സാഹിത്യ അക്കാദമി വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം നിരസിച്ച് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. തൃശൂരിൽ സംഘടിപ്പിച്ച രാജ്യാന്തര സാഹിത്യോത്സവത്തിൽ പങ്കെടുത്തിട്ട് കൃത്യമായി പ്രതിഫലം ലഭിച്ചില്ല എന്ന ചുള്ളിക്കാടിന്റെ വിമർശനം ചർച്ചയായതോടെ, കവിക്ക് നഷ്ടപരിഹാരം വാഗ്ദാനം ചെയ്ത് സാഹിത്യ അക്കാദമി രംഗത്തെത്തുകയായിരുന്നു. എന്നാൽ പ്രതിഷേധം മാത്രമായിരുന്നു തന്റെ ഉദ്ദേശ്യമെന്നും നഷ്ടപരിഹാരം നല്‍കി ഒതുക്കാന്‍ ശ്രമിക്കേണ്ട എന്നും ബാലചന്ദ്രൻ ചുള്ളിക്കാട് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
'പണമോ സാഹിത്യ അക്കാദമിയോ കവി സച്ചിദാനന്ദനോ ആയിരുന്നില്ല തന്റെ പ്രതിഷേധത്തിന്റെ ലക്ഷ്യം. മിമിക്രിക്കാർക്കും പാട്ടുകാർക്കും നർത്തകർക്കും സിനിമാ-സീരിയൽ താരങ്ങൾക്കുമെല്ലാം പതിനായിരങ്ങളും ലക്ഷങ്ങളും നൽകുന്ന സമൂഹം തങ്ങളെ പോലുള്ള കവികളോട് അവഗണനയും വിവേചനവും കാണിക്കുകയാണ്. ഇത് തന്റെ അക്കാദമി അനുഭവത്തെ മുൻനിർത്തി വെളിപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും' ചുള്ളിക്കാട് പറഞ്ഞു.
സാഹിത്യ സമ്പർക്കത്തിന്റെ വിശാല മേഖലകൾ തുറക്കുന്ന സാഹിത്യോത്സവത്തെയും പ്രിയ കവി സച്ചിദാനന്ദനെയും എന്നും ആദരിക്കുന്നു. സർക്കാരും സമൂഹവും കവികളോടുള്ള സമീപനത്തിൽ മാറ്റം വരുത്തുകയാണ് വേണ്ടത്.
രണ്ടു മണിക്കൂർ പ്രഭാഷണത്തിന് കേരള സാഹിത്യ അക്കാദമി നൽകിയ 2400 രൂപ തന്റെ വണ്ടിക്കൂലിക്കു പോലും തികഞ്ഞിരുന്നില്ല എന്നും, സമൂഹം അക്കാദമിയിലൂടെ എനിക്കിട്ട വിലയാണ് ഇതെന്നുമായിരുന്നു ആദ്യകുറിപ്പിലെ ചുള്ളിക്കാടിന്റെ പ്രധാനപരാമർശം.