അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതികളായ പി ജയരാജനേയും ടി വി രാജേഷിനേയും കുറ്റവിമുക്തരാക്കരുതെന്നാവശ്യപ്പെട്ട് ഷുക്കൂറിന്റെ മാതാവ് ആതിക കോടതിയിൽ എതിർവാദം രേഖാമൂലം സമർപ്പിച്ചു. പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കുന്നതിനുള്ള സാക്ഷികളുണ്ടെന്ന് എതിർവാദത്തിൽ വ്യക്തമാക്കുന്നു.
ഗൂഢാലോചനയിൽ പങ്കെടുത്ത ചിലർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. ജയരാജന്റെയും ടി വി രാജേഷിന്റെയും പങ്ക് തെളിയിക്കുന്ന ഫോൺ രേഖകൾ, സാക്ഷിമൊഴികൾ, സാഹചര്യത്തെളിവുകൾ എന്നിവയുണ്ടെന്നും ആതിക കോടതിയെ അറിയിച്ചു.
എറണാകുളം സിബിഐ കോടതിയിൽ അഡ്വ. മുഹമ്മദ് ഷാ മുഖാന്തരം നൽകിയ ഹർജിയിലാണ് വിശദീകരണം നൽകിയത്. കേസിൽ 33 പ്രതികളുള്ളതിൽ ഒന്നു മുതൽ 27 വരെ പ്രതികൾ ഷുക്കൂറിനെ തട്ടികൊണ്ടുപോയി തടഞ്ഞുവച്ച് കൊലപ്പെടുത്തിയ സംഘത്തിലുള്ളവരാണ്.
28 മുതൽ 33 വരെയുള്ള പ്രതികൾ സംഭവത്തിന് തൊട്ടുമുൻപ് ആശുപത്രിയിലുണ്ടായിരുന്നു. ഇത് ടി വി രജേഷും പി ജയരാജനും സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളുമായിരുന്നു. 28, 29 പ്രതികൾ ആശുപത്രിയിൽ നിന്നും ഷുക്കൂറിന്റെ അടുത്തെത്തി കൊലപാതകത്തിൽ പങ്കാളികളായി. ആശുപത്രിയിൽ വച്ചുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് കൊലപാതകം നടത്തിയത്. ഇതിന് ക്യത്യമായ തെളിവും സാക്ഷി മൊഴികളുമുണ്ട്. ഈ സാഹചര്യത്തിൽ പ്രതികളെ കുറ്റവിമുക്തരാക്കരുതെന്നാണ് ആതികയുടെ ആവശ്യം.
കേസിൽ കുറ്റവിമുക്തനാക്കണമെങ്കിൽ സെക്ഷൻ 227 അനുസരിച്ച് പ്രഥമദ്യഷ്ടാ വിചാരണ നടത്താൻ തെളിവുണ്ടോയെന്നാണ് പരിശോധിക്കേണ്ടതെന്നും, ഈ കേസിൽ വിചാരണ നടത്താനുള്ള തെളിവുകളുണ്ടെന്നും ആതിക കോടതിയെ അറിയിച്ചു.
2012 ഫെബ്രുവരി 20നാണ് യൂത്ത് ലീഗ് പ്രവർത്തകനായ ഷുക്കൂർ കൊല്ലപ്പെട്ടത്. ടി വി രാജേഷും പി ജയരാജനും സഞ്ചരിച്ചിരുന്ന കാറിനുനേരെ മുസ്ലിംലീഗ് പ്രവർത്തകർ ആക്രമണം നടത്തിയതിലുള്ള പക പോക്കാനായി സിപിഎം പ്രവർത്തകർ ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.