അട്ടപ്പാടി മധുവധക്കേസില്‍ അതിവേഗ സാക്ഷി വിസ്താരം ആരംഭിച്ചില്ല. സാക്ഷികള്‍ നിരന്തരം കൂറുമാറുന്നതിനെ തുടര്‍ന്ന് ഇന്ന് ആരംഭിക്കാനിരുന്ന അതിവേഗ സാക്ഷി വിസ്താരമാണ് മാറ്റിവച്ചത്. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഈ മാസം 16ന് പരിഗണിക്കാനായി മാറ്റിവച്ചതിനെ തുടര്‍ന്നാണ് സാക്ഷി വിസ്താരവും മാറ്റിയത്. ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിച്ചതിനുശേഷം അതിവേഗ സാക്ഷി വിസ്താരം ആരംഭിക്കാമെന്ന് മണ്ണാര്‍ക്കാട് എസ്‌സി - എസ്ടി കോടതി അറിയിച്ചു.
കേസിലെ 25 മുതല്‍ 31 വരെ സാക്ഷികളെയാണ് വിസ്തരിക്കാനുള്ളത്. ഇതുവരെ വിസ്തരിച്ച സാക്ഷികളില്‍ 13 പേര്‍ കൂറുമാറിയ സാഹചര്യത്തില്‍ വിചാരണ ഈമാസം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ദിവസേന അഞ്ച് സാക്ഷികളെ വീതം വിസ്തരിക്കാനായിരുന്നു തീരുമാനം. ആകെ രണ്ടുപേര്‍ മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി കോടതിയില്‍ ഇതുവരെ മൊഴി നല്‍കിയിട്ടുള്ളത്.
പ്രതികള്‍ മധുവിനെ പിടിച്ചുകെട്ടി മുക്കാലിയിലെത്തിക്കുന്നതും മര്‍ദ്ദിക്കുന്നതുമടക്കം നേരില്‍ കണ്ടെന്ന് മൊഴി നല്‍കിയവര്‍ ഉള്‍പ്പെടെയാണ് മൊഴി മാറ്റിയത്. കേസില്‍ ഏറ്റവും പ്രധാനപ്പെട്ട 10 മുതല്‍ 17 വരെ സാക്ഷികള്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയവരാണെന്നതും ശ്രദ്ധേയമാണ്. സാക്ഷികളുടെ തുടര്‍ച്ചയായ കൂറുമാറ്റം കേസിന്റെ ഭാവിയെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന ആശങ്ക പ്രോസിക്യൂഷന്‍ പങ്കുവെച്ചിരുന്നു. വിചാരണയുടെ ആദ്യഘട്ടം മുതല്‍ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന ആശങ്ക മധുവിന്റെ കുടുംബവും പങ്കുവെച്ചിരുന്നു.
സുപ്രധാനമായ സാക്ഷികളില്‍ 13ാം സാക്ഷി സുരേഷ് മാത്രമാണ് മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയില്‍ വിചാരണാ വേളയിലും ഉറച്ചുനില്‍ക്കുന്നത്. മധുവിനെ പാക്കുളം സ്വദേശി ഹുസൈന്‍ ചവിട്ടുന്നത് കണ്ടെന്നാണ് സുരേഷിന്‍റെ മൊഴി. മര്‍ദ്ദിക്കുന്ന സമയത്ത് മധുവിന്റെ കൈകള്‍ ബന്ധിക്കപ്പെട്ടിരുന്നുവെന്നും ചവിട്ടേറ്റ മധു തലയടിച്ചു വീഴുന്നത് കണ്ടുവെന്നും സുരേഷ് കോടതിയെ അറിയിച്ചു. പ്രതി ഹുസൈനെ കോടതിയില്‍ സുരേഷ് തിരിച്ചറിയുകയും ചെയ്തു. ഹുസൈനു പുറമേ മൂന്നാംപ്രതി ഷംസുദ്ദീനെയും ഏഴാംപ്രതി സിദ്ദിഖിനെയും മധുവിന്റെ ബന്ധു കൂടിയായ സുരേഷ് തിരിച്ചറിഞ്ഞിട്ടുണ്ട്. മധു വധക്കേസില്‍ ആകെ 116 പ്രതികളാണുള്ളത്