ചിന്നക്കനാലിനെ ഭീതിയിലാഴ്ത്തിയ അരിക്കൊമ്പന് ഇനി പെരിയാര്‍ കടുവാസങ്കേതത്തില്‍ സ്വൈര്യ വിഹാരം. പെരിയാര്‍ കടുവ സങ്കേതത്തിലെ ഉള്‍ വനത്തില്‍ പുലര്‍ച്ചെ നാലുമണിയോടെ അരിക്കൊമ്പനെ തുറന്നുവിട്ടു. ആന ആരോഗ്യവാനാണെന്നും ശരീരത്തിലെ മുറിവുകള്‍ പ്രശ്നമുള്ളതല്ലെന്നും ഡോക്ടര്‍മാരുടെ സംഘം വിലയിരുത്തി. അരിക്കൊമ്പന്റെ ശരീരത്തില്‍ ഘടിപ്പിച്ച റേഡിയോ കോളര്‍ സംവിധാനം വഴിയുള്ള സിഗ്നലുകള്‍ ലഭിച്ചു തുടങ്ങി. അടുത്ത രണ്ട് ദിവസം ആന പൂര്‍ണമായും വാച്ചര്‍മാരുടെ നിരീക്ഷണത്തില്‍ തുടരും.
രാത്രിയേറെ വൈകിയാണ് ദൗത്യ സംഘം പെരിയാര്‍ കടുവാ സങ്കേതത്തില്‍ എത്തിയത്. ജനവാസ മേഖലയ്ക്ക് 23 കിലോമീറ്റര്‍ അകലെ സീനിയറോഡയിലാണ് അരിക്കൊമ്പനെ തുറന്ന് വിട്ടത്. ആനയുടെ നീക്കങ്ങള്‍ ജിപിഎസ് കോളറില്‍ നിന്നും ലഭിക്കുന്ന സിഗ്‌നല്‍ വഴി അറിയാനാകും.
ആനയെ തിരികെ ഇറക്കുന്നതിന് യാതൊരു ബുദ്ധിമുട്ടും നേരിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചിന്നക്കനാലില്‍ നിന്ന് ഏകദേശം 105 കി.മി ദൂരത്തേക്കാണ് ഇപ്പോള്‍ അരിക്കൊമ്പനെ മാറ്റിയിരിക്കുന്നത്. പെരിയാര്‍ കടുവ സങ്കേതം വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ഇനി ആനയെ നിരീക്ഷിക്കുക. ഉള്‍വനത്തില്‍ ആയതിനാല്‍ ജനവാസ മേഖലയിലേക്ക് ആന തിരികെ എത്തില്ലെന്നാണ് കണക്ക് കൂട്ടല്‍.
വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ചയാണ് 'മിഷന്‍ അരിക്കൊമ്പന്‍' ആരംഭിച്ചത്. എന്നാല്‍ ആദ്യ ദിനം ആനയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ശനിയാഴ്ചയാണ് ദൗത്യം പൂര്‍ത്തീകരിച്ചത്. ശനിയാഴ്ച 11.57ന് അരിക്കൊമ്പന് ആദ്യ മയക്കുവെടി നല്‍കി. തുടര്‍ന്ന് കൃത്യമായി ഇടവേളകളില്‍ 4 ബൂസ്റ്റര്‍ ഡോസുകള്‍ കൂടി നല്‍കി. പിന്നീട് കുങ്കിയാനകളെയിറക്കി അരിക്കൊമ്പനു ചുറ്റും ദൗത്യസംഘം നിലയുറപ്പിച്ചു. പിന്നീട് ഏറെ സമയമെടുത്താണ് ആനയെ വണ്ടിയില്‍ കയറ്റാനായത്.
ചിന്നക്കനാലില്‍ നിന്നും നൂറിലധകം കിലോമീറ്ററോളം അകലെ പെരിയാര്‍ വന്യ ജീവി സങ്കേതതത്തിലേക്ക് എത്തിയ അരിക്കൊമ്പനെ പൂജയുള്‍പ്പെടെ നടത്തിയാണ് പ്രദേശവാസികള്‍ കടത്തിവിട്ടത്.