KERALA

മനുഷ്യരില്‍ പകര്‍ന്നാല്‍ അമ്പത് ശതമാനം മരണസാധ്യത; ഗുരുതരമാണ് ഈ വര്‍ഷത്തെ പക്ഷിപ്പനി

ഡോ. എം. മുഹമ്മദ്‌ ആസിഫ്

ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടാം വാരത്തിൽ ആലപ്പുഴ ജില്ലയിൽ കുട്ടനാടൻ മേഖലയിലെ ചെറുതന, എടത്വ പഞ്ചായത്തുകളിലായിരുന്നു കേരളത്തിൽ ഈ വർഷം ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചത്. രണ്ട് മാസം പിന്നിടുമ്പോൾ ആലപ്പുഴയിലെ തന്നെ കൂടുതൽ മേഖലകളിലേക്കും പത്തനംതിട്ട, കോട്ടയം എന്നീ രണ്ട് ജില്ലകളിലേക്കും രോഗവ്യാപനമുണ്ടായി. കോഴികളിലും താറാവുകളിലും മാത്രമാണ് കേരളത്തിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയതെങ്കിൽ ഇത്തവണ വളർത്തു പക്ഷികളെ കൂടാതെ കാക്ക, കൊക്ക്, പരുന്ത് തുടങ്ങിയ നാട്ടുപക്ഷികളിലേക്കും രോഗപകർച്ചയുണ്ടായി.

പതിവുപോലെ ആലപ്പുഴയിലെ ജലാശയങ്ങളോട് ചേർന്ന് പറന്നെത്തിയ ദേശാടനപക്ഷികൾ തന്നെയാണ് രോഗവാഹകർ എന്നാണ് നിഗമനം. എന്നാൽ ഇത്തവണ ഈ പക്ഷി രോഗം വിതച്ച കെടുതിയും കഷ്ടനഷ്ടങ്ങളും മുൻകാലങ്ങളേക്കാൾ അത്യധികമാണ്. സാധാരണയായി ഡിസംബർ-ജനുവരി മാസങ്ങളിലാണ് പക്ഷിപ്പനി ആലപ്പുഴയിൽ പ്രത്യക്ഷപ്പെട്ടിരുന്നതെങ്കിൽ, ഈ വർഷം ഏപ്രിൽ-മെയ് മാസങ്ങളിലെ വേനൽക്കാലത്താണ് പക്ഷിപ്പനി എത്തിയത്. വേനൽ മാറി മഴയെത്തിയതോടെ രോഗത്തിൻ്റെ രൂക്ഷത വർധിച്ചതായാണ് കാണുന്നത്. സാധാരണയായി പക്ഷിപ്പനി ആലപ്പുഴ ജില്ലയുടെ തെക്കൻ മേഖലകളിൽ മാത്രമായിരുന്നെങ്കിൽ ഈ വർഷം ചേർത്തല, മാരാരിക്കുളം തുടങ്ങി വടക്കൻ മേഖലകളിലേക്കും പടർന്നു.

സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ പ്രധാന താറാവ് വളർത്തൽ കേന്ദ്രമായ പത്തനംതിട്ട നിരണത്തെ ഫാമിലെ മുഴുവൻ പക്ഷികളെയും ഫാമിൽ രോഗം കണ്ടെത്തിയ സാഹചര്യത്തിൽ രോഗനിയന്ത്രണത്തിനായി കൊന്നെടുക്കേണ്ട സാഹചര്യം പോലുമുണ്ടായി. സംസ്ഥാനത്ത് വികസിപ്പിച്ച വളർത്തു താറാവുകളിലെ അപൂർവയിനവും നിരണം താറാവ് വളർത്തൽ കേന്ദ്രത്തിൽ പരിപാലിച്ചിരുന്നതുമായ സ്നോവൈറ്റ് താറാവുകൾ ഒറ്റയടിക്ക് ഇല്ലാതാവുന്നതിനും പക്ഷിപ്പനി കാരണമായി. താറാകൃഷിയെ ആശ്രയിച്ച് ജീവിച്ചിരുന്ന അനേകമനേകം കർഷകർക്ക് നിത്യജീവിതോപാധി തന്നെ വഴിമുട്ടി ഇതെല്ലാം ഇത്തവണത്തെ പക്ഷിപ്പനി ദുരന്തത്തിൻ്റെ രൂക്ഷത വെളിവാക്കുന്നു.

മനുഷ്യരില്‍ രോഗബാധയേറ്റാല്‍ അൻപത്  ശതമാനം വരെ മരണസാധ്യതയുള്ള H5 N1 ഗണത്തില്‍പ്പെട്ട വൈറസുകളാണ് ഇപ്പോൾ കേരളത്തിൽ പക്ഷിപ്പനിക്ക് കാരണമായത് എന്നതും വേഗത്തിലുള്ള രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം പ്രധാനമാണെന്നത് ഓര്‍മപ്പെടുത്തുന്നു.

പക്ഷിപ്പനി - പക്ഷികളിലെ പ്ലേഗ്

പക്ഷികളിലെ പ്ലേഗ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പക്ഷിരോഗമാണ് 'ഏവിയന്‍ ഇന്‍ഫ്ളുവന്‍സ' അഥവാ പക്ഷിപ്പനി. 'ഓര്‍ത്തോമിക്സോ' എന്ന വൈറസ് കുടുംബത്തിലെ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ എ. വൈറസുകളാണ് പക്ഷിപ്പനിക്ക്  കാരണമാവുന്നത്. വൈറസുകളെ  അവയിലടങ്ങിയ ഉപരിതലപ്രോട്ടീനുകളുടെ അടിസ്ഥാനത്തില്‍ വൈറസിന്  അനേകം വകഭേദങ്ങളുണ്ട്. ഇതിൽ പക്ഷികളിൽ ഏറെ മാരകമായതും വേഗത്തിൽ പടരുന്നതും മരണനിരക്ക് ഉയർന്നതുമായ  എച്ച് 5 എൻ 1 (H-5 N-1) വകഭേദത്തിൽപ്പെട്ട ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസുകളാണ് സംസ്ഥാനത്ത് ഇപ്പോൾ രോഗകാരണമായത്.

പക്ഷിപ്പനി രോഗകാരിയായ ഇന്‍ഫ്ളുവന്‍സ വൈറസുകളെ ശരീരത്തില്‍ വഹിച്ച് പറക്കുന്ന ദേശാടനപ്പക്ഷികളും, കാട്ടുപക്ഷികളുമെല്ലാം ഏറെയുണ്ട്. വൈറസിന്‍റെ വ്യാപനത്തിലും നിലനില്‍പ്പിനും ജനിതകപരിവർത്തനങ്ങളിലുമെല്ലാം  വലിയ പങ്കുവഹിക്കുന്ന  വാഹകരായ ഈ പക്ഷികളില്‍ വൈറസുകള്‍ സാധാരണ രോഗമുണ്ടാക്കില്ല. രോഗവാഹകരും രോഗബാധിതരുമായ പക്ഷികള്‍ അവയുടെ  മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള സ്രവങ്ങളിലൂടെയും കാഷ്ഠത്തിലൂടെയും ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസിനെ ധാരാളമായി പുറന്തള്ളും.

ഈ പക്ഷികളുമായും, സ്രവങ്ങളും, കാഷ്ഠവുമായുമുള്ള  നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും, രോഗാണുമലിനമായ തീറ്റ, കുടിവെള്ളം എന്നിവയെല്ലാം വഴിയും പരോക്ഷമായും രോഗം അതിവേഗത്തില്‍ പടര്‍ന്നു പിടിക്കും. ചെറിയ ദൂരപരിധിയില്‍ രോഗാണുമലിനമായ ജലകണികകൾ,  തൂവൽ,  പൊടിപടലങ്ങൾ എന്നിവ വഴി  വായുവിലൂടെയും രോഗവ്യാപനം നടക്കും. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചശേഷം ഒന്നോ രണ്ടോ ദിവസത്തിനകം പക്ഷികള്‍ കൂട്ടമായി ചത്തൊടുങ്ങും. ലക്ഷണങ്ങള്‍ ഏതെങ്കിലും പ്രകടമാവുന്നതിന് മുന്‍പ് തന്നെ പക്ഷികള്‍  കൂട്ടമായി ചത്തുവീഴാനും അതിതീവ്ര വൈറസ് ബാധയില്‍ സാധ്യതയുണ്ട്. കുറഞ്ഞ അന്തരീക്ഷതാപനിലയില്‍ ദീര്‍ഘനാള്‍ നാശമൊന്നും കൂടാതെ നിലനില്‍ക്കാനുള്ള  കഴിവും പക്ഷിപ്പനി വൈറസുകള്‍ക്കുണ്ട്.

എന്തുകൊണ്ട് വളർത്തു പക്ഷികളുടെ കൂട്ടനശീകരണം പ്രാധാന്യമർഹിക്കുന്നു?

തീവ്രത കൂടിയതും കുറഞ്ഞതുമായി പക്ഷിപ്പനി വൈറസിന് അനേകം വകഭേദങ്ങളുണ്ട്. സാധാരണഗതിയില്‍ പക്ഷികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന രീതിയില്‍ മാത്രം രോഗമുണ്ടാക്കുന്നവയാണ് പക്ഷിപ്പനി വൈറസുകളിലേറെയും. എന്നാല്‍ പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്കും മറ്റ് സസ്തനിമൃഗങ്ങളിലേക്കും പകരാനും, രോഗമുണ്ടാക്കാനുമുള്ള ശേഷിയും വൈറസുകള്‍ക്കുണ്ട്.

രോഗം കണ്ടെത്തിയതിന് ഒരു കിലോമീറ്റര്‍ പരിധിയിലെ മുഴുവന്‍ വളർത്തുപക്ഷികളെയും കൊന്ന് സുരക്ഷിതമായി സംസ്കരിക്കുക എന്നത് അന്തര്‍ദേശീയ, ദേശീയ തലങ്ങളില്‍ നിലവിലുള്ള പക്ഷിപ്പനി നിയന്ത്രണ പ്രോട്ടോക്കോളിന്‍റെ ഭാഗമാണ്. 

H5N1, H7N9,  H7N7,  H9N2 തുടങ്ങിയ  ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസുകളെല്ലാം മനുഷ്യരിലേക്ക് പകരാനും  രോഗമുണ്ടാക്കാനും ശേഷിയുള്ളവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പക്ഷിപ്പനി വൈറസ് ബാധയേറ്റുള്ള മരണങ്ങൾ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ട്. മനുഷ്യരില്‍ രോഗബാധയേറ്റാല്‍ അൻപത്  ശതമാനം വരെ മരണസാധ്യതയുള്ള H5 N1 ഗണത്തില്‍പ്പെട്ട വൈറസുകളാണ് ഇപ്പോൾ കേരളത്തിൽ പക്ഷിപ്പനിക്ക് കാരണമായത് എന്നതും വേഗത്തിലുള്ള രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം പ്രധാനമാണെന്നത് ഓര്‍മപ്പെടുത്തുന്നു. രോഗബാധയേറ്റ പക്ഷികളെ കൈകാര്യം ചെയ്യുന്നതിലൂടെയും കശാപ്പ് നടത്തുന്നതിലൂടെയുമാണ് രോഗം മനുഷ്യരിലേക്ക് പടരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വളരെ തീവ്രത കൂടിയ ജനിതക മാറ്റങ്ങള്‍ സംഭവിച്ച് പക്ഷിപ്പനി വൈറസുകള്‍ മനുഷ്യരിലേക്കും രോഗബാധയേറ്റവരില്‍ നിന്ന് മറ്റുള്ളവരിലേക്കും വളരെ വേഗത്തില്‍ വ്യാപിക്കുന്ന മാരക വൈറസുകളായി രൂപം മാറാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലോകാരോഗ്യസംഘടനയും ലോകമൃഗാരോഗ്യ സംഘടനയും നല്‍കിയിട്ടുണ്ട്. പക്ഷിപ്പനി വൈറസുകൾ മനുഷ്യരിൽ കാണുന്ന ഇൻഫ്ലുവെൻസ വൈറസുകളുമായി ചേർന്ന് പുതിയ ജനിതകഘടനയാർജിച്ച് സാർസ് കോവ് 2 /  കോവിഡ്-19 വൈറസുകളെ പോലെ ഒരു ആഗോള മഹാമാരിയായി (പാൻഡെമിക്) മാറിയേക്കാം എന്ന മുന്നറിയിപ്പും ലോകാരോഗ്യ സംഘടന നൽകിയിട്ടുണ്ട്.

ഈ കാരണങ്ങളാല്‍ രോഗം കണ്ടെത്തിയതിന്  ഒരു കിലോമീറ്റര്‍ പരിധിയില്‍ രോഗസാധ്യതയുള്ളതും രോഗവാഹകരാവാന്‍ ഇടയുള്ളതുമായ മുഴുവന്‍ വളര്‍ത്തുപക്ഷികളെയും കൊന്നൊടുക്കി സുരക്ഷിതമായി  സംസ്കരിക്കുക  എന്നത് അതീവപ്രാധാന്യം അര്‍ഹിക്കുന്നു. മാത്രമല്ല, രോഗം കണ്ടെത്തിയതിന് ഒരു കിലോമീറ്റര്‍ പരിധിയിലെ മുഴുവന്‍ വളർത്തുപക്ഷികളെയും കൊന്ന് സുരക്ഷിതമായി സംസ്കരിക്കുക എന്നത് അന്തര്‍ദേശീയ, ദേശീയ തലങ്ങളില്‍ നിലവിലുള്ള പക്ഷിപ്പനി നിയന്ത്രണ പ്രോട്ടോക്കോളിന്‍റെ ഭാഗമാണ്. എന്നാൽ പറന്നു നടക്കുന്ന പക്ഷികളുടെ കാര്യത്തിൽ ഇത് പ്രായോഗികമല്ല. മാത്രമല്ല, രോഗമേഖലകളിലെ വളർത്തുപക്ഷികളെ കൊന്നൊടുക്കി രോഗപകർച്ചയുടെ സാധ്യതകൾ തടഞ്ഞില്ലെങ്കിൽ സംസ്ഥാനമൊട്ടാകെ തന്നെ രോഗം പടരാനുള്ള സാഹചര്യവുമുണ്ടാവും.

(ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന ട്രഷററാണ് ലേഖകൻ )

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ