ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡന കേസ് ബോംബെ ഹൈക്കോടതിയില്‍ ഒത്തുതീര്‍പ്പായി. ബിനോയ് കോടിയേരിയും യുവതിയും ചേര്‍ന്ന് നല്‍കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥ ബോംബെ ഹൈക്കോടതി അംഗീകരിച്ചു. കുട്ടിയുടെ ഭാവിയ്ക്കായി 80 ലക്ഷം രൂപ യുവതിക്ക് കൈമാറിയതായാണ് ഒത്തുതീര്‍പ്പ് കരാറില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട നിയമനടപടികളെല്ലാം അവസാനിപ്പിച്ചതായി യുവതി കോടതിയില്‍ അറിയിച്ചു. ചൊവ്വാഴ്ചയാണ് ഹൈക്കോടതി കേസ് ഒത്തുതീര്‍പ്പാക്കിയത്.ജസ്റ്റിസുമാരായ ആര്‍.പി. മൊഹിത് ദേരെ, എസ്.എം. മോദക് എന്നിവരടങ്ങിയ ബെഞ്ചാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥ അംഗീകരിച്ചത്. കുട്ടിയുടെ പിതൃത്വം ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ ബിനോയ് കോടിയേരി നിഷേധിച്ചിട്ടില്ല.
ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് 2019ലാണ് യുവതി ആരോപിക്കുന്നത്. ബന്ധത്തില്‍ എട്ട് വയസുള്ള ആണ്‍കുട്ടിയുണ്ടെന്നും ആരോപിച്ചിരുന്നു. കുട്ടിയെ വളര്‍ത്താന്‍ പണം ആവശ്യപ്പെട്ടാണ് യുവതി പരാതി നല്‍കിയത്. വ്യാജക്കേസാണെന്ന് ബിനോയ് കോടിയേരി ചൂണ്ടിക്കാട്ടിയതോടെ ഡിഎന്‍എ പരിശോധനയ്ക്ക് കോടതി നിര്‍ദേശിച്ചു. ഡിഎന്‍എ ഫലം പുറത്തുവിടണമെന്ന് യുവതിയും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേസ് ഒത്തുതീര്‍പ്പിലെത്തിയത്.