KERALA

മേപ്പാടി പോളിടെക്നിക്കിൽ എസ്എഫ്ഐ നേതാവിനെതിരായ ആക്രമണം; രണ്ട് പേ‍ർ കൂടി അറസ്റ്റിൽ, സ്വമേധയാ കേസെടുത്ത് യുവജന കമ്മീഷൻ

ഗൂഢാലോചന, വധശ്രമം, കലാപശ്രമം തുടങ്ങി ഗുരുതര വകുപ്പുകളാണ്‌ പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്‌.

വെബ് ഡെസ്ക്

വയനാട് മേപ്പാടി പോളിടെക്ക്നിക് കോളേജിൽ വെച്ച് എസ്എഫ്‌ഐ വനിതാ നേതാവ് അപര്‍ണയെ ആക്രമിച്ച സംഘത്തിലെ രണ്ടുപേ‍ർ കൂടി കസ്റ്റഡിയിൽ. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ അപ‍ർണ ​ഗൗരിയെ ക്രൂരമായി മ‍ർദ്ദിച്ച മയക്കുമരുന്ന് സംഘത്തിൽപ്പെട്ടവരാണ് അറസ്റ്റിലായത്. പിണങ്ങോട് പാറപ്പുറം മുഹമ്മദ് ഫര്‍ഹാന്‍, താമരശേരി കട്ടിപ്പാറ കല്ലുവീട്ടില്‍ മുഹമ്മദ് അസ്ലം എന്നിവരാണ് പിടിയിലായത്. ഇരുവരെയും കൽപ്പറ്റ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. സംഭവത്തിൽ നേരത്തെ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കിരൺ രാജ്, അതുൽ, ഷിബിലി, അബിൻ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ഗൂഢാലോചന, വധശ്രമം, കലാപശ്രമം തുടങ്ങി ഗുരുതര വകുപ്പുകളാണ്‌ പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്‌.

അപർണ

ട്രാബിയോക് എന്ന പേരിൽ പ്രവർത്തിക്കുന്ന ലഹരിസംഘമാണ് തന്നെ ആക്രമിച്ചതെന്ന് അപർണ പറഞ്ഞിരുന്നു. കോളേജിൽ മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ട്, സംഘത്തിലെ പലർക്കുമെതിരെ അപ‍ർണ നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. അപര്‍ണയെ മര്‍ദിച്ച കെഎസ്‍യു-എംഎസ്എഫ് പ്രവര്‍ത്തക‍ർക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് എസ്എഫ്ഐ ആരോപിച്ചിരുന്നു.

മേപ്പാടി പോളിടെക്നിക് കോളേജിൽ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് നേതൃത്വം കൊടുക്കവേയാണ് അപ‍ർണ ക്രൂരമായി ആക്രമിക്കപ്പെടുന്നത്. അപർണയെ അക്രമികൾ സംഘം ചേർന്ന് ആക്രമിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ അപർണ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവസ്ഥലത്തെത്തിയ മേപ്പാടി സിഐ വിപിനുനേരെയും ആക്രമണമുണ്ടായി. പോലീസിനെ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 40 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

അതിനിടെ കോളേജിലെ വിദ്യാർഥികളുടെ താമസസ്ഥലങ്ങളിൽ പോലീസ്‌ റെയ്‌ഡ്‌ നടത്തി. വിദ്യാർത്ഥികൾക്കിടയിൽ എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായുള്ള ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. വിദ്യാർത്ഥികൾ മയക്കുമരുന്ന് ഉപയോ​ഗിക്കുന്നതായുള്ള തെളിവുകൾ പോലീസിന് ലഭിച്ചു. വിദ്യാർത്ഥികൾ താമസിക്കുന്ന വീടുകളിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് ഉപയോ​ഗിക്കുന്നതിനുള്ള വസ്തുക്കളടക്കം പോലീസ് കണ്ടെടുത്തു.

അതേസമയം, അപര്‍ണയ്ക്ക് നേരെയുണ്ടാ ആക്രമണത്തിൽ സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആക്രമണത്തേക്കുറിച്ച് ജില്ലാ പൊലീസ് മേധാവിയോട് യുവജന കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. ചികിത്സയിലുള്ള അപർണ ഗൗരിയേയും കുടുംബാംഗങ്ങളേയും യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം ഫോണിൽ വിളിച്ച് സംസാരിച്ചു. അപർണയ്ക്കും കുടുംബത്തിന് വേണ്ട എല്ലാ പിന്തുണയും യുവജന കമ്മീഷൻ ഉറപ്പാക്കുമെന്നും അറിയിച്ചു.

ലഹരി മാഫിയക്കെതിരെ സർക്കാരും പൊതുസമൂഹം ആകെ തന്നെയും അതിശക്തമായ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന ഒരു സമയത്താണ് ഒരു പെൺകുട്ടിക്ക് നേരെ ഇത്തരത്തിലൊരാക്രമണം ഉണ്ടായിരിക്കുന്നത്. ലഹരി മാഫിയക്കെതിരായ ആശയ പ്രചരണവും പോരാട്ടവും ഏറ്റവും ശക്തമായി തുടരേണ്ട സാഹചര്യമാണ് നമുക്ക് മുന്നിലുള്ളത് എന്ന് ഇത്തരത്തിലുള്ള സംഭവവികാസങ്ങൾ വീണ്ടും തെളിയിക്കുകയാണ്. നമ്മുടെ കലാലയങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് ഇത്തരത്തിലുള്ള മാഫിയ സംഘങ്ങൾ ഉണ്ടാവുന്നത് വളരെ ഗൗരവത്തോടുകൂടി കാണേണ്ട വിഷയമാണെന്നും ചിന്താ ജെറോം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ