താൻ എഴുതാത്ത പരീക്ഷയുടെ ഫലത്തിൽ പേര് വന്നതിൽ ഗൂഢാലോചനയുണ്ടെന്ന പി എം ആർഷൊയുടെ പരാതിയിൽ പ്രത്യേകസംഘം അന്വേഷണം നടത്തും.ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
അതേസമയം കെഎസ്‍യു പ്രവർത്തകയായ വിദ്യാർഥിക്ക് മാർക്ക് കൂട്ടി നല്‍കിയെന്നതില്‍ ആർക്കിയോളജി വകുപ്പ് കോർഡിനേറ്ററിർക്കെതിരായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷൊയുടെ പരാതിയില്‍ കഴമ്പില്ലെന്ന് റിപ്പോർട്ട്. എക്സിമിനേഷൻ കമ്മിറ്റി റിപ്പോർട്ട് മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന് കൈമാറി.
പുനർ മൂല്യനിർണയത്തിൽ 12 മാർക്ക് കൂടുതൽ കിട്ടിയതിൽ അസ്വാഭാവികതയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കെഎസ്‍യു പ്രവർത്തകയായ വിദ്യാർഥിക്ക് പുനർ മൂല്യനിർണയത്തിൽ കൂടുതൽ മാർക്ക് കിട്ടാൻ അധ്യാപകനായ വിനോദ് കുമാർ ഇടപെട്ടെന്നായിരുന്നു ആരോപണം.
അതേസമയം, മാർക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഗൂഢാലോചനയെന്ന ആർഷൊയുടെ പരാതിയിൽ കൊച്ചി സിറ്റി പോലീസ് അന്വേഷണത്തിന് ഒരുങ്ങുകയാണ്. ഇതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ കെ സേതുരാമൻ പറഞ്ഞു. മഹാരാജാസ് കോളേജിൽ ഇന്ന് 11 മണിയോടെ ഗവേണിങ് കൗൺസിൽ ചേരും. ഉദ്യോഗസ്ഥരെക്കൂടി പങ്കെടുപ്പിച്ചാണ് യോഗം നടക്കുക.
മാർക്ക് ലിസ്റ്റ് വിവാദത്തില്‍ വകുപ്പ് കോർഡിനേറ്ററിനായ ഡോ.വിനോദ് കുമാർ കൊല്ലോനിക്കലിനെ പദവിയിൽ നിന്ന് മാറ്റാൻ വ്യാഴാഴ്ച കോളേജ് തീരുമാനമെടുത്തിരുന്നു. പരാതി പരിഹാര സെൽ ശുപാർശ അംഗീകരിച്ചായിരുന്നു തീരുമാനം. വിനോദ് കുമാറിനെതിരെ ആർഷൊ ഉൾപ്പെടെയുള്ള വിദ്യാർഥികൾ പരാതി നൽകിയത് മാർച്ച് 28നാണ്. തുടർന്ന് കോളേജ് കമ്മിറ്റി ഹിയറിങ് നടത്തി പരാതി പരിശോധിച്ചു. കുട്ടികളിൽ വിഭാഗീയത സൃഷ്ടിക്കുന്നു, സംഘടനാ രംഗത്ത് പ്രവർത്തിക്കുന്ന കുട്ടികളോട് വിവേചനപരമായി പെരുമാറുന്നു, ഇന്റേണൽ മാർക്ക് അനുവദിക്കുന്നതിൽ പക്ഷപാതം എന്നിങ്ങനെയായിരുന്നു പരാതി. ഇതിനൊപ്പമാണ് കെഎസ്‍യു പ്രവർത്തകയ്ക്ക് മാർക്ക് കൂട്ടി നല്‍കിയെന്ന പരാതിയും കമ്മിറ്റി പരിശോധിച്ചത്.