KERALA

സൈന്യം നിർമിക്കുന്നത് 85 അടി നീളമുള്ള ബെയ്‌ലി പാലം, സാമഗ്രികള്‍ കര-വ്യോമ മാർഗം എത്തിക്കും; മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനം വേഗത്തിലാകും

വെബ് ഡെസ്ക്

ഉരുള്‍പൊട്ടലില്‍ പൂർണമായും ഇല്ലാതായ മുണ്ടക്കൈ ഗ്രാമത്തിലെ രക്ഷാപ്രവർത്തനം ഊർജിതമാക്കുന്നതിനായുള്ള നടപടിയുമായി കേന്ദ്ര-സംസ്ഥാൻ സർക്കാർ. ചൂരല്‍മലയേയും മുണ്ടക്കൈയേയും ബന്ധിപ്പിക്കുന്ന പാലം തകർന്നതായിരുന്നു ഇന്നലെ രക്ഷാപ്രവർത്തനത്തിന് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചത്. ഇത് പരിഹരിക്കുന്നതിനായി ഇന്ന് സൈന്യത്തിന്റെ നേതൃത്വത്തില്‍ താല്‍ക്കാലിക പാലം നിർമിക്കും. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരിക്കും ഇത് സാധ്യമാകുക എന്നതാണ് റവന്യമന്ത്രി കെ രാജൻ നല്‍കുന്ന വിവരം.

താല്‍ക്കാലിക പാലം നിർമിക്കുന്നതിനാവശ്യമായ നിർമാണ സാമഗ്രികള്‍ കര-വ്യോമമാർഗങ്ങള്‍ ഉപയോഗിച്ചായിരിക്കും എത്തിക്കുക. 85 അടി നീളമുള്ള പാലം നിർമിക്കാനാണ് പദ്ധതി. അത്യാവശ്യ സാധാനങ്ങള്‍ എത്തിക്കാനുള്ള ചെറുവാഹനങ്ങള്‍ക്കും മണ്ണുമാന്തി യന്ത്രത്തിനും കടന്നുപോകാനാകുന്ന വിധത്തിലായിരിക്കും നിർമാണം. നിലവില്‍ ഉരുള്‍പൊട്ടിയ പ്രദേശത്ത് കാലാവസ്ഥ അനുകൂലമാണ്, ഇത് പ്രതികൂലമായാല്‍ പാലം നിർമാണം എത്തരത്തിലാകുമെന്നതില്‍ വ്യക്തതയില്ല.

കഴിഞ്ഞ ദിവസം പാലം തകർന്ന നിലയിലായതുകൊണ്ട് 12 മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു രക്ഷാപ്രവർത്തകർക്ക് മുണ്ടക്കൈയിലേക്ക് എത്താന്‍പോലും സാധിച്ചത്. 150ഓളം വരുന്ന രക്ഷാപ്രവർത്തകരാണ് നിലവില്‍ മുണ്ടക്കൈയിലെത്തിയിരിക്കുന്നത്. പൂർണമായും ഇല്ലാതായ പ്രദേശത്ത് ചെറിയ ആയുധങ്ങള്‍ മാത്രമുപയോഗിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. മണ്ണിനടിയിലായ വീടുകള്‍ കണ്ടെത്തുക എന്നത് തന്നെ പ്രയാസകരമായ കാര്യമാണ്.

കണ്ടെത്തിയ വീടുകളുടെ കോണ്‍ക്രീറ്റ് ഭിത്തികള്‍ പൊളിച്ചാണ് രക്ഷാപ്രവർത്തനം. രക്ഷാപ്രവർത്തനത്തിന് എത്തിയവർക്ക് പലർക്കും നിലയുറപ്പിക്കാൻ പോലും കഴിയാത്ത വിധമാണ് പ്രദേശത്ത് ചെളിനിറഞ്ഞിരിക്കുന്നത്. നടക്കാനും നില്‍ക്കാനും ബുദ്ധിമുട്ടാണെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത് നിന്ന് അറിയുന്ന വിവരം. വീടുകള്‍ മാത്രമല്ല, തോട്ടം തൊഴിലാളികള്‍, വിനോദസഞ്ചാരികള്‍ എന്നിവരെയെൊന്നും സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.

എൻഡിആർഎഫിന്റെ നേതൃത്വത്തിലാണ് വിശദമായ പരിശോധന നടത്തുന്നത്. മനുഷ്യരുടെ അവശേഷിപ്പുണ്ടോയെന്ന് കണ്ടെത്താനുള്ള ശ്രമമാണ് തീവ്രമായി നടക്കുന്നത്. മുണ്ടക്കൈയുടെ നിലവിലെ അവസ്ഥയില്‍നിന്ന് രക്ഷാപ്രവർത്തനം ദിവസങ്ങളോളം നീണ്ടേക്കുമെന്നാണ് മനസിലാകുന്നത്.

മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ രണ്ടാം ദിവസം രക്ഷാപ്രവർത്തനം തുടരുകയാണ്. 156 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ വാർത്ത അപ്ഡേറ്റ് ചെയ്യപ്പെട്ട 09:15ലെ കണക്കാണിത്. 148 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. ഓരോ മണിക്കൂറിലും മരിച്ചവരുടെ എണ്ണം കൂടുകയാണ്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്