ശനിയാഴ്ച കമ്പം ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പനെ പിടിക്കാനായുളള തമിഴ്‌നാട് വനം വകുപ്പിന്റെ ദൗത്യം നടന്നേക്കില്ല. അരിക്കൊമ്പനെ സമീപപ്രദേശങ്ങളിലൊന്നും വനംവകുപ്പിന് കണ്ടെത്താനാകാത്തതിനെ തുടര്‍ന്നാണ് രക്ഷാ ദൗത്യത്തിന്റെ പിന്മാറ്റം. ചുരുളിപ്പെട്ടിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാറി ഉള്‍ക്കാട്ടിലേക്ക് ആന പോയതായാണ് വനം വകുപ്പിന്റെ നിഗമനം. ആനയെ ജനവാസമേഖലയില്‍ നിന്ന് മാറ്റാനുള്ള സജ്ജീകരണങ്ങൾ വനം വകുപ്പ് നടത്തിയിരുന്നു. കുങ്കിനായകളെയടക്കം കൊണ്ടുവന്ന് അരിക്കൊമ്പനെ മാറ്റാനായിരുന്നു പദ്ധതിയിട്ടിരുന്നത്.
ഇന്നലെ രാത്രി ചുരളിപ്പെട്ടി ഭാഗത്തായാണ് അരിക്കൊമ്പനുണ്ടായിരുന്നത്. കുങ്കിയാനകളെ എത്തിക്കാന്‍ വെെകിയതിനാലാണ് ഇന്നലെ രക്ഷാദൗത്യം മാറ്റിവച്ചത്. കമ്പത്ത് ഇന്നലെ പ്രഖ്യാപിച്ച നിരോധനാജ്ഞ നിലവില്‍ തുടരുകയാണ്. കമ്പം ജനവാസമേഖലയിലാകെ ആശങ്കയിലാക്കിയാണ് അരിക്കൊമ്പന്‍ യാത്ര തുടര്‍ന്നത്. ആനയെ പേടിച്ച് ഓടുന്നതിനിടയില്‍ രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും നിരവധി വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. നഗരത്തില്‍ ഭീതി പടർത്തി നിലയുറപ്പിച്ച ആനയെ തിരികെ കാട്ടിലേക്ക് കയറ്റിവിടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നാലെയാണ് അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാന്‍ തമിഴ്‌നാട് വനം വകുപ്പ് ഉത്തരവിട്ടത്.
ചിന്നക്കനാലില്‍ നിന്നും പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പന്‍ കൊണ്ടുപോയ വഴിയിലൂടെ തന്നെ തിരിച്ച് വരാനായാണ് ശ്രമിക്കുന്നത്. കമ്പത്ത് നിന്നും ചിന്നക്കനാലിലേക്ക് ഏകദേശം 88 കിലോമീറ്റര്‍ ദൂരമാണുള്ളത്.