പശിയടക്കാന്‍ വഴിയില്ലാതെ ഭക്ഷണം മോഷ്ടിച്ച മധുവെന്ന ചെറുപ്പക്കാരനെ ആള്‍ക്കൂട്ടവിചാരണ നടത്തി തല്ലിക്കൊന്നത് നടുക്കുന്ന ഓര്‍മയാണ്. കയറുകൊണ്ടു കൈകള്‍ ബന്ധിക്കപ്പെട്ട്, നിസഹായതയോടെ നില്‍ക്കുന്ന മധുവിന്റെ മുഖവും എല്ലുന്തിയ ശരീരവും ഇന്നു കേരള മനസാക്ഷിക്കുനേരെ വിരല്‍ചൂണ്ടുന്നു, വിശന്നപ്പോള്‍ ഭക്ഷണം നിഷേധിച്ചവര്‍ ഇപ്പോള്‍ മധുവിന് നീതിയും നിഷേധിക്കുകയാണ്. സംഭവം നടന്നു നാലുവര്‍ഷം പിന്നിട്ടിട്ടും പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല.
ഏറെ വൈകി വിചാരണ തുടങ്ങിയപ്പോഴേക്കും പ്രോസിക്യൂഷന്‍ സാക്ഷി പട്ടികയിലെ ആറുപേരെ തുടക്കത്തിലേ സ്വാധീനിച്ചു മൊഴിമാറ്റിക്കാന്‍ പ്രതിഭാഗത്തിനായി. മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യമൊഴിയാണ് സാക്ഷികള്‍ വിചാരണയ്ക്കിടെ മാറ്റിപ്പറഞ്ഞത്. കേസിന്റെ തുടക്കം മുതല്‍ നീതി നിഷേധിക്കപ്പെടുമോയെന്ന മധുവിന്റെ കുടുംബത്തിന്റെ ആശങ്ക അസ്ഥാനത്തല്ലെന്നു വേണം മനസിലാക്കാന്‍.
പ്രതികള്‍ പണവും സ്വാധീനവും ഉപയോഗിച്ച് സാക്ഷികളെ കൂടെ കൂട്ടിയെന്നും കേസ് പിന്‍വലിക്കാന്‍ വരെ സമ്മർദ്ദമുണ്ടെന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് മധുവിന്‍റെ കുടുംബം ഉന്നയിക്കുന്നത്. കേസ് അന്വേഷണം തുടങ്ങിയ കാലം മുതല്‍ തന്നെ സർക്കാരിനെതിരെ വിമർശനം ഉയർന്നിരുന്നു. അന്വേഷണഘട്ടത്തിലും അഭിഭാഷകനെ നിയമിക്കുന്നതിലുമൊക്കെ വിവാദങ്ങള്‍ പലതായിരുന്നു.
ആദിവാസി യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത് ദേശീയ ശ്രദ്ധ നേടിയതോടെയാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് പട്ടികജാതി-വർഗ, നിയമവകുപ്പ് മന്ത്രി എ കെ ബാലന്‍ പ്രഖ്യാപിച്ചതും പിന്നീട് പി. ഗോപിനാഥിനെ നിയമിച്ചുകൊണ്ടു മന്ത്രിസഭാ തീരുമാനം വന്നതും. എന്നാല്‍, കൂടുതല്‍ ഫീസ് നല്‍കാനാകില്ലെന്ന് കാട്ടി ഗോപിനാഥിന്‍റെ നിയമനം സർക്കാർ റദ്ദാക്കി.
അതിനു ശേഷം മണ്ണാർക്കാട് എസ്‍സി-എസ്‍ടി സ്പെഷ്യല്‍ കോടതിയിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാണ് കേസില്‍ ഹാജരായിരുന്നത്. ഈ കോടതിയിലെ വിവിധ കേസുകളില്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്നയാളാണ് ഇദ്ദേഹമെന്നതിനാല്‍ മധു കേസിലെ വിചാരണയ്ക്ക് പ്രത്യേക ശ്രദ്ധ ലഭിക്കില്ലെന്ന് വിമർശനമുയർന്നു.
പിന്നീട് അദ്ദേഹത്തിനുപകരം വി ടി രഘുനാഥ് ചുമതലയേറ്റു. എന്നാല്‍ കൃത്യമായി ഹാജരാകുന്നില്ലെന്ന പരാതി ഉയർന്നതോടെ കേസില്‍ നിന്നൊഴിയാന്‍ രഘുനാഥ് കത്ത് നല്‍കി. ഒടുവില്‍ സി രാജേന്ദ്രനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു.
പ്രധാന സാക്ഷികളുടെ വിചാരണ തുടങ്ങിയ സമയത്ത് തന്നെ പ്രതിഭാഗം സാക്ഷികളെ സ്വാധീനിച്ച് കൂറുമാറ്റുമെന്ന് മധുവിന്റെ കുടുംബംആരോപിച്ചിരുന്നു. ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുമായി പ്രതികള്‍ക്ക് അടുപ്പമുണ്ടെന്നായിരുന്നു കുടുംബത്തിന്‍റെ സംശയം. 10, 11 സാക്ഷികള്‍ കൂറുമാറിയതോടെ ആശങ്കകള്‍ അസ്ഥാനത്ത് അല്ലെന്ന് വ്യക്തമായി തുടങ്ങി. മധുവിന്‍റെ ബന്ധുവായ ചന്ദ്രനും നാട്ടുകാരനായ ഉണ്ണികൃഷ്ണനുമാണ് കൂറുമാറിയത്. ഇതോടെ കൂറുമാറ്റം പ്രോസിക്യൂഷന്റെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി വിചാരണ നിര്‍ത്തിവെക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
വിസ്താരം നടത്താന്‍ തയ്യാറാണെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ സി രാജേന്ദ്രനും നടത്തരുതെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറും നിലപാടെടുത്തത് വാര്‍ത്തകളിലിടം പിടിച്ചിരുന്നു. മധുവിന്റെ കുടുംബം ആവശ്യപ്പെട്ട പ്രകാരം വിസ്താരം നിര്‍ത്തിവെക്കണമെന്നും സാക്ഷികളെ വിസ്തരിക്കുന്നതില്‍ വീഴ്ച വന്നാല്‍ കേസിനെ ബാധിക്കുമെന്നുമായിരുന്നു അഡീഷണല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോന്‍ കോടതിയില്‍ പറഞ്ഞത്.
ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിതനായതെങ്കിലും അധികം വൈകാതെ സി രാജേന്ദ്രന് സ്ഥാനമൊഴിയേണ്ടി വന്നു. പകരം രാജേഷ് എം മേനോന്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ചുമതലയേല്‍ക്കുകയും ചെയ്തു.
എന്നാല്‍, വിചാരണക്കിടെ ജൂലൈ 18 ന് പന്ത്രണ്ടാം സാക്ഷിയായ വനംവകുപ്പ് വാച്ചറും കൂറുമാറി. മധുവിനെ കാട്ടില്‍നിന്ന് പിടിച്ചു കൊണ്ടുവരുന്നതും മര്‍ദിക്കുന്നതും കണ്ടുവെന്ന് മജിസ്ട്രേറ്റിന് 164-ാം വകുപ്പനുസരിച്ച് രഹസ്യമൊഴി നല്‍കിയ ആളാണ് വാച്ചര്‍ അനില്‍കുമാര്‍. എന്നാല്‍, സംഭവം നടന്ന ദിവസവും മാസവും ഓര്‍മ്മയില്ലെന്നും മധുവിനെ അറിയില്ലെന്നും കേട്ടിട്ട് മാത്രമേ ഉള്ളൂവെന്നും അനില്‍കുമാര്‍ മൊഴി മാറ്റി. തൊട്ടടുത്ത ദിവസം 15-ാം സാക്ഷി ആനന്ദനും കൂറുമാറി. 14-ാം പ്രതി ഹരീഷിന്റെ മുക്കാലിയിലെ ബേക്കറിയില്‍ ജോലി ചെയ്തിരുന്നയാളാണ് ആനന്ദന്‍. ആള്‍ക്കൂട്ടം മധുവിനെ മുക്കാലിയിലെത്തിച്ചതിന് ദൃക്സാക്ഷിയായിട്ടായിരുന്നു ആനന്ദനെ സാക്ഷിപ്പട്ടികയില്‍ ചേർത്തത്. അടുത്ത ദിവസം തന്നെ 14ാം സാക്ഷി മെഹറുന്നീസയും മൊഴി മാറ്റി.
മൊഴി മാറ്റിയതിന് വാച്ചര്‍ അനില്‍കുമാറിനെ വനംവകുപ്പ് പിരിച്ചുവിട്ടിരുന്നു. സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നയാള്‍ പ്രോസിക്യൂഷന് അനുകൂലമായി നല്‍കിയ രഹസ്യമൊഴി തിരുത്തിയതിനായിരുന്നു നടപടി. അനില്‍കുമാറിനെതിരായ നടപടിയും കൂറുമാറ്റം തടയാനായില്ല. 16-ാം സാക്ഷിയും മറ്റൊരു വനംവകുപ്പ് വാച്ചറുമായിരുന്ന അബ്ദുല്‍ റസാഖും അടുത്ത ദിവസം തന്നെ മൊഴിമാറ്റി.
മഹസറിലെ വിരലടയാളം തന്റേതാണെങ്കിലും വായിക്കാനും എഴുതാനും അറിയില്ലെന്നും മഹസറില്‍ എന്താണ് എഴുതിയിരിക്കുന്നതെന്നു വായിച്ചുകേള്‍പ്പിച്ചിട്ടില്ലെന്നുമാണ് റസാഖ് കോടതിയില്‍ പറഞ്ഞത്. അനില്‍കുമാര്‍ പിരിച്ചുവിടപ്പെട്ടിട്ടും റസാഖ് മൊഴിമാറ്റിയതോടെ കേസ് അട്ടിമറിക്കപ്പെടുമെന്ന ആശങ്ക ശക്തമാകുകയാണ്. കൂറുമാറിയവരെല്ലാം രഹസ്യമൊഴി നല്‍കിയവരാണ്. പോലീസിന്‍റെ ഭീഷണിക്ക് വഴങ്ങിയാണ് മജിസ്ട്രേറ്റിന് മൊഴി നല്‍കിയതെന്നാണ് ഇവരുടെയെല്ലാം വിശദീകരണം.
അതേസമയം, കേസില്‍ നിര്‍ണായകമാവുകയാണ് 13-ാം സാക്ഷി സുരേഷിന്റെ മൊഴി. സുരേഷിന് പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്നും കൂറുമാറുമെന്നും മധുവിന്റെ കുടുംബം ആശങ്കപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. നല്‍കിയ രഹസ്യമൊഴിയില്‍ ഉറച്ചുനിന്ന സുരേഷ് മധുവിനെ പാക്കുളം സ്വദേശി ഹുസൈന്‍ ചവിട്ടുന്നത് കണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞു. ഈ സമയം മധുവിന്റെ കൈകള്‍ ബന്ധിച്ചിരുന്നുവെന്നും ചവിട്ടേറ്റു വീണെന്നും പറഞ്ഞ സുരേഷ് കോടതിയില്‍ പ്രതി ഹുസൈനെ തിരിച്ചറിയുകയും ചെയ്തു. മൂന്നാം പ്രതി ഷംസുദ്ദീനെയും ഏഴാം പ്രതി സിദ്ദീഖിനെയും മധുവിന്റെ ബന്ധു കൂടിയായ സുരേഷ് തിരിച്ചറിഞ്ഞു. ആറ് സാക്ഷികള്‍ മൊഴി മാറ്റിയതിന് ശേഷം പ്രോസിക്യൂഷന് ലഭിക്കുന്ന അനുകൂല മൊഴിയാണ് സുരേഷിന്റേത്. 119 സാക്ഷികളാണ്കേസിലുള്ളത്.
കൂറുമാറ്റം തടയാന്‍ സാക്ഷികള്‍ക്ക് കഴിഞ്ഞ ദിവസം മുതല്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അതൊന്നും ഫലം കണ്ടില്ല. സാക്ഷികളെ പ്രതികള്‍ ഒളിവില്‍ പാര്‍പ്പിച്ചാണ് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്ന് മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് മധുവിന്റെ സഹോദരി സരസു കൂറുമാറ്റങ്ങളെക്കുറിച്ച് സങ്കടം പറഞ്ഞത്. പ്രതികളുടെ സ്വാധീനം ഈ വിധമാണെങ്കില്‍ മധുവിന് നീതി ലഭിക്കില്ലെന്നാണ് ഇവരുടെ ഭയം.
കൂറുമാറാതിരിക്കാന്‍ സാക്ഷികള്‍ പണം ചോദിക്കുന്നുവെന്നും അട്ടപ്പാടിയില്‍ കഴിയാന്‍ ഭീഷണിയുണ്ടെന്നും കാണിച്ച് കുടുംബം പാലക്കാട് എസ്പിക്ക് ഇതിനോടകം പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ നിന്ന് പിന്മാറാനുള്ള സമ്മർദ്ദം ശക്തമാണെന്നും മറ്റ് വഴിയില്ലാത്തതിനാല്‍ മണ്ണാര്‍ക്കാട്ടേയ്ക്ക് താമസം മാറാന്‍ ആലോചിക്കുകയാണെന്നും സരസു 'ദി ഫോര്‍ത്തി'നോട് പ്രതികരിച്ചു. ഭീഷണിയും പ്രലോഭനങ്ങളും താങ്ങാനാകുന്നില്ലെന്നും ഭയന്നിട്ടാണ് തീരുമാനമെന്നും സരസു കൂട്ടിച്ചേര്‍ത്തു.
2018 ഫെബ്രുവരി 22 നാണ് മധു ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്.ജൂണ്‍ എട്ടിന് വിചാരണ തുടങ്ങിയ ഉടനെ പ്രധാനപ്പെട്ട രണ്ട് സാക്ഷികള്‍ കൂറുമാറിയത് മുതല്‍ ഉയർന്നുവരുന്ന ആരോപണങ്ങളെ ശരി വെയ്ക്കുന്നതാണ് പിന്നീട് തുടർച്ചയായിട്ടുണ്ടായ കൂറുമാറ്റങ്ങള്‍.