തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് കൂടിന് പുറത്തു ചാടി. മൃഗശാലയിൽ പുതുതായി എത്തിച്ച ഹനുമാൻ കുരങ്ങാണ് പുറത്തു ചാടിയത്. പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദർശകർക്ക് കാണാനായി തുറന്ന് വിടുന്ന ചടങ്ങ് മറ്റന്നാൾ നടക്കാനിരിക്കെ, കൂട് തുറന്ന് പരീക്ഷണം നടത്തിയപ്പോഴാണ് കുരങ്ങ് ചാടിപ്പോയത്. കുരങ്ങ് അക്രമ സ്വഭാവമുള്ളതായതിനാല്‍ പ്രദേശത്ത് അധികൃതർ ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. ജീവനക്കാർ സമീപപ്രദേശങ്ങളില്‍ തിരച്ചില്‍ ആരംഭിച്ചു.
പുതിയതായി എത്തിയ മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിൽ മൃഗശാല അധികൃതർക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തൽ. ഹനുമാൻ കുരങ്ങിന് 15 ദിവസത്തെ കോറന്റൈൻ വേണമെന്ന നിർദ്ദേശവും പാലിച്ചില്ലെന്നാണ് വിവരം. മുന്‍പും തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൃഗങ്ങള്‍ പുറത്തുചാടിയിട്ടുണ്ട്. കൂട്ടില്‍ നിന്ന് പുറത്ത് കടന്ന ബംഗാള്‍ കുരങ്ങനെ തിരികെ കൂട്ടില്‍ കയറ്റാന്‍ ശ്രമിച്ച ജീവനക്കാരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.