ഒരു കേസിൽ തന്നെ ഒരാളെ എത്ര തവണ അറസ്റ്റ് ചെയ്യാം? ഒരു തവണയെന്നതാണ് ചട്ടം. കുറ്റവാളികൾക്കും നിയമം നൽകുന്ന സ്വാഭാവിക നീതിയാണ് ഇത്. എന്നാൽ ഒരേ കേസിൽ ഒന്നിലധികം തവണ അറസ്റ്റ് നേരിടേണ്ടി വന്നു കഴക്കൂട്ടം സ്വദേശി കൃഷ്ണ പ്രകാശിന്. എക്സൈസിന്റെതാണ് ഈ കടുംകൈ. നിയമാനുസൃതമാല്ലാത്ത നടപടിയിൽ ഇടപെട്ട് ജാമ്യം അനുവദിച്ചിരിക്കുകയാണ് കോടതി. അറസ്റ്റ് നിയമാനുസൃതം അല്ലാത്തമല്ലെന്നും ക്രിമിനല്‍ നടപടി ചട്ടത്തില്‍ കാണാത്ത വിചിത്ര രീതിയിലുള്ളതെന്നും നിരീക്ഷിച്ച് കൊണ്ടാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് മോഹന്റെ നടപടി.
അബ്കാരി കേസുമായി ബന്ധപ്പെട്ടാണ് കഴക്കൂട്ടം എക്‌സൈസ് ഒരേ കേസിലെ പ്രതിയെ രണ്ടു തവണ അറസ്റ്റ് ചെയ്തത്. കഴക്കൂട്ടത്തെ വീട്ടില്‍ മൂന്ന് ലിറ്റര്‍ മദ്യം സൂക്ഷിച്ച കേസിലാണ് കഴക്കൂട്ടം എക്‌സൈസിന്റെ നടപടി. ആദ്യം ഇരിങ്ങാലക്കുട സബ് ജയിലില്‍ എത്തിയും പിന്നീട് പുറത്തുനിന്നുമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2022 ഡിസംബർ എട്ടിനായിരുന്നു ആദ്യ അറസ്റ്റ് , അഞ്ച് ദിവസത്തിന് ശേഷം ഡിസംബർ 13 ന് വീണ്ടും അറസ്റ്റ് ചെയ്തു. എക്സൈസിന്റെ ഈ വിചിത്ര നടപടിയിലാണ് കോടതി ഇടപെട്ടതും ഉപാധികളോടെ ജാമ്യം അനുവദിച്ചതും. എക്‌സൈസ് സംഘത്തിന്റെ നടപടി ചട്ടവിരുദ്ധവും നിയമ സംവിധാനത്ത് വെല്ലുവിളിക്കുന്നതിന് തുല്യവുമാണ് എന്ന പ്രതിയുടെ അഭിഭാഷകന്‍ ജിമ്മി കിഷോര്‍ കുമാറിന്റെ വാദങ്ങള്‍ പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. സാഹചര്യം ഇനിമേല്‍ വരാതിരിക്കുവാന്‍ എക്‌സൈസ് അധികൃതര്‍ ശ്രദ്ധിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.
2022 ജൂലൈ 25 ന് ഇരിങ്ങാലക്കുടയില്‍ വെച്ച് പ്രതി കൃഷ്ണ പ്രകാശിനെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 3,000 ലിറ്റര്‍ മദ്യം കൈവശംവെച്ച കേസിലായിരുന്നു അറസ്റ്റ്. പ്രതിയെ ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ പ്രതിക്ക് 2022 ആഗസ്റ്റ് 24ന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രതിക്കെതിരെ ഒരു അബ്കാരി കേസ് ഉണ്ടെന്ന് ഈ ഉത്തരവിൽ കോടതി പരാമര്‍ശിച്ചിരുന്നു.
ഹൈക്കോടതി ജാമ്യം അനുവദിച്ച കേസില്‍ ഇരിങ്ങാലക്കുട എക്‌സൈസ് സംഘം വീണ്ടും കൃഷ്ണ പ്രകാശിനെ അറസ്റ്റ് ചെയ്തു. 2022 ഒക്ടോബര്‍ 30നായിരുന്നു അറസ്റ്റ്. തുടര്‍ന്ന് ഈ കേസില്‍ കൃഷ്ണ പ്രകാശിനെ് കോടതി റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിനിടെയാണ് കൃഷ്ണ പ്രകാശിന്റെ കഴക്കൂട്ടത്തുള്ള വീട്ടില്‍ മൂന്ന് ലിറ്റര്‍ മദ്യം സൂക്ഷിച്ച കേസില്‍ കഴക്കൂട്ടം എക്‌സൈസ് സബ് ഇന്‍സ്പെക്ടറുടെ സംഘം കേസ് എടുക്കുകയും ഇരിങ്ങാലക്കുട സബ് ജയിലില്‍ എത്തി ആദ്യം അറസ്റ്റ് രേഖപ്പെടുത്തിയതും.
ഇരിങ്ങാലക്കുടയിലെ എക്സൈസ് കേസിലും കൃഷ്ണ പ്രകാശ് ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി. എന്നാല്‍ വീട്ടിൽ മദ്യം സൂക്ഷിച്ച കേസിൽ കഴക്കൂട്ടം എക്‌സൈസ് സംഘം ഡിസംബര്‍ 13ന് വീണ്ടും കൃഷ്ണ പ്രകാശിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സബ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയ അതേ കേസിലാണ് വീണ്ടും അറസ്റ്റ് ചെയ്തത്. ഇതിലാണ് ഇപ്പോൾ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.