KERALA

രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ച 'സോളാർ' അണയുമ്പോൾ

ഒടുവില്‍ സിബിഐയും സോളാർ കേസിൽ തെളിവില്ലെന്ന് പറയുമ്പോൾ യുഡിഎഫിന് ചെറുതൊന്നുമല്ല ആശ്വാസം. അപ്പോഴും ചില ചോദ്യങ്ങള്‍ ബാക്കിയായി നില്‍ക്കുകയാണ്. അതിലേറെയും ഇടതുപക്ഷം ഉയർത്തിയ രാഷ്ട്രീയ നിലപാടാണ്.

ദ ഫോർത്ത് - തിരുവനന്തപുരം

കൊച്ചി മെട്രോയും വിഴിഞ്ഞം തുറമുഖവും ഒപ്പം മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ സ്വീകാര്യതയും. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തുടര്‍ ഭരണം ലക്ഷ്യമിട്ട് നീങ്ങിയപ്പോഴായിരുന്നു സോളാര്‍ കേസിന്റെ തുടക്കം. പിന്നീട് രാഷ്ട്രീയ കേരളത്തിലെ വിവാദങ്ങള്‍ക്ക് ഊര്‍ജം പകരുന്ന ഇന്ധനമായി സോളാര്‍ വിവാദം മാറി. കേരളമാകെ കത്തിപ്പടര്‍ന്നു. ചൂടേറ്റ് തളര്‍ന്നത് യുഡിഎഫ്. ഊര്‍ജം ലഭിച്ചത് എല്‍ഡിഎഫിനും.

സൗരോര്‍ജ ഫാമുകളും കാറ്റാടിപ്പാടങ്ങളും നിര്‍മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ടീം സോളാറിന്റെ തട്ടിപ്പ്. കേസില്‍ ബിജു രാധാകൃഷ്ണന്‍ ഒന്നാം പ്രതി. സരിത എസ് നായര്‍ രണ്ടാം പ്രതി. ആദ്യം പുറത്ത് വന്ന തെളിവുകള്‍ രാഷ്ട്രീയ നേതാക്കളെ പ്രതിക്കൂട്ടിലാക്കുന്നതായിരുന്നില്ല. എന്നാല്‍ പിന്നീട് വന്ന തെളിവുകള്‍ പലരെയും മുള്‍മുനയില്‍ നിര്‍ത്തി. പ്രത്യേകിച്ചും ഉമ്മന്‍ ചാണ്ടിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും. മുഖ്യമന്ത്രിയുടെ പി എ ടെന്നി ജോപ്പന്‍, ഗണ്‍മാന്‍ സലീം രാജ് എന്നിവര്‍ക്ക് തട്ടിപ്പ് സംഘവുമായുള്ള ബന്ധം. ഇവര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണം, പണം നല്‍കിയവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉപയോഗിച്ച് ഉണ്ടാക്കിയ വിശ്വാസ്യത ഇതെല്ലാം കോണ്‍ഗ്രസിനെയും ഒപ്പം യുഡിഎഫിനെയും പ്രതിരോധത്തിലാക്കി.

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഉമ്മന്‍ ചാണ്ടിയുടെ രാജി. ജുഡീഷ്യല്‍ അന്വേഷണം. ഇങ്ങനെ ആവശ്യങ്ങള്‍ ഒന്നൊന്നായി പ്രതിപക്ഷം നിരത്തി. ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പലതിലും സര്‍ക്കാര്‍ വഴങ്ങി. സത്യം ജയിക്കും. നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മറുപടി.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായിരുന്നു സോളാർ കേസിലെ പരാതിക്കാരിയുടെ ആരോപണങ്ങളില്‍ സിബിഐ അന്വേഷണത്തിന് സർക്കാർ തീരുമാനമെടുത്തത്. പീഡന പരാതികളില്‍ ആറ് എഫ്ഐആറുകള്‍ രജിസ്റ്റർ ചെയ്തു. പിന്നാലെ മൊഴിയെടുപ്പും റെയ്ഡും. ഒടുവില്‍ തെളിവില്ലെന്ന് സിബിഐയും. ഉമ്മൻ ചാണ്ടിക്കും എ പി അബ്ദുള്ള കുട്ടിക്കും ക്ലീൻ ചിറ്റ്. കെ സി വേണുഗോപാല്‍, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അനില്‍ കുമാർ എന്നിവർക്ക് പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് സിബിഐ നേരത്തെ റിപ്പോർട്ട് നല്‍കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണ വിധേയമായാല്‍ അതിന് ഉത്തരവാദി മുഖ്യമന്ത്രി കൂടിയായിരിക്കും എന്നായിരുന്നു എല്‍ഡിഎഫ് നേതാക്കളുടെ പ്രതികരണം. എന്നാല്‍ സ്വർണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ പ്രതി ചേർക്കപ്പെട്ടപ്പോള്‍ ഈ നിലപാട് സ്വീകരിച്ചിരുന്നില്ല.

സോളാർ പീഡനക്കേസിൽ ഇനി നിയമ പോരാട്ടത്തിനില്ലെന്നായിരുന്നു പരാതിക്കാരിയുടെ ആദ്യ പ്രതികരണം. എന്നാൽ കോടതിയെ സമീപിക്കുമെന്ന് പിന്നീട് പ്രതികരിച്ചു. ഒൻപത് വർഷമായി രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്ത വിവാദങ്ങള്‍ കൂടിയാണ് സിബിഐ നിലപാടോടെ അവസാനിക്കുന്നത്. അപ്പോഴും ചില ചോദ്യങ്ങള്‍ ബാക്കിയായി നില്‍ക്കുകയും ചെയ്യുന്നു. അതിലേറെയും ഇടതുപക്ഷം ഉയർത്തിയ രാഷ്ട്രീയ നിലപാട് തന്നെയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണ വിധേയമായാല്‍ അതിന് ഉത്തരവാദി മുഖ്യമന്ത്രി കൂടിയായിരിക്കും എന്നായിരുന്നു എല്‍ഡിഎഫ് നേതാക്കളുടെ പ്രതികരണം. എന്നാല്‍ സ്വർണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ പ്രതി ചേർക്കപ്പെട്ടപ്പോള്‍ ഈ നിലപാട് സ്വീകരിച്ചിരുന്നില്ല. സ്വർണ്ണക്കടത്ത് കേസില്‍ പിണറായി വിജയന് പങ്കില്ലെന്ന് മാത്രമല്ല അതിന് മുഖ്യമന്ത്രി ഉത്തരവാദിയല്ലെന്ന നിലപാടാണ് ഇടതുപക്ഷം എടുത്തത്.

സോളാർ കേസിലെ പ്രതിയുടെ ആരോപണങ്ങള്‍ എല്‍ഡിഎഫ് രാഷ്ട്രീയ ആയുധമാക്കുന്നുവെന്നാണ് യുഡിഎഫ് പറഞ്ഞിരുന്നത്. കേസില്‍ പരാതിക്കാരിയുടെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന സിബിഐയും വ്യക്തമാക്കുന്നു. ഇതോടെ രാഷ്ട്രീയ ആയുധമാക്കിയെന്ന വിമർശനത്തിനും ഇടത് മുന്നണിയും സർക്കാരും മറുപടി പറയേണ്ടി വരും. സോളാർ കേസില്‍ പോലീസ് അന്വേഷണം. ജുഡീഷ്യല്‍ കമ്മീഷൻ റിപ്പോർട്ട്. ഒടുവില്‍ സിബിഐയും. വിവാദങ്ങള്‍ക്ക് അവസാനമാകുമ്പോള്‍ യുഡിഎഫിന് ചെറുതൊന്നുമല്ല ആശ്വാസവും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ