KERALA

'ബിജെപി വെറുപ്പ് ഉത്പ്പാദിപ്പിക്കുന്ന ഫാക്ടറി', സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍; പാലക്കാട് സര്‍പ്രൈസ്

പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് പിന്നാലെ ആയിരുന്നു സന്ദീപ് വാര്യര്‍ ബിജെപി നേതൃത്വത്തിന് എതിരെ പരസ്യമായി രംഗത്തെത്തിയത്.

വെബ് ഡെസ്ക്

നേതൃത്വത്തോട് ഇടഞ്ഞ് വിമത സ്വരം ഉയര്‍ത്തിയ ബിജെപി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍. ബിജെപിക്ക് എതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് പ്രവേശനം പ്രഖ്യാപിച്ചത്. ബിജെപി വെറുപ്പ് ഉത്പ്പാദിപ്പിക്കുന്ന ഫാക്ടറിയായി മാറി, ആ സാഹചര്യമാണ് സ്‌നേഹത്തിന്റെ കടയില്‍ ഒരു അംഗത്വം എടുക്കുന്ന നിലയിലേക്ക് എത്തിച്ചത്. താന്‍ ത്രിവര്‍ണ ഷാള്‍ അണിഞ്ഞ് ഇവിടെ ഇരിക്കുന്നുണ്ടെങ്കില്‍ അതിന് ഉത്തരവാദി കെ സുരേന്ദ്രനും സംഘവും മാത്രമാണ് എന്നും സന്ദീപ് പറഞ്ഞു. ചാനല്‍ ചര്‍ച്ചകളില്‍ ഉള്‍പ്പെടെ കാഠിന്യമായ പദങ്ങള്‍ പറഞ്ഞത് ബിജെപിക്ക് വേണ്ടിയാണ്. മനുഷ്യപക്ഷത്ത് നിന്ന് നിലപാട് പറയാന്‍ പോലും ബിജെപിക്ക് പറ്റിയില്ല. ബിജെപിക്ക് ഉള്ളില്‍ വീര്‍പ്പുമുട്ടുകയായിരുന്നു. തന്റെ നാട്ടുകാരുടെ മതം തിരയാന്‍ താത്പര്യമില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് പിന്നാലെ ആയിരുന്നു സന്ദീപ് വാര്യര്‍ ബിജെപി നേതൃത്വത്തിന് എതിരെ പരസ്യമായി രംഗത്തെത്തിയത്. പിന്നീട് സന്ദീപ് വാര്യര്‍ സിപിഎമ്മിലേക്ക് ചേക്കേറിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സന്ദീപ് വാര്യരെ മുതിര്‍ന്ന സിപിഎം നേതാവ് എ കെ ബാലന്‍ പരസ്യമായി സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സന്ദീപ് അപ്രതീക്ഷിതമായി കോണ്‍പ്രവേശനം പ്രഖ്യാപിക്കുന്നത്. നിലവില്‍ ബിജെപി സംസ്ഥാന സെക്രറട്ടിമാരില്‍ ഒരാളാണ് സന്ദീപ് വാര്യര്‍.

ബിജെപിയില്‍ നിന്ന് പലസമയത്തും അപമാനം നേരിട്ടെന്നും ഇനി പാലക്കാട്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്നും പ്രഖ്യാപിച്ചായിരുന്നു സന്ദീപ് വാര്യര്‍ പാര്‍ട്ടിയോടുള്ള അതൃപ്തി പരസ്യമാക്കിയത്. തിരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ മാറ്റി നിര്‍ത്തിയതോടെയാണ് സന്ദീപ് നിലപാട് വ്യക്തമാക്കിയത്. ആര്‍എസ്എസ് ഉള്‍പ്പെടെ ഇടപെട്ട് സന്ദീപിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. പിന്നാലെയാണ് ഇപ്പോഴത്തെ അപ്രതീക്ഷിത നീക്കം.

പാലക്കാട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരുള്‍പ്പെടെ പങ്കെടുത്ത വാര്‍ത്താസമ്മേളത്തില്‍ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിന്റെ ഭാഗമായി.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം