KERALA

ദരിദ്രനായിരിക്കുക എന്നത് ഒരു കുറ്റമല്ലെന്ന് ഹൈക്കോടതി

ബാലഭിക്ഷാടനത്തിന്റെ പേരില്‍ പോലീസ് പിടികൂടിയ നാടോടികളായ കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം വിടണമെന്നും നിര്‍ദേശം

നിയമകാര്യ ലേഖിക

ദരിദ്രനായിരിക്കുക എന്നത് ഒരു കുറ്റമല്ലെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി. മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു കോടതിയുടെ വിധി. ദരിദ്രനായിരിക്കുന്നത് ഒരു കുറ്റമല്ല. അക്രമത്തിന്റെ ഏറ്റവും മോശമായ അവസ്ഥയാണ് ദാരിദ്ര്യം എന്ന് പറഞ്ഞത് മഹാത്മാ ഗാന്ധിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ബാലഭിക്ഷാടനത്തിന്റെ പേരില്‍ പോലീസ് പിടികൂടിയ കുട്ടികളെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് നാടോടികളായ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ വാക്കുകള്‍. പോലീസ് പിടികൂടിയ ആറും ഏഴും വയസുള്ള കുട്ടികളെ വിട്ടു നല്‍കാനും കോടതി നിര്‍ദേശിച്ചു.

മാതാപിതാക്കളെ സഹായിക്കാന്‍ കുട്ടികള്‍ പേനയും ചെറിയ സാധനങ്ങളും വില്‍ക്കുന്നത് എങ്ങനെയാണ് ബാലവേലയാകുന്നതെന്ന് മനസിലാകുന്നില്ലെന്ന് കോടതി പറഞ്ഞു. തെരുവില്‍ അലഞ്ഞു തിരിഞ്ഞു കച്ചവടം നടത്താന്‍ വിടാതെ അവരെ പഠിപ്പിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മാതാപിതാക്കള്‍ സ്ഥിരവാസമില്ലാതെ ഊരു ചുറ്റുമ്പോള്‍ എങ്ങനെയാണ് കുട്ടികള്‍ക്ക് വിദ്യാഭ്യാസം സാധ്യമാകുക -കോടതി ചോദിച്ചു.

കുട്ടികളെ കസ്റ്റഡിയിലെടുത്ത് മാതാപിതാക്കളില്‍ നിന്ന് അകറ്റാന്‍ പോലീസിന് കഴിയില്ല. പോലീസിനോ ശിശുക്ഷേമ സമിതിക്കോ ഇത്തരത്തില്‍ കുട്ടികളെ അകറ്റി നിര്‍ത്താനാവില്ല. ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ച്, കുട്ടികളുടെ ക്ഷേമത്തിനാണ് പരിഗണന്ന നൽകേണ്ടത്. പരിചരണത്തിന്റെ പ്രാഥമിക ഉത്തരവാദിത്തവും കുട്ടിയുടെ സംരക്ഷണവും പ്രാഥമികമായി കുടുംബത്തിന്റേതാണ്. അതുകൊണ്ട് കുട്ടികളെ മാതാപിതാക്കളിൽ നിന്നും വേർപിരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ നവംബര്‍ 29ന് കൊച്ചി നഗരത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ആറും ഏഴും വയസുള്ള ആണ്‍കുട്ടികളെ തനിച്ച് കണ്ടെത്തിയത്. ബാലഭിക്ഷാടനത്തിന്റെ പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് ആണ്‍കുട്ടികളെയും പിന്നീട് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാക്കി. എറണാകുളം ബ്രോഡ് വേയിൽ തെരുവുകച്ചവടം നടത്തുന്ന കുടുംബം കുട്ടികളെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് സമീപിച്ചെങ്കിലും പറ്റില്ലെന്നായിരുന്നു ശിശുക്ഷേമ സമിതിയുടെ മറുപടി. മുത്തശിയോടൊപ്പം നഗരത്തിലെത്തിയ കുട്ടികളെ, മുത്തശി ശുചിമുറിയില്‍പോയ സമയത്ത് കൂട്ടിക്കൊണ്ടു പോവുകയായിരുന്നെന്നും മാതാപിതാക്കള്‍ പറഞ്ഞു.

കുട്ടികളെ വിട്ടുനല്‍കുന്നതിനായി ഡിഎന്‍എ പരിശോധനയ്ക്കടക്കം തയ്യാറാണെങ്കിലും അധികൃതര്‍ കടുത്ത ഉപാധികൾ മുന്നോട്ടുവെച്ചതോടെയാണ് ഇവർ കോടതിയെ സമീപിച്ചത്. സീസണ്‍ നോക്കി കച്ചവടം നടത്താന്‍ ഡല്‍ഹിയില്‍ നിന്നെത്തിയവരായിരുന്നു കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബം.

അതേസമയം, കുട്ടികൾ ഇവരുടേതാണോയെന്ന് സ്ഥിരീകരിക്കാനാവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നായിരുന്നു ശിശുക്ഷേമ സമിതി കോടതിയില്‍ അറിയിച്ചത്. വിട്ടുനല്‍കിയാല്‍ കുട്ടികളുടെ താമസവും പഠനവും അടക്കമുള്ള കാര്യങ്ങളില്‍ ആശങ്കയുണ്ട്. ബാലനീതി നിയമപ്രകാരം കുട്ടികളെ ഡല്‍ഹി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറുമെന്നും ശിശുക്ഷേമ സമിതി അറിയിച്ചിരുന്നു. എന്നാൽ കുട്ടികൾ മാതാപിതാക്കൾക്കൊപ്പം പേന വിൽക്കുന്നതിലും മറ്റും സഹായിക്കുന്നത് ബാലവേലയ്ക്ക് തുല്യമാകുന്നതെങ്ങനെയെന്ന് മനസിലാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ വിധി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ