ആര്യാടന്‍ മുഹമ്മദ് വിടപറയുമ്പോള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുന്നത് പ്രതിസന്ധി ഘട്ടങ്ങളില്‍ മുന്നില്‍ നിന്ന് നയിച്ച മുതിര്‍ന്ന നേതാവിനെ. മലബാറില്‍ പാര്‍ട്ടിയെ ശക്തമായി നിലനിര്‍ത്തുന്നതില്‍ പതിറ്റാണ്ടുകള്‍ നീണ്ട ആര്യാടന്‍ മുഹമ്മദിന്റെ രാഷ്ട്രീയ ജീവിതത്തിനും വലിയ പങ്കുണ്ട്. കൊണ്ടും കൊടുത്തും അദ്ദേഹം ഇക്കാലയളവെല്ലാം രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നു. ഇടത് വലത് മുന്നണികളില്‍ മന്ത്രി സ്ഥാനം വഹിച്ചിട്ടുള്ള വ്യക്തിയാണ് ആര്യാടന്‍. എന്നാല്‍ മലബാറില്‍ ആര്യാടന്റെ മുഖ്യ പ്രതിയോഗികളായി എന്നും മുസ്ലീം ലീഗ് ഉണ്ടായിരുന്നു.
മലപ്പുറത്ത് മുസ്ലീം ലീഗിന്റെ വളര്‍ച്ചയെ ഏറ്റവും അധികം വിമര്‍ശിച്ചത് ആര്യാടന്‍ മുഹമ്മദായിരുന്നു. മുസ്ലീം ലീഗിന്റെ പല നേതാക്കളുമായി അദ്ദേഹം നിരന്തരം കലഹിച്ചു. രൂക്ഷമായ ഭാഷയില്‍ പാണക്കാട് തങ്ങള്‍ കുടുംബത്തെപ്പോലും ആര്യാടന്‍ വിമര്‍ശിച്ചു. പാണക്കാട് നേതാക്കളെ ആത്മീയ നേതാക്കളായി അംഗീകരിക്കാന്‍ ആര്യാടന്റെ കാഴ്ച്ചപ്പാടുകള്‍ക്ക് സാധിച്ചിരുന്നില്ലെന്നതും വലിയ വാക്‌പോരുകള്‍ക്ക് വഴിവച്ചിരുന്നു.
പാണക്കാട് നേതാക്കളെ ആത്മീയ നേതാക്കളായി അംഗീകരിക്കാന്‍ ആര്യാടന്റെ കാഴ്ച്ചപ്പാടുകള്‍ക്ക് സാധിച്ചിരുന്നില്ല
ആരും വിമര്‍ശനത്തിന് അതീതരല്ല എന്നായിരുന്നു ആര്യാടന്റെ വാദം. കോണ്‍ഗ്രസ് ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ലീഗ് കോണ്‍ഗ്രസിന്റെ പിന്നാലെ വരുമെന്ന് യോഗങ്ങളില്‍ പ്രസംഗിച്ചതും മുന്‍ മന്ത്രിയും മുസ്ലീം ലീഗ് എംപിയുമായ ഇ ടി മുഹമ്മദ് ബഷീര്‍ വര്‍ഗീയവാദിയാണെന്ന് തുറന്നടിച്ചതുമെല്ലാം വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മലപ്പുറം ജില്ലാ രൂപീകരണത്തെ ഏറ്റവും കൂടുതല്‍ എതിര്‍ത്ത വ്യക്തിയായിരുന്നു ആര്യാടന്‍. മലപ്പുറം ജില്ല വന്നാല്‍ പാകിസ്താന്‍ മാതൃകയിലുള്ള കാര്യങ്ങളായിരിക്കും നടക്കുക എന്നും അദ്ദേഹം വാദിച്ചു.
പിന്നീട് മലപ്പുറം ജില്ല വിഭജിക്കണം എന്ന ആവശ്യം ശക്തമായി ഉയര്‍ന്നപ്പോഴും ആര്യാടന്‍ വിമര്‍ശനവുമായി രംഗത്ത് എത്തി. തിരഞ്ഞെടുപ്പ് കാലത്തുള്‍പ്പെടെ നിര്‍ണായകമായ എല്ലാ ഘട്ടത്തിലും ലീഗിനും കോണ്‍ഗ്രസിനും ഇടയില്‍ ആര്യാടന്‍ തലവേദന സൃഷ്ടിച്ചുകൊണ്ടേയിരുന്നു. മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബ്, ഇ മൊയ്തു മൗലവി തുടങ്ങിയവരുടെ പിന്തുടര്‍ച്ചക്കാരനെന്ന് തെളിയിക്കാനായിരുന്നു ആര്യാടന്‍ നിരന്തരം ശ്രമിച്ചത്.
ആരും വിമര്‍ശനത്തിന് അതീതരല്ല എന്ന വാദിച്ച നേതാവ്
കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ സഖ്യകക്ഷിയാണ് ലീഗ് എന്ന വിഷയമൊന്നും ആര്യാടനെ ബാധിച്ചിരുന്നില്ല. ലീഗ് വിരുദ്ധ നിലപാട് ആണ് സ്വീകരിച്ചതെങ്കിലും കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുമായി നല്ല അടുപ്പത്തിലായിരുന്നു. ലീഗിനെ അകറ്റി നിര്‍ത്തി മുസ്ലീം ലീഗ് കോട്ടയില്‍ സ്വാധീനമുറപ്പിക്കാനുള്ള ശ്രമമായിരുന്നു പലപ്പോഴും ആര്യാടന്റേത്. ഒരു കൂട്ടരുടെ വോട്ടുകൊണ്ട് മാത്രം കോണ്‍ഗ്രസ് വിജയിക്കില്ലെന്നും തെരഞ്ഞെടുപ്പില്‍ ലീഗ് കോണ്‍ഗ്രസിനെയും, കോണ്‍ഗ്രസ് ലീഗിനെയും സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം തുറന്നടിച്ചിട്ടുണ്ട്. തെക്കന്‍ ജില്ലകളിലെല്ലാം ലീഗിന്റെ സഹായമില്ലാതെയാണ് കോണ്‍ഗ്രസ് ജയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ 1967 ലെ സിപിഎം ലീഗ് സഖ്യത്തിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായിരുന്ന തിരൂരിലെ ആര്‍ മുഹമ്മദും നിലമ്പൂരിലെ ആര്യാടന്‍ മുഹമ്മദും തോറ്റത് മറ്റൊരു ചരിത്രം. 1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വര്‍ഷങ്ങളിലാണ് നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ആര്യാടന്‍ കേരള നിയമസഭയിലെത്തുന്നത്. 1980-1982 കാലഘട്ടത്തിലാണ് ഇ കെ നായനാര്‍ മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയാകുന്നത്. അടിയന്തരാവസ്ഥയെ തുടര്‍ന്ന് ഇന്ദിര ഗാന്ധിയുടെ രൂക്ഷവിമര്‍ശകനായി മാറിയ എ കെ ആന്റണിയും സംഘവും കോണ്‍ഗ്രസ് വിട്ടതോടെയാണ് ഇടത് മന്ത്രിസഭയില്‍ ആര്യാടന്‍ അംഗമാവുന്നത്. കോണ്‍ഗ്രസ് യു എന്ന പാര്‍ട്ടിയുണ്ടാക്കിയാണ് ആന്റണിയും സംഘവും എല്‍ഡിഎഫില്‍ എത്തിയത്. എ കെ ആന്റണി മന്ത്രിസഭയില്‍ 1995 -96 വര്‍ഷത്തില്‍ തൊഴില്‍, ടൂറിസം വകുപ്പുകളും ആര്യാടന്‍ കൈകാര്യം ചെയ്തു. 2004-06 ല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചു.
1967 ലെ സിപിഐഎം ലീഗ് സഖ്യത്തിനെതിരെ മത്സരിച്ച് തോറ്റത് മറ്റൊരു ചരിത്രം
1935 ല്‍ മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ഉണ്ണീന്‍-കാദിയമുണ്ണി ദമ്പതികളുടെ മകനായി ജനിച്ച ആര്യാടന്‍ മുഹമ്മദ് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 1952-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗമായി രാഷ്ട്രീയത്തില്‍ പ്രവേശിച്ച ആര്യാടന്‍ മുഹമ്മദ്, 1958 മുതല്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗമാണ്. കോഴിക്കോട് ഡിസിസി, മലപ്പുറം ഡിസിസി എന്നിവയുടെ പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.