KERALA

റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ബന്ധം; വീണ്ടും പക്ഷം തിരിഞ്ഞ് ഐഎന്‍എല്‍ നേതാക്കള്‍, വിവാദം മുറുകുന്നു

കെ സുരേന്ദ്രന്‍ ഉര്‍ത്തിയ ആരോപണത്തില്‍ കഴമ്പുണ്ടെന്ന നിലപാടാണ് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബ് സ്വീകരിച്ചിരിക്കുന്നത്

വെബ് ഡെസ്ക്

പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് പിന്നാലെ ഐഎന്‍എല്ലിന് റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ബന്ധമുണ്ടെന്ന ആക്ഷേപത്തില്‍ പുതിയ വിവാദം. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് കേരളത്തിലെ ഇടത് സര്‍ക്കാരിലെ കക്ഷിയായ ഐഎന്‍എല്ലിനെതിരെയും മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനുമെതിരെ ആരോപണം ഉന്നയിച്ചത്. ആരോപണങ്ങള്‍ നിഷേധിച്ച് ഐഎന്‍എല്‍ നേതാക്കളും രംഗത്തെത്തി. എന്നാല്‍ കെ സുരേന്ദ്രന്‍ ഉയര്‍ത്തിയ ആരോപണത്തില്‍ കഴമ്പുണ്ടെന്ന നിലപാടാണ് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബ് സ്വീകരിച്ചിരിക്കുന്നത്. പാര്‍ട്ടിയിലെ വിമത പക്ഷം ഐഎന്‍എല്ലിന് എതിരെ രംഗത്ത് എത്തിയതോടെ വിവാദം പുതിയ തലത്തിലേക്ക് കടക്കുകയാണ്.

ഐഎന്‍എല്‍ ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍ റിഹാബ് ഫൌണ്ടേഷന്റെ തലപ്പത്ത് ഇരിക്കുന്നതിന്റെ പേരിലാണ് സംസ്ഥാന നേതൃത്വവുമായി ദേശീയ നേതൃത്വം പിണങ്ങിയതെന്നാണ് എ പി അബ്ദുല്‍ വഹാബിന്റെ ആരോപണം. റിഹാബ് ഫൗണ്ടേഷനുമായി ബന്ധമില്ലെന്ന വാദം അംഗീകരിക്കാന്‍ ആകില്ല. റിഹാബ് ഫൗണ്ടഷനുമായി മുഹമ്മദ് സുലൈമാന് ഇപ്പോഴും ബന്ധം ഉണ്ടെന്നും ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് തന്നെ ആരോപിക്കുന്നു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, കാസിം ഇരിക്കൂര്‍ എന്നിവര്‍ ബിജെപി അധ്യക്ഷന് എതിരെ നിലപാടെടുക്കുമ്പോഴാണ് പാളയത്തില്‍ തന്നെ പടയൊരുങ്ങുന്നത്.

രാജ്യവിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടി നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ളയാള്‍ മന്ത്രിസഭയില്‍ അംഗമായി തുടരുന്നതിന് മുഖ്യമന്ത്രി മറുപടി പറയണം എന്ന പരാമര്‍ശത്തോടെയാണ് കെ സുരേന്ദ്രന്‍ ഐഎല്‍എല്ലിനെതിരെ ആരോപണം ഉന്നയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച റിഹാബ് ഫൗണ്ടേഷനുമായി ഐഎന്‍എല്ലിന് ബന്ധമുണ്ട്. പോപുലര്‍ ഫ്രണ്ടിനൊപ്പം നിരോധിക്കപ്പെട്ട റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ തലപ്പത്തിരുന്നയാളാണ് മന്ത്രി അഹമ്മദ് ദേവര്‍കോവിലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആരോപിച്ചു.

മുഖ്യമന്ത്രി മറുപടി പറയണമെന്ന് കെ സുരേന്ദ്രന്‍

രാജ്യത്ത് നിരോധിക്കപ്പെട്ട റിഹാബ് ഫൗണ്ടേഷനുമായി എല്‍ഡിഎഫിലെ ഘടകകക്ഷിയായ ഐഎന്‍എല്ലിന് ബന്ധമുണ്ട്. ഐഎന്‍ല്ലിന്റെ തലവന്‍ പ്രൊഫ. മുഹമ്മദ് സുലൈമാന്‍ തന്നെയാണ് റിഹാബ് ഫൗണ്ടേഷന്റെയും തലവന്‍. ഭീകരവാദത്തിന് ഫണ്ടിംഗ് നടത്തുന്ന സംഘടനയുമായി നേരിട്ട് ബന്ധമുള്ള പാര്‍ട്ടി എങ്ങനെയാണ് സംസ്ഥാന മന്ത്രിസഭയില്‍ ഇരിക്കുന്നത്? റിഹാബ് ഫൗണ്ടേഷനുമായി മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന് ബന്ധമുണ്ടെന്നത് ഞെട്ടിക്കുന്നതാണ്. ഭരണകക്ഷിയിലെ ഘടകകക്ഷി ഭീകര സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്നത് ചെറിയ കാര്യമല്ല. മുഖ്യമന്ത്രി ഇതിന് മറുപടി പറയണം. രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും ഈ സര്‍ക്കാര്‍ മാനിക്കുന്നെങ്കില്‍ മന്ത്രിയെ പുറത്താക്കണം. ഐഎന്‍എല്ലിനെ ഇടതുപക്ഷത്ത് നിന്നും പുറത്താക്കണം. രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സംഘടനയുമായി ബന്ധമുള്ള പാര്‍ട്ടിയുടെ നേതാവ് സംസ്ഥാന മന്ത്രിസഭയിലിരിക്കുന്നത് അപകടകരമായ സാഹചര്യമാണെന്നുമായിരുന്നു കെ സുരേന്ദ്രന്‍ ഉയര്‍ത്തിയ ആക്ഷേപം.

കെ സുരേന്ദ്രന്റേത് ഉണ്ടയില്ലാ വെടിയാണെന്ന് ആരോപണങ്ങളെ പ്രതിരോധിച്ചെത്തിയ ഐഎന്‍എല്‍ നേതാക്കള്‍

എന്നാല്‍ ആരോപണങ്ങളെ പ്രതിരോധിച്ചെത്തിയ ഐഎന്‍എല്‍ നേതാക്കള്‍ കെ സുരേന്ദ്രന്റേത് ഉണ്ടയില്ലാ വെടിയാണെന്ന് പരിഹസിക്കുകയും ചെയ്തു. തീവ്രവാദ സംഘടനകളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഐഎന്‍എല്ലിന്റേതെന്ന് അവകാശപ്പെട്ടായിരുന്നു കാസിം ഇരിക്കൂര്‍, അഹമ്മദ് ദേവര്‍കോവിലിന് റിഹാബ് ഫൗണ്ടേഷനുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രതികരിച്ചത്. റിഫാബ് ഫൗണ്ടേഷനുമായി നിലവില്‍ ഐഎന്‍എല്‍ നേതൃത്വത്തില്‍ ആര്‍ക്കും ബന്ധമില്ലെന്നും കാസിം ഇരിക്കൂര്‍ അവകാശപ്പെട്ടിരുന്നു.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം