KERALA

വീണ്ടും സ്വര്‍ണക്കടത്ത്; തരൂരിന്റെ മുൻ സ്റ്റാഫംഗത്തിന്റെ അറസ്റ്റിൽ വാക്‌പോര്, കോണ്‍ഗ്രസും സിപിഎമ്മും സഖ്യമെന്ന് ബിജെപി

ഇന്നലെയാണ് തരൂരിന്റെ മുന്‍ സ്റ്റാഫംഗത്തെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കസ്റ്റഡിയിലെടുത്തത്

വെബ് ഡെസ്ക്

കേരള രാഷ്ട്രീയത്തില്‍ വീണ്ടും സ്വർണക്കടത്ത് വിവാദം. തിരുവനന്തപുരം എം പിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന്റെ മുന്‍ സ്റ്റാഫംഗം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ പിടിയിലായതില്‍ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍. സ്വർണക്കടത്ത് കൂട്ടുപിടിച്ച് കോണ്‍ഗ്രസിനേയും സിപിഎമ്മിനേയും ഒരുപോലെ പ്രതിക്കൂട്ടിലാക്കുകയാണ് ബിജെപി. സംഭവം സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള കൂട്ടുകെട്ടിന്റെ തെളിവാണെന്ന് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

തരൂരിന്റെ പി എ വിമാനത്താവളത്തിൽ അറസ്റ്റിലായ സംഭവം ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. സംഭവത്തിൽ തരൂരിൻ്റെ വിശദീകരണം തൃപ്തികരമല്ല. വിമാനത്താവളത്തിൽ തന്നെ സഹായിക്കാൻ വേണ്ടി നിയോഗിച്ചിരുന്നയാളാണ് അറസ്റ്റിലായ ശിവകുമാർ പ്രസാദ് എന്നാണ് എംപി പറയുന്നത്. വിമാനത്താവളത്തിൽ സ്വർണ്ണക്കടത്ത് നടത്തുന്ന ഇയാൾ ശശി തരൂരിനെ എങ്ങനെയാണ് സഹായിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

"ആദ്യം മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്വർണക്കടത്തില്‍ ഉള്‍പ്പെട്ടു. ഇപ്പോള്‍ എംപിയുടെ വിശ്വസ്തന്‍ പിടിയിലായിരിക്കുന്നു. കോണ്‍ഗ്രസും സിപിഎമ്മും പ്രതിപക്ഷ സഖ്യത്തില്‍ മാത്രമല്ല സ്വർണക്കടത്ത് സഖ്യത്തിലുമുണ്ട്," സമൂഹ മാധ്യമമായ എക്സിലൂടെയായിരുന്നു ചന്ദ്രശേഖറിന്റെ പ്രതികരണം. 2020ലെ സ്വർണക്കടത്തുകേസിന്റെ ചുവടുപിടിച്ചായിരുന്നു രാജീവിന്റെ പരാമർശം. പ്രതിയുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ സ്ഥാനത്തുനിന്ന് മാറ്റി നിർത്തിയിരുന്നു.

സംഭവത്തില്‍ ഇന്ന് രാവിലെയായിരുന്നു തരൂരിന്റെ പ്രതികരണമുണ്ടായത്. "എന്റെ സ്റ്റാഫിലെ മുന്‍ അംഗം അറസ്റ്റിലായത് ഞെട്ടലുളവാക്കി. ആരോഗ്യപ്രശ്നങ്ങളുള്ള 72 വയസ് പ്രായമുള്ള വ്യക്തിയാണ് ഇത്. ആരോഗ്യനില പരിഗണിച്ചാണ് സ്റ്റാഫില്‍ നിലനിർത്തിയിരുന്നത്. സംഭവം അന്വേഷിക്കുന്നതില്‍ അധികൃതർക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു. നിയമം നിയമത്തിന്റെ വഴിക്ക് തന്നെ നീങ്ങണം," തരൂർ എക്സില്‍ കുറിച്ചു.

ബുധനാഴ്ചയാണ് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് രണ്ട് പേരെ പിടികൂടിയത്. ഒരാള്‍ ശിവകുമാർ പ്രസാദാണെന്നും, ശശി തരൂരിന്റെ സ്റ്റാഫംഗമാണെന്ന് അവകാശപ്പെട്ടെന്നും എഎന്‍ഐ റിപ്പോർട്ട് ചെയ്തിരുന്നു. ദുബായില്‍ നിന്നെത്തിയ മറ്റൊരാളെ സ്വീകരിക്കുന്നതിനായിരുന്നു ശിവകുമാർ എയർപോർട്ടിലെത്തിയത്. ശിവകുമാറിന് സ്വർണം കൈമാറുന്നതിനിടയിലാണ് പിടിയിലായത്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി