KERALA

ബാഫഖി തങ്ങളേയും ശിഹാബ് തങ്ങളേയും പരസ്യമായി വിമര്‍ശിച്ച 'കുഞ്ഞാക്ക'

രാഷ്ട്രീയ ജീവിതത്തില്‍ ആര്യാടന്റെ പ്രതിപക്ഷത്ത് ഒന്നാമതായി ലീഗുണ്ടായിരുന്നു

റഹീസ് റഷീദ്

മുസ്ലീം ലീഗിനോട് ഇടഞ്ഞ് ഇടമുണ്ടാക്കിയാണ് മലബാറിലെ കോണ്‍ഗ്രസിന്റെ അവസാന വാക്കായി ആര്യാടന് മുഹമ്മദ് മാറിയത്.1965ല്‍ അവിഭക്ത കോഴിക്കോട് ജില്ലയുടെ ഡിസിസി സെക്രട്ടറിയായത് മുതലുള്ള രാഷ്ട്രീയ ജീവിതത്തില്‍ ആര്യാടന്റെ പ്രതിപക്ഷത്ത് ഒന്നാമതായി ലീഗുണ്ടായിരുന്നു. ഒരേ മുന്നണിയില്‍ നില്‍ക്കുമ്പോഴും അല്ലാത്തപ്പോഴും അത് അങ്ങനെ തന്നെ. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കുഞ്ഞാക്കയും മലബാറിലെ സുല്‍ത്താനുമൊക്കെയായത് അങ്ങനെയാണ്.

മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെയുള്ള സമരത്തില്‍ കോണ്‍ഗ്രസും ആര്യാടനും മുന്‍പന്തിയിലുണ്ടായിരുന്നു. ജില്ല വേണമെന്ന നിലപാടില്‍ ലീഗും. മലപ്പുറം ജില്ല വന്നാല്‍ 'കുട്ടി പാകിസ്താനാകും' എന്ന കോണ്‍ഗ്രസ് വാദം ആര്യാടനും ഏറ്റെടുത്തു. ഇതോടെ മുസ്ലീം ലീഗും ആര്യാടനും തമ്മിലുള്ള അകലം വീണ്ടും വീണ്ടും കൂടി.

മലപ്പുറം ജില്ലാ രൂപീകരണത്തിന് ശേഷം 1970ല്‍ ലീഗും കോണ്‍ഗ്രസും ഒരുമിച്ച് നിന്നപ്പോഴും ആര്യാടന്‍ ലീഗിനെതിരെ ഒളിഞ്ഞും തെളിഞും പ്രവര്‍ത്തിച്ചു. അന്ന് മലപ്പുറം ഡിസിസി പ്രസിഡന്റാണ് ആര്യാടന്‍ മുഹമ്മദ്. മുസ്ലീം ലീഗ് സ്ഥാനാര്‍ഥികള്‍ക്കെതിരെ സ്വതന്ത്ര വേഷത്തില്‍ കോണ്‍ഗ്രസുകാരെ ഇറക്കി.പൊന്നാനിയില്‍ ലീഗിന്റെ സിറ്റിംഗ് എംഎല്‍എ ആയിരുന്ന വിപിസി തങ്ങള്‍ തോറ്റു.അതിന് ലീഗ് മറുപടി നല്കിയത് ആര്യാടന് നിലമ്പൂരില്‍ മത്സരിച്ച 1982ലാണ്. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ടികെ ഹംസയെ ലീഗ് രഹസ്യമായി പിന്തുണച്ചപ്പോള്‍ ആര്യാടന്‍ തോറ്റു.

പി വി അബ്ദുല്‍ വഹാബ് എംപിയുടെ ഉടമസ്ഥതയിലുള്ള പിവിഎസ് സ്കൂളിലെ തൊഴിലാളി തര്‍ക്കത്തില്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഇടപെട്ടിരുന്നു. അന്നാണ് തങ്ങളെ ​ ആര്യാടന്‍ പരസ്യമായി വിമര്‍ശിച്ചത്. ലീഗും മറ്റ് മുസ്ലീം സംഘടനകളും എതിര്‍പ്പുമായി വന്നപ്പോള്‍ രാഷ്ടീയത്തില്‍ ഇടപെടുന്നവരെയെല്ലാം വിമര്‍ശിക്കും എന്നായിരുന്നു ആര്യാടന്റെ നയം. എന്റെ നേതാവ് സോണിയ ഗാന്ധിയാണ് പാണക്കാട് തങ്ങളല്ലെന്ന നിലപാടും എടുത്തു.

മുഹമ്മദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളേയും ആര്യാടന്‍ പരസ്യമായി വിമര്‍ശിച്ചിട്ടുണ്ട്.1967ലെ ഇഎംഎസ് സര്‍ക്കാര്‍ മദ്യനിരോധനം എടുത്ത് കളഞ്ഞപ്പോള്‍ ലീഗും മന്ത്രിസഭയുടെ ഭാഗമായിരുന്നു.

'സുബ്ഹാനള്ള

സുബ്ഹിക്ക്

ബാഫഖി തങ്ങള്‍

ചെത്താന് പോയി' എന്നതായിരുന്നു അന്നത്തെ പ്രചാരണം.

ബാഫഖി തങ്ങളുടെ ഫോട്ടോ കള്ളുഷാപ്പിന്റെ മുന്‍പില്‍ ഒട്ടിച്ച് വെച്ചിരിക്കുന്നത് നേരിട്ട് കണ്ടുവെന്ന പ്രചാരണവും അക്കാലത്ത് കോണ്‍ഗ്രസ് നടത്തിയിരുന്നു.

അടിമുടി ലീഗിനെ എതിര്‍ത്തെങ്കിലും ഒന്നോ രണ്ടോ തവണയയൊഴികെ പാര്‍ലമെന്ററി പൊളിറ്റിക്സില്‍ പോലും ആര്യാടനെ ഒന്നും ചെയ്യാന്‍ ലീഗിന് കഴിഞ്ഞില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. മുന്നണിയില്‍ നിന്ന് ലീഗിനെ വിമര്‍ശിക്കാന്‍ ആര്യാടനെപ്പോലെ ഒരാള്‍ ഇനി കോണ്‍ഗ്രസില്‍ ഉയര്‍ന്നുവരുമോയെന്നത് മറ്റൊരു ചോദ്യം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ