പതിനാല് സര്‍വകലാശാലകളുടെ ചാന്‍സിലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റുന്നതുമായി ബന്ധപ്പെട്ട ബില്ലില്‍ വ്യക്തതയില്ലെന്ന് കുറിപ്പെഴുതി കൃഷിവകുപ്പ് സെക്രട്ടറി ബി അശോക്. എന്തുകൊണ്ട് ഗവര്‍ണറെ മാറ്റുന്നു എന്നത് ഫയലില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് ഒന്നര പേജുള്ള കുറിപ്പില്‍ പറയുന്നു. എന്നാല്‍, ബി അശോകിന്റെ നടപടിയില്‍ മന്ത്രിസഭ അതൃപ്തി രേഖപ്പെടുത്തി.
ഉദ്യോഗസ്ഥരുടെ പരിധി വിട്ടുള്ള ഇടപെടലാണിതെന്ന വിലയിരുത്തലിലാണ് മന്ത്രിസഭാ യോഗം എത്തിയത്. ഇക്കാര്യത്തില്‍ കടുത്ത അമര്‍ഷം മന്ത്രിമാര്‍ പ്രകടിപ്പിച്ചു. ഇത് ബി അശോകിനെ അറിയിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
നടപടി ഒട്ടും ഉചിതമായില്ല എന്നാണ് മന്ത്രിസഭയുടെ വിലയിരുത്തല്‍. ആവശ്യത്തിന് നിയമോപദേശം തേടിയതിന് ശേഷമാണ് ബില്ലിന്റെ കരടിന് രൂപം നല്‍കിയത്. അതില്‍ ഇത്തരത്തിലുള്ള ഒരു പരാമര്‍ശം വന്നത് ഒട്ടും ശരിയായ രീതിയിലായില്ല എന്നാണ് ഉയരുന്ന വിമര്‍ശനം.
ചാന്‍സലർക്കെതിരെ പെരുമാറ്റദൂഷ്യ ആരോപണങ്ങളുണ്ടായാൽ നീക്കം ചെയ്യുന്നതിന് അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് അധികാരമുണ്ടായിരിക്കുമെന്ന് വ്യവസ്ഥ
സര്‍വ്വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലിന് മന്ത്രിസഭായോഗം ഇന്നാണ് അംഗീകാരം നല്‍കിയത്. ഡിസംബര്‍ അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ ബില്‍ അവതരിപ്പിക്കും. ഓരോ സര്‍വകലാശാലയ്ക്കും പ്രത്യേകം ഭേദഗതി ആവശ്യമായതിനാല്‍ സമാന സ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലര്‍ എന്ന നിലയില്‍ ആകെ അഞ്ച് ബില്ലുകളാണ് തയ്യാറാക്കിയിട്ടുള്ളത്.
ചാന്‍സലറുടെ ആനുകൂല്യങ്ങളും മറ്റ് ചെലവുകളും സര്‍വകലാശാലയുടെ തനത് ഫണ്ടില്‍ നിന്ന് ഉപയോഗിക്കാനാണ് തീരുമാനം. നിയമിക്കപ്പെടുന്ന ചാന്‍സലർക്കെതിരെ ഗുരുതരമായ പെരുമാറ്റദൂഷ്യ ആരോപണങ്ങളുണ്ടായാൽ ചുമതലകളില്‍ നിന്ന് നീക്കം ചെയ്യുന്നതിന് സുപ്രീംകോടതിയിലെയോ ഹൈക്കോടതിയിലെയോ ജഡ്ജായിരുന്ന ഒരാള്‍ നടത്തുന്ന അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് അധികാരമുണ്ടായിരിക്കുമെന്നും കരട് ബില്ലില്‍ വ്യവസ്ഥയുണ്ട്.