ബിഷപ്പ് ആന്റണി കരിയില്‍, നൂണ്‍ഷ്യോ ലിയോപോര്‍ഡോ ജിറേലി 
KERALA

രാജി സന്നദ്ധത അറിയിച്ച് ബിഷപ്പ് ആന്റണി കരിയില്‍; എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലേക്ക്?

ഓഗസ്റ്റ് ആറിന് ചേരുന്ന സിറോ മലബാര്‍ സഭ സിനഡില്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം

വെബ് ഡെസ്ക്

എറണാകുളം അങ്കമാലി അതിരൂപത സഭാ തര്‍ക്കത്തില്‍ മെത്രാപ്പൊലീത്തന്‍ വികാരി ബിഷപ്പ് ആന്റണി കരിയില്‍ രാജി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. കൊച്ചിയിലെത്തിയ വത്തിക്കാന്‍ സ്ഥാനപതി, നൂണ്‍ഷ്യോ ലിയോപോര്‍ഡോ ജിറേലിക്ക് ബിഷപ്പ് കരിയില്‍ രാജി സമര്‍പ്പിച്ചതായാണ് സൂചന. ഇതോടെ, അതിരൂപത അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലേക്ക് നീങ്ങും. ഓഗസ്റ്റ് ആറിന് ചേരുന്ന സിറോ മലബാര്‍ സഭ സിനഡില്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. അതേസമയം, വൈദികരുടെ കൂട്ടായ്മയും അതിരൂപതാ സംരക്ഷണ സമിതിയും ബിഷപ്പ് കരിയിലിനൊപ്പമാണ്. സത്യത്തിനും നീതിക്കുംവേണ്ടി നിലകൊണ്ട ബിഷപ്പിന്റെ രാജിയോടെ, സഭാ നേതൃത്വം ഏത് പക്ഷത്താണെന്ന് കൂടുതല്‍ വ്യക്തമാകുകയാണെന്നാണ് വിമതപക്ഷത്തിന്‍റെ പ്രതികരണം.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരായ ഭൂമി വില്‍പ്പനയിലും അതിരൂപതയിലെ കുര്‍ബാന ഏകീകരണത്തിലും വിമത നിലപാട് സ്വീകരിച്ചയാളാണ് ബിഷപ്പ് ആന്റണി കരിയില്‍. കുര്‍ബാന ഏകീകരണത്തില്‍, സിനഡ് തീരുമാനം മറികടന്ന് വിമത നീക്കത്തിന് പിന്തുണ നല്‍കിയെന്ന ആരോപണം അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു. വിശ്വാസികള്‍ക്കും വൈദികര്‍ക്കും ഇടയില്‍ ഭിന്നത വളര്‍ത്തിയത് ബിഷപ്പ് കരിയിലിന്റെ നിലപാടുകളാണെന്ന അഭിപ്രായമായിരുന്നു വത്തിക്കാന്‍ മുന്നോട്ടുവെച്ചത്. വിമത വൈദികരുടെ പ്രതിഷേധങ്ങള്‍ക്ക് ഒത്താശ ചെയ്തത് ബിഷപ്പ് കരിയിലാണെന്ന കര്‍ദിനാള്‍ പക്ഷത്തിന്റെ വാദമാണ് വത്തിക്കാനും അംഗീകരിച്ചത്. അതിന്റെ ബാക്കിപത്രമാണ് ബിഷപ്പ് കരിയിലിനെതിരായ നടപടി.

അതിരൂപതയുടെ മെത്രാപ്പൊലീത്തന്‍ വികാരി സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് വത്തിക്കാന്‍ സ്ഥാനപതി ഈമാസം 19ന് ബിഷപ്പ് കരിയിലിന് നോട്ടീസ് നല്‍കിയിരുന്നു. മാര്‍പാപ്പയുടെയും തിരുസംഘത്തിന്റെയും അനുമതിയോടെയായിരുന്നു നോട്ടീസ്. രാജിവെച്ചശേഷം അതിരൂപത പരിധിയില്‍ താമസിക്കാനോ പൊതുപരിപാടികളില്‍ പങ്കെടുക്കാനോ പാടില്ലെന്നും നിബന്ധനയുണ്ടായിരുന്നു. എന്നാല്‍, ഡല്‍ഹിയിലേക്ക് നേരിട്ട് വിളിപ്പിച്ച് നോട്ടീസ് നല്‍കിയിട്ടും ബിഷപ്പ് മറുപടി നല്‍കിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ്, നൂണ്‍ഷ്യോ ലിയോപോര്‍ഡോ ജിറേലി നേരിട്ട് കൊച്ചിയില്‍ എത്തിയത്. ബിഷപ്പ് കുര്യന്‍ മഠത്തിക്കണ്ടത്തിലിന്റെ സാന്നിധ്യത്തിലായിരുന്നു നൂണ്‍ഷ്യോയും ബിഷപ്പ് കരിയിലുമായുള്ള കൂടിക്കാഴ്ച. വത്തിക്കാന്‍ നിര്‍ദേശം അനുസരിച്ച് രാജിക്കത്ത് നല്‍കാന്‍ ബിഷപ്പിനോട് ആവശ്യപ്പെടുകയായിരുന്നു.

എല്ലാ കാര്യങ്ങളും വത്തിക്കാന്‍ സ്ഥാനപതിയെ അറിയിച്ചിട്ടുണ്ടെന്നും തീരുമാനം സഭാ നേതൃത്വം അറിയിക്കട്ടെയെന്നുമാണ് ബിഷപ്പ് കരിയിലിന്റെ നിലപാട്.

അതേസമയം, കൂടിക്കാഴ്ചയില്‍ എന്തൊക്കെ ചര്‍ച്ചയായെന്നും സഭാ നേതൃത്വത്തിന്റെ തീരുമാനം എന്താണെന്നും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എല്ലാ കാര്യങ്ങളും വത്തിക്കാന്‍ സ്ഥാനപതിയെ അറിയിച്ചിട്ടുണ്ടെന്നും തീരുമാനം സഭാ നേതൃത്വം അറിയിക്കട്ടെയെന്നുമാണ് ബിഷപ്പ് കരിയിലിന്റെ നിലപാട്. ഓഗസ്റ്റ് ആറിന് സിറോ മലബാര്‍ സഭ സിനഡ് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ചേരുന്നുണ്ട്. ഔദ്യോഗിക തീരുമാനം അന്ന് പ്രഖ്യാപിച്ചേക്കും. അതുവരെ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലായിരിക്കും അതിരൂപത.

അതേസമയം, വൈദികരുടെ കൂട്ടായ്മയും അതിരൂപതാ സംരക്ഷണ സമിതിയും ബിഷപ്പ് കരിയിലിനൊപ്പമാണ്. സഭാ തര്‍ക്കത്തില്‍ കര്‍ദിനാള്‍ ആലഞ്ചേരി രാജിവയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം. വത്തിക്കാന്‍ സ്ഥാനപതി എത്തുന്നതിന് മുന്നോടിയായി, വൈദികരും അല്‍മായരും യോഗം ചേര്‍ന്നിരുന്നു. ബിഷപ്പ് കരിയിലിനെ പിന്തുണയ്ക്കാനായിരുന്നു യോഗത്തിന്റെ തീരുമാനം. രാജി സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വരേണ്ടതുണ്ടെന്നാണ് ബിഷപ്പ് കരിയിലിനെ അനുകൂലിക്കുന്ന വൈദികര്‍ നല്‍കുന്ന വിവരം. കാനോനിക നിയമമനുസരിച്ച് കൈപ്പടയില്‍ എഴുതിയ രാജിക്കത്ത് വേണം നല്‍കാന്‍. അതില്‍ രണ്ട് പേര്‍ സാക്ഷികളായി ഒപ്പുവെക്കുകയും വേണം. സാക്ഷികള്‍ ആരൊക്കെയാണെന്ന കാര്യം പരസ്യമാക്കാനും പാടില്ല. രാജിക്കത്തില്‍ എന്തെങ്കിലും വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്നും ഇപ്പോള്‍ അറിയാനാകില്ല. അതിനാല്‍, മെത്രാന്‍ സ്ഥാനം ഒഴിഞ്ഞാല്‍ എന്ത് ചുമതലയായിരിക്കും ബിഷപ്പിന് നല്‍കുകയെന്ന കാര്യത്തിലും ഇപ്പോള്‍ സൂചനയില്ലെന്ന് ബിഷപ്പ് കരിയിലിനെ പിന്തുണയ്ക്കുന്ന വൈദികര്‍ ദി ഫോര്‍ത്തിനോട് പ്രതികരിച്ചു.

ഭൂമി വില്‍പ്പന, കുര്‍ബാന ഏകീകരണം ഉള്‍പ്പെടെ വിഷയങ്ങളില്‍ വിശ്വാസികള്‍ക്കും വൈദികര്‍ക്കുമൊപ്പം നിന്നു, എന്നതാണ് ബിഷപ്പിനെതിരെ സഭാ നേതൃത്വം കണ്ടെത്തിയിരിക്കുന്ന കുറ്റം.

ബിഷപ്പ് കരിയില്‍ രാജിവെക്കുമെങ്കില്‍ അക്കാര്യം സിനഡില്‍ പ്രഖ്യാപിക്കുമെന്നാണ് അതിരൂപത വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്‍ മാധ്യങ്ങളോട് പ്രതികരിച്ചത്. അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നാല്‍ സറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെ അധികാര ദുര്‍വിനിയോഗത്തിന്റെ ഇരയാണ് അദ്ദേഹം എന്നു കരുതേണ്ടി വരും. ഇക്കാര്യത്തില്‍ വത്തിക്കാന്‍ നേരിട്ടാണോ ഇടപെടുന്നതെന്ന സംശയവും അദ്ദേഹം ഉന്നയിച്ചു.

ഭൂമി വില്‍പ്പന, കുര്‍ബാന ഏകീകരണം ഉള്‍പ്പെടെ വിഷയങ്ങളില്‍ വിശ്വാസികള്‍ക്കും വൈദികര്‍ക്കുമൊപ്പം നിന്നു, എന്നതാണ് ബിഷപ്പിനെതിരെ സഭാ നേതൃത്വം കണ്ടെത്തിയിരിക്കുന്ന കുറ്റം. കുര്‍ബാന ഏകീകരണത്തില്‍ ഭൂരിഭാഗം വിശ്വാസികളും എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ജനാഭിമുഖ കുര്‍ബാന തന്നെ തുടരണമെന്നായിരുന്നു അവരുടെ നിലപാട്. എന്നാല്‍, ന്യൂനപക്ഷത്തിന്റെ നിലപാടാണ് അംഗീകരിക്കപ്പെട്ടത്. ബിഷപ്പ് കരിയില്‍ സത്യത്തിനും നീതിക്കും വേണ്ടിയാണ് നിലകൊണ്ടത്. അതിനാണ് ഇപ്പോള്‍ അദ്ദേഹം വില നല്‍കേണ്ടിവരുന്നത്. സഭാ നേതൃത്വം ഏത് പക്ഷം നില്‍ക്കുന്നുവെന്നത് ആശങ്കയുളവാക്കുന്നുണ്ടെന്നും ബിഷപ്പ് കരിയിലിനെ പിന്തുണക്കുന്ന വൈദികര്‍ കൂട്ടിച്ചേര്‍ത്തു.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം