തൃശൂരില്‍ മൂന്നിടങ്ങളിലായി വന്‍ എടിഎം കൊള്ള നടത്തി കണ്ടെയ്നറിൽ ലോറിയിൽ മുങ്ങിയ ഏഴംഗ ഹരിയാന-രാജസ്ഥാൻ സംഘത്തിലെ ആറുപേർ തമിഴ്നാട്ടിലെ നാമക്കലിൽ പിടിയില്‍. സംഘത്തിലെ മറ്റൊരാൾ പോലീസിന്റെ വെടിയേറ്റു മരിച്ചു. സംഘത്തിന്റെ ആക്രമണത്തിൽ രണ്ടു പോലീസുകാർക്കു കുത്തേറ്റു.
നാമക്കലിലെ കുമാരപാളയത്തുവെച്ചാണ് കൊള്ളസംഘം പോലീസിന്റെ വലയിലായത്. പോലീസ് കൈകാണിച്ചപ്പോൾ നിർത്താതെ പോയ രാജസ്ഥാൻ രജിസ്ട്രേഷനിലുള്ള ടാങ്കർ ബൈക്കിലിടിച്ച് തെറിപ്പിച്ചു. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് ടാങ്കർ തടയാൻ ശ്രമിച്ചു. ഇതിനിടെ സംഘം രണ്ട് പോലീസുകാരെ ആക്രമിച്ചു. ഇതേത്തുടർന്നാണ് പോലീസ് വെടിയുതിർത്തതെന്നാണു വിവരം.
പ്രതികൾ മോഷണത്തിന് ഉപയോഗിച്ച കാര്‍ പോലീസ് കണ്ടെയ്‌നറിൽ കണ്ടെത്തി. സംഘത്തിൽനിന്ന് തോക്ക് അടക്കം ആയുധങ്ങൾ കണ്ടെത്തി. കുമാരപാളയം പോലീസ് ഇൻസ്പെക്ടർ തവമണി, അസിസ്റ്റന്റ് ഇൻസ്പെക്ടർ രഞ്ജിത്ത് എന്നിവർക്കാണ് കൊള്ളസംഘത്തിന്റെ ആക്രണമണത്തിൽ പരുക്കേറ്റത്.
മോഷണത്തിനുശേഷം പ്രതികള്‍ സംസ്ഥാനം വിട്ടെന്ന് ബോധ്യമായ കേരള പോലീസ് വിവരം തമിഴ്‌നാട് പോലീസിനെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് സംശയാസ്പദമായി കണ്ട എല്ലാ വാഹനങ്ങളും പോലീസ് പരിശോധിച്ചിരുന്നു. ഇത്തരത്തില്‍ നടന്ന പരിശോധനയിലാണ് കണ്ടെയ്‌നറും അതിനുള്ളില്‍ വെളുത്തകാറും കണ്ടെത്തിയത്.
കാറിനുള്ളില്‍നിന്ന് പണവും കണ്ടെത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തൃശൂർ ജില്ലയിലെ മൂന്ന് എടിഎമ്മുകളാണ് കൊള്ളയടിച്ചത്. 65 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു.
മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പുലര്‍ച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവര്‍ച്ചയെന്നാണ് വിലയിരുത്തല്‍. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎം തകര്‍ത്തത്.