കോട്ടയം ജില്ലയിലെ ആർപ്പൂക്കര, തലയാഴം പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. രോഗം പടരാതിരിക്കാന്‍ രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ എണ്ണായിരത്തോളം വളർത്തു പക്ഷികളെ മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ കൊന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇവിടങ്ങളില്‍ അണുനശീകരണം നടത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കും മൃഗസംരക്ഷണ വകുപ്പിനും കളക്ടറേറ്റില്‍ കൂടിയ അടിയന്തര യോഗത്തില്‍ കളക്ടര്‍ നിര്‍ദേശം നല്കി.
പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രത്തിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ കോഴി, താറാവ്, കാട, മറ്റു വളര്‍ത്തുപക്ഷികള്‍ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ വില്പനയും കടത്തലും ഡിസംബര്‍ 13 മുതല്‍ മൂന്നു ദിവസത്തേക്ക് നിരോധിച്ചു.
പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രത്തിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ കോഴി, താറാവ്, കാട, മറ്റുവളര്‍ത്തുപക്ഷികള്‍ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ വില്പനയും കടത്തലും ഡിസംബര്‍ 13 മുതല്‍ 3 ദിവസത്തേക്ക് നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. രോഗം കണ്ടെത്തിയതിന് പത്തുകിലോമീറ്റര്‍ ചുറ്റളവിലുള്ള 19 തദ്ദേശ സ്വയംഭരണസ്ഥാപന അതിർത്തികളില്‍ കോഴി, താറാവ് മറ്റ് വളര്‍ത്തുപക്ഷികള്‍ എന്നിവ അസാധാരണമായി ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ മൃഗാശുപത്രിയില്‍ വിവരം അറിയിക്കണമെന്നും കളക്ടര്‍ അറിയിച്ചു.
കോട്ടയം, വൈക്കം, ഏറ്റുമാനൂര്‍ നഗരസഭകളും, വെച്ചൂര്‍, കുറുപ്പുന്തറ, തലയാഴം, തലയോലപ്പറമ്പ്, കല്ലറ, നീണ്ടൂര്‍, ടി.വി. പുരം, കടുത്തുരുത്തി, ഉദയനാപുരം, കുമരകം, ആര്‍പ്പൂക്കര, അയ്മനം, നീണ്ടൂര്‍, അതിരമ്പുഴ, തിരുവാര്‍പ്പ്, കുമരകം എന്നീ പഞ്ചായത്തുകളുമാണ് നിരീക്ഷണത്തിലുള്ളത്. എല്ലാ പക്ഷികളെയും ബാധിക്കുന്ന തരത്തിലുള്ള എച്ച്5എന്‍1 ഇനത്തിലുള്ള വൈറസ് പടർത്തുന്ന പനിയാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ദേശാടനപക്ഷികള്‍, കടല്പക്ഷികള് എന്നിവയിലൂടെയാണ് ഇത് വ്യാപിക്കുന്നത്. ആര്‍പ്പൂക്കരയിലെ താറാവ് ഫാമിലും തലയാഴത്തെ ബ്രോയിലർ കോഴി ഫാമിലും പക്ഷികള്‍ ചത്തൊടുങ്ങിയതിനെത്തുടര്‍ന്നാണ് സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചത്. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യരൂറ്റി ആനിമല്‍ ഡീസിസസ് ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗബാധയേറ്റാല്‍ മൂന്നു മുതല്‍ അഞ്ചു വരെ ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണിക്കുകയും കൂട്ടത്തോടെയുള്ള മരണം ഉണ്ടാവുകയും ചെയ്യും. സാധാരണ ഈ പനി മനുഷ്യരിലേക്ക് പകരാറില്ലെങ്കിലും ശ്രദ്ധിക്കണം.
ആര്‍പ്പൂക്കരയിലും തലയാഴത്തും രാവിലെ 8.30 മുതല്‍ പക്ഷികളെ കൊന്നു സംസ്കരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി . മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ അഞ്ച് ദ്രുതകര്‍മ ടീമുകളാണ് രോഗബാധയുളള പ്രദേശത്തെ പക്ഷികളെ സംസ്കരിക്കുന്നത് . തലയാഴം പഞ്ചായത്തില്‍ മൂന്നും ആര്‍പ്പൂക്കരയില്‍ രണ്ടും സംഘങ്ങളായി തിരിഞ്ഞായിരിക്കും ദ്രുതകര്‍മസേനയുടെ പ്രവര്‍ത്തനം. മൃഗസംരക്ഷണവകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍, റവന്യൂ, പോലീസ്, വനംവകുപ്പ്, ആരോഗ്യവകുപ്പ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ എന്നീ വകുപ്പുകളുടെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനത്തിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.