കര്‍ണാടകയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ മലയാളി അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ ഏഴാം ദിവസത്തലേക്ക്. സൈന്യത്തിന്‌റെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സൈന്യത്തിന്‌റെ നേതൃത്വത്തില്‍ കരയിലും ഗംഗാവലി പുഴയിലും ഇന്ന് തിരച്ചില്‍ നടക്കും. ഇന്നലെ മലയിടിഞ്ഞ് റോഡില്‍ വീണ മണ്ണ് ഭൂരിഭാഗവും നീക്കി പരിശോധന നടത്തിയെങ്കിലും അര്‍ജുന്‌റെ ലോറി കണ്ടെത്താന്‍ സാധിച്ചില്ല. ഈ സാഹചര്യത്തില്‍ വാഹനം പുഴയിലുണ്ടാകാനുള്ള സാധ്യത പരിഗണിച്ച് സൈന്യത്തിന്‌റെ ശക്തികൂടിയ റഡാര്‍ ഉപയോഗിച്ചാണ് ഇന്നത്തെ പരിശോധന. ഗംഗാവാലി പുഴയിലെ മണ്‍കൂന നീക്കിയുള്ള പരിശോധനയും ഇന്ന് നടക്കും. സംശയമുള്ള സ്ഥലങ്ങള്‍ കുഴിച്ചുള്ള പരിശോധനയും ഉണ്ടാകും. ഇതിനിടെ അര്‍ജുന്‌റെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുക.
തിരച്ചിലിന് സഹായകമാകുന്ന ഐഎസ്ആര്‍ഒയുടെ ചിത്രങ്ങളും ഇന്ന് ലഭിക്കും. മണ്ണിടിച്ചിലിന് പത്ത് മിനിറ്റ് മുമ്പുള്ള കരയുടെ ദൃശ്യമാണ് ലഭിക്കുക. നദിക്കരയില്‍ ഏതൊക്കെ വാഹനങ്ങല്‍ നിര്‍ത്തിയിട്ടും എന്ന വിവരം ഇതിലൂടെ അറിയാന്‍ സാധിക്കും. വാഹനം പുഴയിലുണ്ടാകാനാണ് സാധ്യതയെന്നാണ് ജില്ലാകളക്ടര്‍ ലക്ഷ്മിപ്രിയ വ്യക്തമാക്കിയിരിക്കുന്നത്. അര്‍ജുന്‌റെ വാഹനം കരയിലുണ്ടാകാന്‍ 99 ശതമാനവും സാധ്യതയില്ലെന്നും അവര്‍ പറഞ്ഞു.
പുഴയിലേക്ക് ട്രക്ക് പതിച്ചിരിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ഭരണകൂടം പുഴയില്‍ തിരച്ചില്‍ നടത്തുന്നത്. മണ്ണിടിച്ചില്‍ ഉണ്ടായ സമയത്ത് വലിയ അളവില്‍ മണ്ണ് പുഴയില്‍ വീണിട്ടുണ്ട്. പുഴയ്ക്ക് മുകളില്‍ ഇത്തരത്തില്‍ മണ്‍കൂനകളും രൂപപ്പെട്ടിട്ടുണ്ട്. ഈ സാധ്യത മുന്നില്‍ക്കണ്ട് ഗംഗാവലി പുഴയില്‍ സ്‌കൂബ ഡൈവേഴ്‌സ് തിരച്ചില്‍ നടത്തുന്നുണ്ട്. പുഴയിലെ പരിശോധനയ്ക്കായി നാവികസേന കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കും.
അതേസമയം, തിരച്ചിലിനായി മുക്കത്തുനിന്ന് 30 അംഗ റസ്‌ക്യൂടീമും ഷിരൂരിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. എന്‌റെ മുക്കം, കര്‍മ ഓമശേരി, പുല്‍പറമ്പ് രക്ഷാസേന എന്നീ സംഘടനകളിലെ അംഗങ്ങളാണ് ഷിരൂരിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. അര്‍ജുനെ കണ്ടെത്തുംവരെ തിരച്ചില്‍ തുടരുമെന്ന് എ കെ രാഘവന്‍ എംപി പറഞ്ഞു.
പതിനാറാം തീയതിയായിരുന്നു ദേശീയപാത 66-ല്‍ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചിരുന്നു. കാര്‍വാര്‍ - കുംട്ട റൂട്ടില്‍ നാലുവരിപ്പാത വികസിപ്പിക്കാനുള്ള പണികള്‍ നടക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. പാതയുടെ ഒരുവശം കുന്നും മറുവശം ഗംഗാവല്ലി നദിയുമാണ്. അപകടസമയത്ത് ഇവിടെ നിര്‍ത്തിയിട്ട ഇന്ധന ടാങ്കര്‍ ഉള്‍പ്പടെ നാല് ലോറികള്‍ ഗാംഗാവല്ലി നദിയിലേക്കു തെറിച്ചുവീണു ഒഴുകിയിരുന്നു.
അപകടത്തിന്റെ വാര്‍ത്തകള്‍ കേട്ടതിന് പിന്നാലെ ജിപിഎസ് പരിശോധിച്ചപ്പോഴാണ് മരം കയറ്റി വരികയായിരുന്ന അര്‍ജുന്റെ ലോറിയും മണ്ണിനടിയിലാണെന്ന വിവരം കുടുബം അറിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കളില്‍ ചിലര്‍ അപകട സ്ഥലത്തേക്ക് പോയി രക്ഷാപ്രവര്‍ത്തകര്‍ക്ക് ജിപിഎസ് വിവരങ്ങള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന്, വിവരം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള ഇടപെടല്‍ ഉണ്ടായതിന് ശേഷമാണ് ഗൗരവതരമായ തിരച്ചില്‍ ആരംഭിച്ചത്. പ്രതികൂല കാലാവസ്ഥയായതിനാല്‍ രക്ഷാപ്രവര്‍ത്തനം തുടക്കത്തില്‍ മന്ദഗതിയിലായിരുന്നു.