പ്രമാദമായ പയ്യന്നൂർ ആൾമാറാട്ട കേസിലെ പ്രതി ബിട്ടി മൊഹന്തി പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മാജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി. എസ്ബിടി ബാങ്കിന്റെ പഴയങ്ങാടി മാടായി ശാഖയില്‍ പ്രബേഷണറി ഓഫീസറായി ആള്‍മാറാട്ടം നടത്തി ജോലി നേടിയതിനാണ് ബിട്ടി മൊഹന്തിയെ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. 2013ൽ പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ട കേസ്, വർഷങ്ങൾക്ക് ശേഷമാണ് കോടതി വീണ്ടും പരിഗണിക്കുന്നത്. കേസിൽ നേരിട്ട് ഹാജരാകുമെന്നും ജാമ്യം പുതുക്കി നൽകണമെന്നുമുള്ള പ്രതിയുടെ ആവശ്യം അംഗീകരിച്ച കോടതി, വരുന്ന ഓഗസ്റ്റ് അഞ്ചിന് വീണ്ടും ഹാജരാകണമെന്ന നിര്‍ദേശത്തില്‍ ജാമ്യം പുതുക്കി നല്‍കി.
കഴിഞ്ഞ ഡിസംബര്‍ 12നാണ് വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം മൊഹന്തിയുടെ കേസ് കോടതി പരിഗണിച്ചത്. ഒഡീഷ ഹൈക്കോടതിയിലെ തിരക്കുള്ള അഭിഭാഷകനാണ് പ്രതിയായ മൊഹന്തിയെന്നും കേസിൽ ഹാജരാകാൻ കഴിയില്ലെന്നുമായിരുന്നു ബിട്ടിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നത്. തുടർന്ന് അവധി അപേക്ഷ അംഗീകരിച്ച കോടതി, ഫെബ്രുവരി 25 ന് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു.
പോലീസുദ്യോഗസ്ഥരെ പോലും കുഴപ്പിച്ച രാഘവ് രാജ് എന്ന ബിട്ടി മൊഹന്തി
ബിട്ടി മൊഹന്തിയുൾപ്പെട്ട ആൾമാറാട്ടക്കേസ് അന്വേഷണ ഉദ്യോഗസ്ഥരെ ചെറുതായല്ല കുഴപ്പിച്ചത്. പഴയങ്ങാടി എസ്ബിഐ ശാഖയിൽ ജോലി ചെയ്യുന്ന രാഘവ് രാജ്, ബിട്ടി മൊഹന്തി ആണെന്ന് അവകാശപ്പെടുന്ന ഊമക്കത്താണ് വലിയ തട്ടിപ്പിന്റെ ചുരുളഴിക്കുന്നത്. തുടർന്ന് വ്യാജരേഖ ചമയ്ക്കൽ, ആൾമാറാട്ടം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇയാൾക്കെതിരെ കണ്ണൂർ പോലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കവേയാണ്, രാജസ്ഥാനിലെ ആൾവാർ പീഡനക്കേസിൽ സുപ്രീംകോടതി ഏഴ് വർഷത്തെ കഠിന തടവിന് ശിക്ഷിച്ച പ്രതിയാണ്, രാഘവ് രാജ് എന്ന പേരില്‍ ജോലി ചെയ്തിരുന്ന ആളെന്ന് പുറംലോകമറിയുന്നത്. പിന്നാലെ, ക്രൈം ത്രില്ലർ സിനിമകളെ വെല്ലുന്ന വിവരങ്ങൾ പുറത്തുവന്നു.
ബലാത്സംഗ കേസിൽ ഏഴ് വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൊഹന്തി, ഏഴ് മാസത്തിന് ശേഷം പരോളിനിറങ്ങി മുങ്ങി, പിന്നീട് ആന്ധ്രയില്‍ ഒളിവിലായിരുന്നു
ഒഡീഷ മുൻ ഡിജിപിയുടെ മകന്‍ പിന്നീട് തെലുങ്ക് ബ്രാഹ്മണന്‍ രാമറാവുവിന്റെ മകനായി
ഒഡീഷ മുൻ ഡിജിപി പി കെ മൊഹന്തിയുടെ മകനായ ബിട്ടി മൊഹന്തി കമ്പ്യൂട്ടർ എഞ്ചിനീയറായി ജോലി ചെയ്യവേയാണ് ആദ്യം അറസ്റ്റിലാകുന്നത്. 2006 മാർച്ച് ആറിന് രാത്രി കൂട്ടുകാരിയും ജർമൻ സ്വദേശിനിയുമായ വിദ്യാർഥിയെ രാജസ്ഥാനിലെ ആള്‍വാറിലെ ഹോട്ടൽ മുറിയിൽ വച്ച് ബലാത്സംഗം ചെയ്‌തെന്നായിരുന്നു കേസ്. കേസിൽ ഏഴ് വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബിട്ടി, ഏഴ് മാസത്തിന് ശേഷം പരോളിലിറങ്ങി മുങ്ങി. ഒഡീഷയില്‍ അസുഖ ബാധിതയായ മാതാവിനെ കാണാനെന്ന വ്യാജേനയായിരുന്നു ഇയാൾ പരോളിനിറങ്ങിയത്. പിന്നീട് ഇയാളെക്കുറിച്ച് രാജസ്ഥാന്‍ പോലീസിന് വിവരമൊന്നും ലഭിച്ചില്ല. രാജസ്ഥാനിൽ മുങ്ങിയ ആൾ പൊങ്ങിയത് ആന്ധ്രയിൽ. മൂന്ന് വർഷത്തെ ആന്ധ്രയിലെ ഒളിവ് ജീവിതത്തിനിടെ ഊരും പേരും മാറ്റി. തെലുങ്ക് ബ്രാഹ്മണനായ എസ് വി രാമറാവുവിന്റെ മകൻ രാഘവ് രാജനെന്നായി പുതിയ വേഷം. പഠന രേഖകളിലെല്ലാം ഇയാൾ ഊരും പേരും മാറ്റി.
വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി നേരെ കേരളത്തിലേക്ക്
വ്യാജ സർട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് കണ്ണൂർ ചാല ചിൻടെകിൽ നിന്ന് മൊഹന്തി എംബിഎ ബിരുദാനന്തര ബിരുദം നേടി. പഠനത്തിൽ മിടുക്കനായിരുന്ന അയാൾ അവിടെ തന്നെ രണ്ട് മാസം അധ്യാപകനായി ജോലിചെയ്തു. മറ്റൊരിടത്തുകൂടി അധ്യാപകനായി ജോലി ചെയ്ത ഇയാളെ സ്ഥാപനത്തിൽ നിന്ന് പിരിച്ചുവിട്ടു. വാടകയ്ക്ക് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇയാൾ കേരളത്തിൽ തന്നെ തുടരാനാണ് തീരുമാനിച്ചിരുന്നത്. ശേഷം, മാടായി എസ്ബിടി ശാഖയിൽ ആദ്യ നിയമനം. അതിനിടയിലാണ് ഊമക്കത്ത് വരുന്നത്. ഗൂഗിളിൽ ബിട്ടിയെ തിരഞ്ഞ ബാങ്ക് അധികൃതർക്ക് ഇയാളുടെ പഴയ ചിത്രങ്ങളും കേസിന്റെ വിവരങ്ങളും കിട്ടി. അവരാണ് പോലീസിൽ വിവരം അറിയിച്ചത്. ആദ്യം കുറ്റം സമ്മതിക്കാതിരുന്ന ബിട്ടി, അയാളുടെ അച്ഛന്റെ പേര് രാമറാവു എന്നാണെന്നും അദ്ദേഹത്തിന് കൃഷിപ്പണിയാണെന്നും ആവർത്തിച്ചു. എന്നാൽ ബന്ധുക്കളെ കുറിച്ചുള്ള ചോദ്യം ഇയാളെ കുഴപ്പിച്ചു.
രാജസ്ഥാനത്തില്‍ തുടർ ശിക്ഷ അനുഭവിക്കാന്‍ കേരളത്തില്‍ നിന്ന് ജാമ്യം കിട്ടിയ പ്രതി എങ്ങനെ അഭിഭാഷകനായി ?
ആന്ധ്രയിലടക്കം നടത്തിയ പരിശോധനയിൽ, രാഘവ് രാജനെന്ന ഇയാൾ, ബിട്ടി മൊഹന്തിയാണെന്ന് തിരിച്ചറിഞ്ഞു. എന്നാൽ, ജർമൻ യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിട്ടി തന്നെയാണ് ഇയാളെന്ന് തെളിയിക്കാൻ പോലീസിനായില്ല. ഡിഎൻഎ പരിശോധന നടത്താൻ ബിപി മൊഹന്തിയും ഭാര്യയും വിസമ്മതിച്ചതോടെ, പോലീസിന്റെ ഈ ആവശ്യം പയ്യന്നൂർ കോടതി തള്ളി. ശേഷം വ്യാജരേഖ കേസിൽ ബിട്ടിക്ക് ജാമ്യം അനുവദിച്ചു. ഇത് പോലീസിന് വലിയ തിരിച്ചടിയായിരുന്നു. പീഡനക്കേസിൽ രാജസ്ഥാൻ പോലീസിന് ബിട്ടിയെ വിട്ടുകൊടുക്കുകയും ചെയ്തു. തന്നെ രാജസ്ഥാൻ ജയിലിലേക്ക് അയക്കരുതെന്നാവശ്യപ്പെട്ട് പിന്നീട് ബിട്ടി ഹൈേക്കാടതിയെ സമീപിച്ചു. എന്നാൽ രാജസ്ഥാനിൽ തടവ് ശിക്ഷ പൂർത്തിയാക്കാനാണ് ഹൈക്കോടതി നിർദേശിച്ചത്. പിന്നീട്, പോലീസുകാർ പോലും മറന്ന ബിട്ടി മൊഹന്തി ശനിയാഴ്ച പയ്യന്നൂർ കോടതിയിൽ എത്തിയത് വർഷങ്ങൾക്ക് ശേഷമാണ്. ഇതിനിടയിൽ ഒഡീഷ ഹൈക്കോടതിയിലെ അഭിഭാഷകനായി ഇയാൾ എങ്ങനെ മാറിയെന്ന ചോദ്യം ഇപ്പോഴും ഉത്തരമില്ലാതെ ബാക്കിയാവുകയാണ്.