ലൈംഗികാരോപണ കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ പരാതി നല്‍കി ബംഗാളി നടി. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ രഞ്ജിത് മോശമായി പെരുമാറി എന്നായിരുന്നു നടിയുടെ ആരോപണം. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് ഇ-മെയില്‍ വഴിയാണ് പരാതി നല്‍കിയിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ ഔദ്യോഗികമായി പരാതി നല്‍കുന്നില്ല എന്ന നിലപാടിലായിരുന്നു നടി. ചലച്ചിത്ര മേഖലയില്‍ ഉയര്‍ന്ന പരാതികള്‍ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുതിര്‍ന്ന വനിത ഐപിഎസ് ഉദ്യോഗസഥരുള്‍പ്പെടെ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതിന്‌റെ അടിസ്ഥാനത്തിലാണ് ഔദ്യോഗികമായി പരാതിന നല്‍കാന്‍ നടി തീരുമാനിച്ചത്. ഇതിന്‌റെ അടിസ്ഥാനത്തിലാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി കൈമാറിയത്.
'2009-ല്‍ പാലേരി മാണിക്യം സിനിമയുടെ ചര്‍ച്ചയ്ക്കു വേണ്ടിയാണ് തന്നെ കൊച്ചിയിലേക്ക് വിളിപ്പിച്ചത്. കലൂരിനും കടവന്ത്രയ്ക്കും ഇടയ്ക്കുള്ള ഫ്‌ലാറ്റില്‍വച്ച് ദുരുദ്ദേശ്യത്തോടുകൂടി സംവിധായകന്‍ തന്നോട് പെരുമാറി. ആദ്യം കൈകളില്‍ സ്പര്‍ശിച്ചു. പിന്നീട് ശരീരത്തിന്‌റെ പല ഭാഗങ്ങളിലും സ്പര്‍ശിക്കാന്‍ തുടങ്ങി. യഥാര്‍ഥത്തില്‍ സിനിമയുടെ കഥയോ ചര്‍ച്ചയോ ഒന്നുമല്ല, ലൈംഗിക താല്‍പര്യങ്ങളാണ് രഞ്ജിത്തിനുള്ളതെന്ന് ബോധ്യമായതോടുകൂടി ഒരുവിധത്തില്‍ ആ ഫ്‌ലാറ്റില്‍നിന്ന് മാറി. അതേസമയം മടക്കയാത്രയ്ക്ക് ടിക്കറ്റെടുത്ത് നല്‍കാനും അദ്ദേഹം തയ്യാറായില്ല. തുടര്‍ന്ന് സഹപ്രവര്‍ത്തകന്‍ കൂടിയായ തിരക്കഥാകൃത്ത് ജോഷി ജോസഫിന്‌റെ സഹായത്തോടുകൂടിയാണ് താന്‍ കൊല്‍ക്കത്തയ്ക്ക് മടങ്ങിയതെന്നും' നടിയുടെ പരാതിയില്‍ പറയുന്നു. സ്ത്രീത്വത്തെ അപമാനിച്ചു, ക്രിമിനല്‍ നിയമനടപടി സ്വീകരിക്കണമെന്നും നടി ആവശ്യപ്പെട്ടു.
നടിയുടെ ആരോപണങ്ങള്‍ക്കു പിന്നാലേ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രഞ്ജിത് രാജിവെച്ചിരുന്നു. രാഷ്ട്രീയ- ചലച്ചിത്ര മേഖലകളിലെ പ്രമുഖരിൽ നിന്നുൾപ്പെടെ സമ്മർദ്ദം ശക്തമായതിന് പിന്നാലെയായിരുന്നു രാജി. എന്നാല്‍ എന്നാല്‍ നടിയുടെ ആരോപണത്തെ സംവിധായകന്‍ രഞ്ജിത് നിഷേധിച്ചിരുന്നു. കഥാപാത്രത്തിന് അനുയോജ്യമല്ലാത്തതുകൊണ്ടാണ് അവരെ പരിഗണിക്കാതിരുന്നതെന്നും നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും രഞ്ജിത് പറഞ്ഞിരുന്നു.