ശില്പിയും സിനിമാ സഹസംവിധായകനുമായ അനിൽ സേവിയർ (39) അന്തരിച്ചു. ഫുട്ബോൾ കളിക്കിടയിലുണ്ടായ ഹൃദയസ്തംഭനത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. ജാൻ എ മൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്സ്, തെക്ക് വടക്ക് എന്നീ സിനിമകളുടെ സഹസംവിധായകനാണ് അനിൽ സേവിയർ. അങ്കമാലി കിടങ്ങൂർ പുളിയേൽപ്പടി വീട്ടിൽ പി എ സേവ്യറാണ് പിതാവ്.
ചിത്രകാരികൂടിയായ ഭാര്യ അനുപമ ഏലിയാസുമൊത്ത് അങ്കമാലി കേന്ദ്രീകരിച്ച് കലാപരിശീലനം നടത്തി വരുകയായിരുന്നു. തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ നിന്ന് ബിഎഫ്എ പൂർത്തിയാക്കിയ ശേഷം ഹൈദ്രബാദ് കേന്ദ്ര സർവ്വകലാശാലയിൽ നിന്ന് ശിൽപ്പകലയിൽ എംഎഫ്എ ചെയ്തു.
ഹൈദരാബാദ് സർവകലാശാല വിസി അപ്പറാവു പൊഡിലെക്കെതിരെ നടന്ന സമരത്തിനിടയിൽ ആത്മഹത്യ ചെയ്ത ദളിത് വിദ്യാർത്ഥി രോഹിത് വെമുലയുടെ ഓർമ്മയ്ക്ക് ക്യാംപസിൽ രോഹിതിന്റെ പ്രതിമ നിർമിച്ചത് അനിലായിരുന്നു. അനിൽ ഹൈദരാബാദിൽ പഠിച്ചിരുന്ന കാലത്ത് രോഹിതും ക്യാംപസിലുണ്ട്. കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായും അനിൽ പ്രവർത്തിച്ചിരുന്നു.
മാതാവ്: അൽഫോൻസ സേവ്യർ, സഹോദരൻ: അജീഷ് സേവ്യർ. ഭൗതിക ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിന് വിട്ടുനൽകണമെന്ന അനിലിൻ്റെ തീരുമാനം നടപ്പാക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നാളെ രാവിലെ 11 മണി മുതൽ വസതിയിലും ശേഷം നാസ് ഓഡിറ്റോറിയത്തിലും 3 മണി വരെ പൊതുദർശനം ഉണ്ടാകും.