മധു 
KERALA

എട്ടു പ്രധാനസാക്ഷികളില്‍ ഏഴുപേരും കൂറുമാറി; മധു വധക്കേസിന്റെ 'വിധി'യെന്താകും?

10 മുതല്‍ 17 വരെയുള്ള സാക്ഷികളില്‍ 13-ാം സാക്ഷി മാത്രമാണ് മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയില്‍ ഉറച്ചുനില്‍ക്കുന്നത്.

വെബ് ഡെസ്ക്

അട്ടപ്പാടി മധു വധക്കേസിന്റെ വിചാരണയ്ക്കിടെ അരങ്ങേറിയത് കൂറുമാറ്റ പരമ്പര. പ്രധാന സാക്ഷികളായി പ്രോസിക്യൂഷന്‍ മുന്നോട്ടുകൊണ്ടുവന്ന എട്ടു സാക്ഷികളില്‍ ഏഴു പേരും വിചാരണയ്ക്കിടെ മൊഴിമാറ്റി. കേസില്‍ ആകെ 119 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 10 മുതല്‍ 17 വരെയുള്ള സാക്ഷികളില്‍ ഏഴു പേരാണ് മൊഴിമാറ്റിപ്പറഞ്ഞത്. പോലീസിന്റെ സമ്മർദ്ദത്തിന് വഴങ്ങിയായിരുന്നു രഹസ്യമൊഴി നല്‍കിയതെന്നാണ്‌ ഇവര്‍ കോടതിയേ അറിയിച്ചത്. വിചാരണയുടെ ആദ്യഘട്ടം മുതല്‍ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന ആശങ്ക മധുവിന്‍റെ കുടുംബം പങ്കുവെച്ചിരുന്നു. കൂറുമാറ്റം തടയാന്‍ കോടതി സാക്ഷികള്‍ക്ക് പോലീസ് സുരക്ഷ ഏർപ്പാടാക്കിയിട്ടും മൊഴിമാറ്റുന്നത് തുടരുകയാണ്.

കൂറുമാറ്റം കേസിനെ എങ്ങനെ ബാധിക്കും?

കേസില്‍ ഏറ്റവും പ്രധാനപ്പെട്ട 10 മുതല്‍ 17 വരെയുള്ള സാക്ഷികള്‍ മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയവരാണ്. മധുവിനെ പ്രതികള്‍ മുക്കാലിയിലെത്തിക്കുന്നതും മർദ്ദിക്കുന്നതുമടക്കം നേരില്‍ കണ്ടവരായാണ് ഇവരെ സാക്ഷിപ്പട്ടികയില്‍ ചേർത്തിരുന്നത്. എന്നാല്‍ ഇതില്‍ ഏഴു പേരും മധുവിനെ കണ്ടിട്ടില്ലെന്ന് മൊഴി മാറ്റി. മധുവിനെ അറിയുക പോലുമില്ലെന്ന് പറഞ്ഞവരുമുണ്ട്.

13-ാം സാക്ഷി സുരേഷ് മാത്രമാണ് മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയില്‍ ഉറച്ചുനില്‍ക്കുന്നത്. മധുവിനെ പാക്കുളം സ്വദേശി ഹുസൈന്‍ ചവിട്ടുന്നത് കണ്ടെന്നു നേരത്തെ നല്‍കിയ മൊഴിയില്‍ സുരേഷ് ഉറച്ചുനിന്നു. മര്‍ദ്ദിക്കുന്ന സമയത്ത് മധുവിന്റെ കൈകള്‍ ബന്ധിക്കപ്പെട്ടിരുന്നുവെന്നും ചവിട്ടേറ്റു മധു തലയടിച്ചു വീഴുന്നത് കണ്ടുവെന്നും സുരേഷ് കോടതിയെ അറിയിച്ചു. പ്രതി ഹുസൈനെ കോടതിയില്‍ സുരേഷ് തിരിച്ചറിയുകയും ചെയ്തു. ഹുസൈനു പുറമേ മൂന്നാം പ്രതി ഷംസുദ്ദീനെയും ഏഴാം പ്രതി സിദ്ദീഖിനെയും മധുവിന്റെ ബന്ധു കൂടിയായ സുരേഷ് തിരിച്ചറിഞ്ഞിട്ടുണ്ട്.

അതേസമയം, സംഭവം നേരില്‍ കണ്ട സാക്ഷികള്‍ മൊഴി മാറ്റിയതോടെ പ്രോസിക്യൂഷന്‍ പ്രതിരോധത്തിലാണ്. പ്രധാന സാക്ഷികളുടെ കൂറുമാറ്റത്താല്‍ കേസ് പരാജയപ്പെടാനുള്ള സാധ്യത പോലും തള്ളാനാകില്ലെന്ന് നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നു. കേസിന്റെ വിചാരണയുടെ ആദ്യഘട്ടം മുതല്‍ തുടങ്ങിയ കൂറുമാറ്റം പ്രോസിക്യൂഷന്റെ വീഴ്ചയാണെന്ന് മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു. തുടർന്നാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്ന സി രാജേന്ദ്രന്‍ രാജി വെച്ചത്. കുടുംബത്തിന്റെ ആവശ്യപ്രകാരം പബ്ലിക് പ്രോസിക്യൂട്ടറായി രാജേഷ് എം മേനോനെ നിയമിക്കുകയും ചെയ്തു. എന്നാല്‍, അതിനുശേഷവും കൂറുമാറ്റം തുടരുകയായിരുന്നു.

രഹസ്യമൊഴി തിരുത്താമോ?

നിർഭയമായും സ്വതന്ത്രമായും മൊഴി നല്‍കാന്‍ സാക്ഷിക്ക് നല്‍കുന്ന അവസരമാണ് സെഷന്‍ 164 പ്രകാരം മജിസ്‌ട്രേറ്റിനു മുമ്പാകെ രഹസ്യമൊഴി നല്‍കല്‍. സാക്ഷി, മൊഴി മാറ്റാനുള്ള സാധ്യത കൂടി മുന്നില്‍ കണ്ടാണ് മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി രേഖപ്പെടുത്തുന്നത്. സാക്ഷി പിന്മാറിയാലും മൊഴി നിലനില്‍ക്കുമെന്ന് നിയമപുസ്തകങ്ങളില്‍ പറയുന്നു. രണ്ടാഴ്ച മുന്‍പ് മറ്റൊരു കേസില്‍ സുപ്രിംകോടതി ഇത് അടിവരയിയിട്ടു വ്യക്തമാക്കിയിരുന്നു. വിചാരണക്കോടതിക്ക് മൊഴിയുടെ ആധികാരികത പരിശോധിക്കാമെന്നും സാക്ഷി പിന്മാറിയാലും വിശ്വാസയോഗ്യമായ വസ്തുതകള്‍ തെളിവായി സ്വീകരിക്കാമെന്നുമാണ്‌ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി. പര്‍ദിവാല എന്നിവരടങ്ങിയ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്. മധു വധക്കേസിലും ഈ സാധ്യത നിലനില്‍ക്കുന്നുണ്ട്. സാക്ഷികളുടെ മൊഴി തള്ളണോ കൊള്ളണോയെന്ന് വിചാരണക്കോടതിക്ക് തീരുമാനിക്കാം.

സാധാരണ രഹസ്യമൊഴി തിരുത്തുന്ന കേസുകളില്‍ തുടർനടപടിക്ക് പ്രോസിക്യൂഷന്‍ ശ്രമിക്കാറില്ല. എന്നാല്‍, കൂറുമാറ്റം പ്രോസിക്യൂഷന്‍ വീഴ്ചയാണെന്ന ആരോപണം നിലനില്‍ക്കുന്നതിനാലും തുടർച്ചയായി സാക്ഷികള്‍ മൊഴി മാറ്റുന്നതിനാലും മധു വധക്കേസില്‍ പ്രോസിക്യൂഷന്‍ നടപടിക്കൊരുങ്ങുകയാണ്. കൂറുമാറിയവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് നീക്കം.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്