കര്‍ണാടകയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ മലയാളി അര്‍ജുനുവേണ്ടിയുള്ള തിരച്ചിലില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടാതെ സുപീംകോടതി. കര്‍ണാടക ഹൈക്കോടതിയെ ഉടന്‍ സമീപിക്കാനാണ് നിര്‍ദേശം. വിഷയം ഉടന്‍ പരിഗണിക്കാന്‍ ഹൈക്കോടതി ചീഫ്ജസ്റ്റിസിന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേ സമയം അര്‍ജുനായുള്ള തിരച്ചില്‍ ഏഴാം ദിവസം തുടരവേ കരയിലെ പരിശോധയില്‍ രണ്ടിടങ്ങളില്‍ റഡാര്‍ സിഗ്നല്‍ ലഭിച്ചിരുന്നു. ഡീപ് സെര്‍ച്ച് ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ലോഹസാന്നിധ്യമുണ്ടെന്ന സൂചന ലഭിച്ചതായാണ് വിവരം. അര്‍ജുന്‌റെ മൊബൈല്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്താണ് ഇപ്പോള്‍ ലോഹസാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.
ഇവിടെ സൈന്യം പരിശോധന തുടരുന്നുണ്ടെങ്കിലും യന്ത്രഭാഗത്തിന്‌റെയോ വാഹനത്തിന്‌റേതോ ആയി കരുതുന്ന ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിവരം. പകരം കൂടുതല്‍ പാറക്കല്ലുകളാണ് ഈ ഭാഗത്തുനിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നദിയുടെ ഭാഗത്തും റഡാര്‍ പരിശോധന തുടരുന്നുണ്ട്.
അതേസയമം, ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് അര്‍ജുന്റെ വാഹനം വരുന്ന സിസിടിവി ദൃശ്യങ്ങള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലംവിട്ട് ലോറി പോയിട്ടില്ലെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.
വാഹനം പുഴയിലുണ്ടാകാനാണ് സാധ്യതയെന്നാണ് ജില്ലാകളക്ടര്‍ ലക്ഷ്മിപ്രിയ വ്യക്തമാക്കിയിരിക്കുന്നത്. അര്‍ജുന്‌റെ വാഹനം കരയിലുണ്ടാകാന്‍ 99 ശതമാനവും സാധ്യതയില്ലെന്നും അവര്‍ പറഞ്ഞു. പുഴയിലേക്ക് ട്രക്ക് പതിച്ചിരിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ഭരണകൂടം പുഴയില്‍ തിരച്ചില്‍ നടത്തുന്നത്. മണ്ണിടിച്ചില്‍ ഉണ്ടായ സമയത്ത് വലിയ അളവില്‍ മണ്ണ് പുഴയില്‍ വീണിട്ടുണ്ട്.
അതേസമയം, തിരച്ചിലിനായി മുക്കത്തുനിന്ന് 30 അംഗ റസ്‌ക്യൂടീമും ഷിരൂരിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. എന്‌റെ മുക്കം, കര്‍മ ഓമശേരി, പുല്‍പറമ്പ് രക്ഷാസേന എന്നീ സംഘടനകളിലെ അംഗങ്ങളാണ് ഷിരൂരിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. അര്‍ജുനെ കണ്ടെത്തുംവരെ തിരച്ചില്‍ തുടരുമെന്ന് എ കെ രാഘവന്‍ എംപി പറഞ്ഞു.
പതിനാറാം തീയതിയായിരുന്നു ദേശീയപാത 66-ല്‍ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചിരുന്നു. കാര്‍വാര്‍ - കുംട്ട റൂട്ടില്‍ നാലുവരിപ്പാത വികസിപ്പിക്കാനുള്ള പണികള്‍ നടക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. പാതയുടെ ഒരുവശം കുന്നും മറുവശം ഗംഗാവല്ലി നദിയുമാണ്. അപകടസമയത്ത് ഇവിടെ നിര്‍ത്തിയിട്ട ഇന്ധന ടാങ്കര്‍ ഉള്‍പ്പടെ നാല് ലോറികള്‍ ഗാംഗാവല്ലി നദിയിലേക്കു തെറിച്ചുവീണു ഒഴുകിയിരുന്നു.
അപകടത്തിന്റെ വാര്‍ത്തകള്‍ കേട്ടതിന് പിന്നാലെ ജിപിഎസ് പരിശോധിച്ചപ്പോഴാണ് മരം കയറ്റി വരികയായിരുന്ന അര്‍ജുന്റെ ലോറിയും മണ്ണിനടിയിലാണെന്ന വിവരം കുടുബം അറിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കളില്‍ ചിലര്‍ അപകട സ്ഥലത്തേക്ക് പോയി രക്ഷാപ്രവര്‍ത്തകര്‍ക്ക് ജിപിഎസ് വിവരങ്ങള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന്, വിവരം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള ഇടപെടല്‍ ഉണ്ടായതിന് ശേഷമാണ് ഗൗരവതരമായ തിരച്ചില്‍ ആരംഭിച്ചത്. പ്രതികൂല കാലാവസ്ഥയായതിനാല്‍ രക്ഷാപ്രവര്‍ത്തനം തുടക്കത്തില്‍ മന്ദഗതിയിലായിരുന്നു.