ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ 
KERALA

ഗവര്‍ണറെ 'ഒതുക്കാന്‍' സര്‍ക്കാര്‍; സര്‍വകലാശാല നിയമ ഭേദഗതി ബില്‍ ഇന്ന് സഭയില്‍; ഒപ്പിടില്ലെന്നുറച്ച് ഗവര്‍ണര്‍

ആഗസ്റ്റ് 16ന് ചേർന്ന മന്ത്രിസഭായോഗം ബില്ലിന് അംഗീകാരം നല്‍കിയിരുന്നു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പുണ്ടെങ്കിലും ബില്‍ സഭയില്‍ പാസാകും

വെബ് ഡെസ്ക്

സർക്കാർ-ഗവർണർ പോര് കനക്കുന്നതിനിടെ സർവകലാശാലകളിലെ വൈസ് ചാന്‍സലർ നിയമനത്തില്‍ ചാന്‍സലറായ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. വി സി നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റിയിൽ രണ്ട് അംഗങ്ങളെ കൂടി ചേർത്ത് സർക്കാരിന് മേൽക്കൈ സ്ഥാപിക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവായിരിക്കും ബില്‍ അവതരിപ്പിക്കുക. ആഗസ്റ്റ് 16ന് ചേർന്ന മന്ത്രിസഭായോഗം ബില്ലിന് അംഗീകാരം നല്‍കിയിരുന്നു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പുണ്ടെങ്കിലും ബില്‍ സഭയില്‍ പാസാകും. അതേസമയം, ബില്ലില്‍ ഒപ്പിടില്ലെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്.

വി സി നിയമനസമിതിയുടെ ഘടന മാറ്റുക എന്നതാണ് ഭേദഗതി ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ഗവര്‍ണര്‍, യുജിസി, സര്‍വകലാശാല നോമിനികളായി മൂന്ന് അംഗങ്ങളാണ് സമിതിയിലുള്ളത്. അതിനെ അഞ്ചാക്കാനാണ് നിയമ ഭേദഗതി. ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഉള്‍പ്പെടുത്തി സമിതി കണ്‍വീനറാക്കും. ഒരു സര്‍ക്കാര്‍ പ്രതിനിധിയും സമിതിയില്‍ ഇടംപിടിക്കും. സമിതിയില്‍ ഭൂരിപക്ഷമാകുന്നതോടെ, വിസി നിയമന കാര്യത്തില്‍ സര്‍ക്കാരിന് കൂടുതല്‍ അധികാരമാകും. കാലിക്കറ്റ്, കണ്ണൂർ, സംസ്കൃത സർവകലാശാലകളിലെ വിസി നിയമനങ്ങളിൽ ഗവർണർ സർക്കാരിനെതിരെ പരസ്യവിമർശനം നടത്തിയിരുന്നു. ഇരുപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടല്‍ കടുത്തതോടെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

സര്‍വകലാശാല നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാണ്. എന്നാല്‍, സഭയില്‍ അതിനെയെല്ലാം മറികടന്ന് ബില്‍ പാസാക്കാന്‍ സര്‍ക്കാരിന് സാധിക്കും. അതേസമയം, ബില്ലില്‍ ഒപ്പിടില്ലെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരിക്കുന്നത്. ബില്‍ നിയമമാകണമെങ്കില്‍ താന്‍ തന്നെ ഒപ്പിടണം. ഭരണഘടനാ വിരുദ്ധമായ ബില്ലുകളില്‍ ഒപ്പിടില്ല. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ച്ചയുടെ വക്കിലാണെന്നുമായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

വിസി നിയമനം ഉള്‍പ്പെടെ കാര്യങ്ങളില്‍ സര്‍ക്കാരും ഗവര്‍ണറുമായുള്ള പരസ്യപ്പോരിനെ തുടര്‍ന്നാണ് ബില്‍ ഇന്ന് സഭയിലെത്തുന്നത്. ഡല്‍ഹിയിലായിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഇന്ന് സംസ്ഥാനത്തെത്തും. കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന് കാരണം കാണിക്കൽ നോട്ടീസ് നൽകുന്നത് ഉള്‍പ്പെടെ നടപടികള്‍ ചാന്‍സലറായ ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടായേക്കും. സര്‍ക്കാര്‍ നടപടിക്കെതിരെ കൂടുതല്‍ പ്രതികരണങ്ങളും ഇന്നുണ്ടായേക്കും.

അതിനിടെ, നിയമസഭയില്‍ അവതരിപ്പിച്ച ലോകായുക്ത ഭേദഗതി ബില്‍ ചൊവ്വാഴ്ച സബ്ജക്ട് കമ്മിറ്റിക്ക് വിട്ടിരുന്നു. ഏറെ നേരം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടത്. സബ്ജറ്റ് കമ്മിറ്റി റിപ്പോര്‍ട്ടും ഇന്ന് സഭയില്‍ അവതരിപ്പിക്കും. സിപിഐയുടെ ബദല്‍ നിർദേശങ്ങളും ബില്ലില്‍ ഉള്‍പ്പെടുത്തി. ഔദ്യോഗിക ഭേദഗതിയായി ഉള്‍പ്പെടുത്താന്‍ സബ്ജക്ട് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരായ ലോകായുക്തയുടെ ഉത്തരവുകളില്‍ നിയമസഭയാകും തീരുമാനമെടുക്കുക. മന്ത്രിമാര്‍ക്കെതിരായ ഉത്തരവുകളില്‍ മുഖ്യമന്ത്രിയും എംഎല്‍എമാര്‍ക്ക് എതിരായതില്‍ സ്പീക്കര്‍ക്കും തീരുമാനമെടുക്കാം.

വീണ്ടും ഹിയറിങ് നടത്തി ലോകായുക്ത വിധി സർക്കാരിന് തള്ളാമെന്നതാണ് ഭേദഗതിക്കെതിരെ പ്രതിഷേധമുയരാന്‍ കാരണം. ജുഡീഷ്യല്‍ സംവിധാനത്തിന്റെ അധികാരം എക്സിക്യൂട്ടിവ് തട്ടിയെടുക്കുന്നതാണ് ഭേദഗതിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് സഭയിലെത്തുമ്പോള്‍ പ്രതിപക്ഷം എന്ത് നിലപാടെടുക്കുമെന്നാണ് അറിയേണ്ടത്.

11 ഓർഡിനന്‍സുകളുടെ കാലാവധി പുതുക്കാനുള്ള തീരുമാനം ഗവർണർ എതിർത്തതോടെയാണ് ബില്ലുകള്‍ അവതരിപ്പിക്കാന്‍ സർക്കാർ നിയമസഭാ സമ്മേളനം വിളിച്ചത്. ബില്ലുകള്‍ ഗവർണർ തിരിച്ചയച്ചാല്‍ അവ വീണ്ടും പാസാക്കി അയക്കാം. വീണ്ടും അയച്ചാല്‍ ഗവർണർ ഒപ്പിടേണ്ടി വരും. അതേസമയം, ബില്ലുകള്‍ തിരിച്ചയക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ ഗവർണർ അത് ആയുധമാക്കുമോയെന്നാണ് സർക്കാരിന്റെ ആശങ്ക.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ