ഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍ ഭീതി പടര്‍ത്തുന്ന അരിക്കൊമ്പന്‍ എന്ന കാട്ടാനയെ പിടികൂടി പറമ്പികുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവില്‍ ആശങ്കയില്‍ പ്രദേശവാസികള്‍. നിലവില്‍ തന്നെ ആനഭീതിയില്‍ കഴിയുന്ന മുതലമട പഞ്ചായത്തിന് സമീപത്തേക്ക് അരിക്കൊമ്പനെ കൂടി എത്തിക്കുന്നതോടെ ആശങ്ക വര്‍ധിപ്പിക്കുന്നതാണ് എന്നാണ് പ്രദേശവാസികളുടെ നിലപാട്. ഒരു തരത്തിലും അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. അരിക്കൊമ്പനെ പറമ്പികുളത്തേക്ക് കൊണ്ടുവരരുതെന്ന് നെന്മാറ എംഎല്‍എ കെ ബാബുവും ആവശ്യപ്പെട്ടു.
പറമ്പിക്കുളത്ത് നിരവധി റേഷന്‍കടകളും, പലചരക്ക് കടകളുമുണ്ട്. ആ സാഹചര്യം നിലനില്‍ക്കെ ആനയെ ഇവിടെ എത്തിക്കാനുള്ള തീരുമാനം പ്രദേശത്തെ ആദിവാസികളടക്കമുള്ളവരില്‍ ഭീതിയിലാക്കിയിരിക്കുകയാണെന്നും എംഎല്‍എ ദ ഫോര്‍ത്തിനോട് പ്രതികരിച്ചു. തീരുമാനത്തിനെതിരെ പ്രദേശത്തു നിന്നും വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. പ്രതിഷേധങ്ങളെ മുന്നില്‍ നിന്നും നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിപിഎസ് സാറ്റലൈറ്റ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന റേഡിയോ കോളറാണ് അരിക്കൊമ്പന് വേണ്ടത്. എന്നാല്‍ പറമ്പികുളത്ത് മൊബൈല്‍ ടവറുകള്‍ ഇല്ലാത്തത് ഇത്തരം സൗകര്യം ഉപയോഗിക്കുന്നതിന് വലിയ വെല്ലുവിളിയാകുമെന്നും എംഎല്‍എ വ്യക്തമാക്കി.
അരിക്കൊമ്പനെ പറമ്പിക്കുളത്തെത്തിക്കുന്നതിലുള്ള വിയോജിപ്പ് ചൂണ്ടിക്കാട്ടി നെന്മാറ എംഎല്‍എ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് എംഎല്‍എ സൂചനകള്‍ നല്‍കിയത്. ആവശ്യത്തിന് വെള്ളവും ഭക്ഷണവുമുണ്ട് എന്നതാണ് ആനയെ മാറ്റുന്നതിനായി പറമ്പിക്കുളത്ത തിരഞ്ഞെടുക്കാന്‍ കാരണമായി പറയുന്നത്. എന്നാല്‍ അത്തരമൊരു സാഹചര്യം നിലവില്‍ പറമ്പികുളത്തില്ലെന്നും, ഉണ്ടായിരുന്നെങ്കില്‍ കാട്ടാനകള്‍ നാട്ടില്‍ ഇറങ്ങില്ലായിരുന്നെന്നും എംഎല്‍എ വ്യക്തമാക്കി.
ഒരു നാട്ടിലെ ജനതയുടെ ജീവനും സ്വത്തിന് ഭീഷണിയാകുന്ന അരികൊമ്പനെ ഇവിടെ കൊണ്ടുവിടാനുള്ള നീക്കത്തിനെതിരെ ഏതറ്റംവരെയും പോകും
ഒരു നാട്ടിലെ ജനതയുടെ ജീവനും സ്വത്തിന് ഭീഷണിയാകുന്ന അരികൊമ്പനെ ഇവിടെ കൊണ്ടുവിടാനുള്ള നീക്കത്തിനെതിരെ ഏതറ്റംവരെയും പോകുമെന്നാണ് മുതലമട പഞ്ചായത്ത് ഭരണ സമിതിയുടെ നിലപാട്. അക്രമകാരിയെന്ന് തെളിയിച്ച അരികൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നത് വലിയ വിപത്തിന് വഴിവയ്ക്കുമെന്ന് മുതലമട പഞ്ചായത്ത് വൈസ് പ്രസിഡന്റ് താജുദീന്‍ ദ ഫോര്‍ത്തിനോട് പ്രതികരിച്ചു. ഇടുക്കിയില്‍ നിന്നും പറമ്പിക്കുളത്ത് എത്തിച്ച ആന പുതിയ സാഹചര്യവുമായി പൊരുത്തപ്പെട്ടില്ലെങ്കില്‍ അതിന്റെ ജീവന് പോലും ഭീഷണിയായേക്കുമെന്നും താജുദീന്‍ ചൂണ്ടിക്കാട്ടി.
അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്നും പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ഹൈക്കോടതി ഉത്തരവ് ബുധനാഴ്ചയാണ് പുറത്തുവന്നത്. പറമ്പിക്കുളം മുതുവരച്ചാല്‍ മേഖലയിലേക്ക് അരിക്കൊമ്പനെ മാറ്റണമെന്നും, ആനയെ മാറ്റാനുള്ള ഏറ്റവും അനുയോജ്യമായ സ്ഥലമാണിതെന്നും വിദഗ്ധ സമിതി കോടതിയെ അറിയിക്കുകയായിരുന്നു. ഈ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് അരിക്കൊമ്പനെ മയക്കു വെടിവെച്ച് പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാന്‍ ജസ്റ്റിസുമാരായ ജയശങ്കര്‍ നമ്പ്യാര്‍, പി.ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.
അരിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ച് വിടണമെന്ന് കോടതി തന്നെയാണ് നിര്‍ദേശിച്ചത്. അതേസമയം, ആനയെ പിടികൂടി ആന ക്യാംപിലിടുന്നതിനെ അനുകൂലിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈസ്റ്റര്‍ അവധിക്കുശേഷം ദൗത്യം നടപ്പാക്കാനാണ് പദ്ധതിയിടുന്നത്.