മന്ത്രവാദ പൂജ നടത്താനെന്ന പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. സൗത്ത് മാറാടി പാറയില്‍ അമീറിനെയാണ് പുത്തന്‍കുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം ജില്ലയിലെ കടമറ്റം നമ്പ്യാരുപടിയിലാണ് സംഭവം.
ദോഷം മാറ്റാനുള്ള പൂജയ്ക്കാണെന്നു പറഞ്ഞ് കുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി കരഞ്ഞ് കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ ഇയാളെ വാഴക്കുളത്തു നിന്നുമാണ് പോലീസ് പിടികൂടിയത്.
ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അമീറിന് രാത്രി തട്ടുകടയില്‍ ഭക്ഷണം ഉണ്ടാക്കലായിരുന്നു ജോലി. പിന്നീട് സ്വന്തമായി തട്ടുകട നടത്തിയെങ്കിലും നഷ്ടമാണെന്ന് പറഞ്ഞ് നിര്‍ത്തി. തുടര്‍ന്ന് ജോത്സ്യവും മന്ത്രവാദവുമായി വരികയായിരുന്നു. നാല് വര്‍ഷമായി കടമറ്റം നമ്പ്യാരുപടിയില്‍ ജോതിഷ കേന്ദ്രം നടത്തുകയായിരുന്നു ഇയാള്‍.
പോലീസ് ഇടപെട്ട് ഒരു പ്രാവശ്യം ഇയാളുടെ കേന്ദ്രം അടപ്പിക്കുകയും ചെയ്തിരുന്നു. മന്ത്രവാദത്തിന്റെ പേരില്‍ നിരവധി പേരെ ഇയാള്‍ കബളിപ്പിച്ചതായും സൂചനയുണ്ട്. ഇന്‍സ്പെക്ടര്‍ ടിദിലീഷ്, എസ്ഐമാരായ കെ സജീവ്, സി ഒ സജീവ്, എ.എസ്ഐമാരായ മനോജ് കുമാര്‍, മുരളീധരന് , ജിഷ മാധവന്, എസ്സിപിഒ മാരായ ബി ചന്ദ്രബോസ്, ഡിനില്‍ ദാമോധരന് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.