കോഴിക്കോട് എലത്തൂരിൽ ട്രെയ്നിൽ തീവച്ച കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ മൊഴിയിൽ വൈരുധ്യമുള്ളതിനാൽ വിശദമായ ചോദ്യം ചെയ്യൽ നടന്നുവരികയാണ്. ഇതിനിടെ, മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് ഷാറൂഖ് സെയ്ഫിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. കരളിന്റെ പ്രവർത്തനം ചെറിയ രീതിയിൽ തകരാറിലാണെന്ന് ഡോക്ടർമാർ പറഞ്ഞു . രക്ത പരിശോധനയിൽ ചില കാര്യങ്ങളിൽ സംശയമുണ്ടായതിനാലാണ് പ്രതിക്ക് വീണ്ടും വിശദമായ പരിശോധന നടത്തിയത്.
തീവ്രവാദ ബന്ധമടക്കമുള്ള കാര്യങ്ങള്‍ ഇപ്പോൾ പറയാറായിട്ടില്ലെന്ന് ഡിജിപി അനിൽ കാന്ത് നേരത്തെ പ്രതികരിച്ചിരുന്നു. കൃത്യത്തിന് പിന്നിൽ ഒരാൾ മാത്രമാണോ എന്നത് ഉറപ്പിക്കണം. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്നത് ചോദ്യം ചെയ്യലിന് ശേഷം വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ട്രെയിനിന് തീവച്ചത് ഒറ്റയ്ക്കാണെന്നും, വേറെ ആർക്കും കുറ്റകൃത്യത്തിൽ പങ്കില്ലെന്നുമാണ് ഷാരൂഖ് സെയ്ഫിയുടെ മൊഴി.
എന്നാൽ, മഹാരാഷ്ട്ര എടിഎസ് ചോദ്യം ചെയ്ത സമയത്ത് ആക്രമണം ആസൂത്രിതമെന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്. ഇത്തരത്തിൽ മൊഴികളിൽ വൈരുധ്യമുള്ളതിനാൽ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം. ദിവസങ്ങളായി കേരളത്തിന്റെ ഉറക്കം കെടുത്തിയ സംഭവമായിരുന്നു എലത്തൂരിലേത്. ഏപ്രിൽ രണ്ട് ഞായറാഴ്ച രാത്രി 9.07ന് കണ്ണൂര്‍ ഭാഗത്തേക്ക് പോയ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് എലത്തൂര്‍ കോരപ്പുഴ പാലത്തില്‍ എത്തിയപ്പോഴായിരുന്നു അക്രമം. കയ്യിലെ കുപ്പിയില്‍ കരുതിയിരുന്ന ഇന്ധനം യാത്രക്കാര്‍ക്ക് നേരെ ഒഴിച്ചശേഷം പ്രതി തീയിടുകയായിരുന്നു. ഇതോടെ പരിഭ്രാന്തരായി പുറത്തേക്ക് ചാടിയ മൂന്ന് പേർ മരിക്കുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കേസില്‍ നിര്‍ണായക തെളിവായ അക്രമിയുടെ ബാഗ് എലത്തൂരിന് സമീപത്തെ ട്രാക്കില്‍നിന്ന് കണ്ടെടുത്തിരുന്നു. ഇതിൽനിന്ന് വസ്ത്രങ്ങള്‍, ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ലഘുലേഖകള്‍, ഒരു കുപ്പിയില്‍ ഇന്ധനം, സ്റ്റിക്കി നോട്ടുകള്‍ എന്നിവ കണ്ടെടുത്തു. സ്റ്റിക്കി നോട്ടുകളില്‍ വിവിധ സ്ഥലങ്ങളുടെ പേരുകളും എഴുതിചേര്‍ത്തതായി കണ്ടെത്തി.
പിന്നാലെ കേസന്വേഷണം കേരളത്തിന് പുറത്തും വ്യാപിപ്പിച്ചതോടെയാണ് പ്രതിക്ക് പിടിവീണത്. മഹാരാഷ്ട്രയിൽ നിന്ന് ഷാരൂഖ് സെയ്ഫി പിടിയിലാകുകയായിരുന്നു. രത്‌നാഗിരിയിലെത്തിയ പ്രതി ഫോണ്‍ ഓണാക്കിയതാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായത്. ഫോണിലേക്ക് സന്ദേശം വന്നതായി കണ്ടതോടെ ലൊക്കേഷന്‍ അടിസ്ഥാനമാക്കി തിരച്ചിൽ തുടരുന്നതിനിടെയാണ് റെയില്‍വേ സ്റ്റേഷനിൽ വച്ച് പിടികൂടുന്നത്.