KERALA

കലൂർ സ്റ്റേഡിയത്തിൽ കഫിയ ധരിച്ചു ഐഎസ്എൽ കാണാനെത്തി; യുവാവിന്റെ വീട്ടിൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡെത്തിയതായി ആരോപണം

നവംബർ ഏഴിന് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കേരളാ ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്സിയും തമ്മിൽ നടന്ന മത്സരം വീക്ഷിക്കാനെത്തിയ റിജാസ് എം സിദ്ദീഖ്, അമീൻ, അബ്ദുള്ള, മിതിലാജ് എന്നിവരെ അന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു

വെബ് ഡെസ്ക്

ഐ എസ് എൽ മത്സരം കാണാൻ പലസ്തീൻ ഐക്യദാർഢ്യ ചിഹ്നമായ കഫിയ ധരിച്ചെത്തിയതിന്റെ പേരിൽ കേരളാ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ വീട്ടിൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷണം. എടിഎസ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഉദ്യോഗസ്ഥർ ആദ്യം തന്നെ ഫോണിൽ ബന്ധപ്പെടുകയും പിന്നീട് വീട്ടിലെത്തുകയുമായിരുന്നുവെന്ന് സ്വതന്ത്ര മാധ്യമപ്രവർത്തകനായ റിജാസ് ദ ഫോർത്തിനോട് പറഞ്ഞു.

നവംബർ ഏഴിന് കേരളാ ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്സിയും തമ്മിൽ നടന്ന മത്സരം വീക്ഷിക്കാനെത്തിയപ്പോൾ കഫിയ ധരിച്ചുവെന്നതിന്റെ പേരിൽ റിജാസ് എം സിദ്ദീഖ്, അമീൻ, അബ്ദുള്ള, മിതിലാജ് എന്നിവരെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. തുടർന്ന് പാലാരിവട്ടം പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും അഞ്ചുമണിക്കൂറോളം കസ്റ്റഡിയിൽ വയ്ക്കുകയുമായിരുന്നു. സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് ചൊവ്വാഴ്ച (നവംബർ 12) റിജാസിന്റെ എളമക്കരയിലെ വീട്ടിലെത്തിയത്.

റിജാസ്

റിജാസ് പറയുന്നതനുസരിച്ച്, ഉദ്യോഗസ്ഥർ എത്തുമ്പോൾ ഉമ്മ ഷീബ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. മകൻ വിശ്വാസി ആണോയെന്നും ഏതൊക്കെ പുസ്തകങ്ങളാണ് വായിക്കുന്നതെന്നുമൊക്കെയായിരുന്നു ഉദ്യോഗസ്ഥരുടെ ചോദ്യം. താൻ വീട്ടിൽ രാഷ്ട്രീയം സംസാരിക്കാറുണ്ടോ എന്നും ഉമ്മയോട് ഉദ്യോഗസ്ഥർ ചോദിച്ചതായി റിജാസ് പറഞ്ഞു. ഭയന്നുപോയതിനാൽ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ തിരക്കാൻ ഉമ്മയ്ക്ക് സാധിച്ചില്ലെന്നും റിജാസ് പ്രതികരിച്ചു.

റിജാസിന് നവംബർ 12ന് രാവിലെ 11.39 ഓടെയാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിൽനിന്ന് ആദ്യ ഫോൺ കോൾ ലഭിക്കുന്നത്. ബിനിൽ എന്നാണ് ഉദ്യോഗസ്ഥൻ പരിചയപ്പെടുത്തിയതെന്നും തന്നെ നേരിട്ട് കാണണമെന്ന് അറിയിച്ചതായും റിജാസ് പറയുന്നു. നിലവിൽ തിരക്കിലാണെന്നും വൈകിട്ടോടുകൂടി കാണാമെന്നും മറുപടി നൽകിയ ശേഷം താൻ ഫോൺ വച്ചുവെന്നും റിജാസ് പറഞ്ഞു. തുടർന്നാണ് എളമക്കരയിലെ കീർത്തിനഗറിലുള്ള റിജാസിന്റെ വീട്ടിലേക്ക് രണ്ട് ഉദ്യോഗസ്ഥർ എത്തിയത്.

നേരത്തെ, കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ മാധ്യമമായ മക്തൂബ് മീഡിയയിൽ റിജാസ് എഴുതിയ റിപ്പോർട്ടിന്റെ പേരിൽ പോലീസ് കലാപശ്രമത്തിന് കേസെടുത്തിരുന്നു

പലസ്തീൻ ഐക്യദാർഢ്യ കൂട്ടായ്മയായ 'ഫ്രണ്ട്സ് ഓഫ് പലസ്തീൻ' എന്ന സംഘത്തിന്റെ കൺവീനറാണ് റിജാസ്. കൊച്ചി ജെഎൻഎൽ സ്റ്റേഡിയത്തിനകത്തേക്ക് കയറാൻ വരി നിൽക്കുമ്പോഴായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർ കഫിയ ധരിച്ചിരിക്കുന്നത് ചൂണ്ടിക്കാട്ടി റിജാസിനെയും സുഹൃത്തുക്കളെയും തടഞ്ഞുവെച്ചത്. തുടർന്ന് പാലാരിവട്ടം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും അഞ്ചുമണിക്കൂറോളം കസ്റ്റഡിയിൽ വയ്ക്കുകയും ചെയ്തിരുന്നു.

അന്ന് കൂട്ടത്തിലുണ്ടായിരുന്ന അമീൻ എന്ന യുവാവിനെ പിന്നീട് മലപ്പുറം ക്രൈം ബ്രാഞ്ച് ബന്ധപ്പെട്ടിരുന്നതായി റിജാസ് പറഞ്ഞു. കേരളാ ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ക്ലബ്ബ് സ്റ്റേഡിയത്തിൽ നിരോധിച്ചിട്ടുള്ള വസ്തുക്കളിൽ കഫിയ ഉൾപ്പെടുത്തിയിട്ടില്ല എന്നിരിക്കെയായിരുന്നു പോലീസിന്റെയും സുരക്ഷാ ജീവനക്കാരുടെയും നടപടി.

നേരത്തെ, കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ മാധ്യമമായ മക്തൂബ് മീഡിയയിൽ റിജാസ് എഴുതിയ റിപ്പോർട്ടിന്റെ പേരിൽ പോലീസ് കലാപശ്രമത്തിന് കേസെടുത്തിരുന്നു. കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിരവധി മുസ്ലിം ചെറുപ്പക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റിജാസിന്റെ അന്നത്തെ റിപ്പോർട്ട്. പിന്നാലെയാണ് മക്തൂബ് മീഡിയയ്ക്കും റിജാസിനുമെതിരെ കോഴിക്കോട് റൂറൽ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

ജയിച്ചത്‌ രാഹുൽ അല്ല, ഷാഫിയും ഷാഫിയുടെ വർഗീയതയും: പത്മജ വേണു​ഗോപാൽ

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

പാലക്കാട് ബിജെപി കോട്ടകള്‍ തകര്‍ന്നതെങ്ങനെ? എല്‍ഡിഎഫുമായുള്ള വ്യത്യാസം 2071 വോട്ടുകള്‍ മാത്രം