്‍ വീണ്ടും മുന്‍ സ്ഥലത്തേക്ക് തിരിച്ചെത്താന്‍ സാധിക്കും. മൃഗങ്ങളെ സംരക്ഷിക്കുന്നതിന് എതിരല്ല. എന്നാല്‍ വനത്തിന്റെ ഉള്‍പ്രദേശമെന്ന് പറയുമ്പോഴും പറമ്പികുളത്താണ് ഏറ്റവും കൂടുതല്‍ ആദിവാസി ഊരുകള്‍ ഉള്ളതെന്ന കാര്യം മറന്നുപോകരുത്. അവരൊക്കെയും കാടിനെ ആശ്രയിച്ച് കഴിയുന്നവരാണ്. അരിക്കൊമ്പന്‍ വിഷയത്തിലേതുപോലെയുള്ള നടപടികള്‍ അവർക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കും. ആദിവാസികളുടെ സംരക്ഷണം ഉറപ്പാക്കാനാണ് ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹർജി സമർപ്പിക്കുന്നത്." അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പറമ്പിക്കുളത്ത് പ്രതിഷേധം ഉയര്‍ന്ന കാണാതിരിക്കാനാവില്ലെന്ന് വനം മന്ത്രി എകെ ശശീന്ദ്രനും പ്രതികരിച്ചിട്ടുണ്ട്. അരിക്കൊമ്പന്‍ ദൗത്യത്തില്‍ പ്രതിസന്ധിയുണ്ടെന്ന് വ്യക്തമാക്കി മനോരമ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അരിക്കൊമ്പനെ പിടിക്കാന്‍ കോടതി വിധിക്ക് കാത്തിരിക്കുകയാണ്. കോടതി ഇടപെട്ടില്ലെങ്കില്‍ കഴിഞ്ഞ 22 ന് മുന്‍പ് ആനയെ പിടികൂടുമായിരുന്നു. ആനയെ മാറ്റണമെങ്കില്‍ മയക്കുവെടി വയ്ക്കണം. ഇത് കോടതിയെ അറിയിച്ചിരുന്നു. എവിടെയ്ക്ക് കൊണ്ട് പോകണം എന്നതിലാണ് കോടതി വിധി പറഞ്ഞത്.

പറമ്പിക്കൂളത്തേക്ക് ആനയെ മാറ്റുന്നതിന് എതിരെ പ്രദേശവാസികള്‍ക്ക് ആശങ്കയുണ്ട്. എന്നാണ് കോടതി വിധിയെ പ്രക്ഷോഭങ്ങള്‍ കൊണ്ട് മറികടക്കാനാവില്ല. എന്നാല്‍ കോടതി വിധികളെ പ്രക്ഷോഭങ്ങള്‍ക്ക് സ്വാധീനിക്കാനാകും. പ്രതിഷേധങ്ങളോട് സര്‍ക്കാരിന് നിഷേധ നിലപാടില്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കരുത് എന്നതാണ് സര്‍ക്കാര്‍ നിലപാട്. പ്രദേശത്തുള്ളവര്‍ കോടതിയെ സമീപിച്ചാല്‍ സര്‍ക്കാര്‍ സാഹചര്യങ്ങള്‍ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ