KERALA

ആവിക്കല്‍ സമരത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുള്ളവരെന്ന് മന്ത്രി; നിയമസഭയില്‍ വാക്ക്‌പോര്

ആവിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരായ സമരവും പോലീസ് നടപടിയും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ അവതരണ നോട്ടീസിനായിരുന്നു മന്ത്രിയുടെ മറുപടി

വെബ് ഡെസ്ക്

കോഴിക്കോട് ആവിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരായ സമരത്തിന് പിന്നില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമെന്ന് തദ്ദേശവകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍. സമരത്തിന് നേതൃത്വം നല്‍കിയത് തീവ്രവാദ ബന്ധമുള്ളവരെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ആവിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരായ പ്രദേശവാസികളുടെ സമരവും പോലീസ് നടപടിയും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ അവതരണ നോട്ടീസിനായിരുന്നു മന്ത്രിയുടെ മറുപടി.

എന്നാല്‍, ജനകീയ സമരത്തിന് നേതൃത്വം നല്‍കുന്നവരെ സര്‍ക്കാര്‍ തീവ്രവാദിക്കളാക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സമരങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ തീവ്രവാദ ബന്ധം ആരോപിക്കുകയാണ് സര്‍ക്കാരെന്നായിരുന്നു എം കെ മുനീര്‍ എംഎല്‍എയുടെ പരാമര്‍ശം. ആവിക്കലിലെ സമരപന്തല്‍ പോലീസ് കൈയേറി. കാഴ്ചാ വൈകല്യമുള്ള ആളെ പോലും വളഞ്ഞിട്ട് തല്ലി. പ്രദേശവാസികള്‍ക്കെതിരെ കള്ളക്കേസെടുത്തെന്നും പ്രതിപക്ഷം ആരോപിച്ചു.

ജനകീയ സമരത്തിന് നേതൃത്വം നല്‍കുന്നവരെ സര്‍ക്കാര്‍ തീവ്രവാദിക്കളാക്കുകയാണെന്ന് പ്രതിപക്ഷം

രാജാവിനെകാള്‍ വലിയ രാജഭക്തിയാണ് ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. യുഡിഎഫ് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരല്ല, അത് നടപ്പാക്കാന്‍ തെരഞ്ഞെടുക്കുന്ന സ്ഥലമാണ് പ്രശ്നം. പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവച്ച് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകണം പകരം സ്ഥലം കണ്ടെത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

എന്നാല്‍ പദ്ധതി ജനജീവിതത്തെ ബാധിക്കില്ലെന്ന് മന്ത്രി നിയമസഭയില്‍ ആവര്‍ത്തിച്ചു. കോര്‍പ്പറേഷന്റെ കൈവശമുള്ള 74 സെന്റ് സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. പൊലീസിനെ അക്രമിക്കുകയും ബാരിക്കേഡ് തകര്‍ത്ത് കോര്‍പറേഷന്റെ അകത്തുകയറി പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസെടുത്തത്. പദ്ധതി നടപ്പാക്കില്ലെങ്കില്‍ മാലിന്യ സംസ്‌കരണത്തിന് കേന്ദ്രം അനുവദിച്ച ധനസഹായം നഷ്ടമാകും. പ്ലാനാന്റുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍ നല്‍കിയ നിര്‍ദേശങ്ങളും പാലിക്കുമെന്നും എം വി ഗോവിന്ദന്‍ സഭയില്‍ പറഞ്ഞു. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി

മുനമ്പം വഖഫ് ഭൂമിപ്രശ്നം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

മഹാരാഷ്ട്രയിൽ ഇനി മുഖ്യമന്ത്രി ആരെന്ന ചർച്ച, ചരിത്ര വിജയത്തിൽ എൻഡിഎ, ഝാർഖണ്ഡ് നിലനിർത്തി ഇന്ത്യ മുന്നണി

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

ജയിച്ചത്‌ രാഹുൽ അല്ല, ഷാഫിയും ഷാഫിയുടെ വർഗീയതയും: പത്മജ വേണു​ഗോപാൽ