താനൂർ ബോട്ടപകടത്തിന് പിന്നാലെ ഒളിവിൽ പോയ ബോട്ടുടമ നാസർ അറസ്റ്റിൽ. കോഴിക്കോട് വച്ചാണ് ഇയാൾ പിടിയിലായത്. തുടർ നടപടിയുടെ ഭാഗമായി ഇയാളെ മലപ്പുറത്ത് എത്തിച്ച് എസ് പിയുടെ തേതൃത്വത്തിൽ ചോദ്യം ചെയ്യും.
22 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെ നാസർ ഒളിവിൽ പോയിരുന്നു. പ്രതിയെ കണ്ടെത്താൻ തിരച്ചിൽ വ്യാപിപ്പിച്ച പോലീസ് വിമാത്താവളങ്ങളിൽ അടക്കം മുന്നറിയിപ്പ് നൽകിയിരുന്നു. നേരത്തെ നാസറിന്റെ കാര്‍ കൊച്ചി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. കാറിലുണ്ടായിരുന്ന സഹോദരനെയും അയൽവസിയെയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
അന്വേഷണം പലയിടങ്ങളിലും ഊർജിതമായി നടക്കുന്നതിനിടെ കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്ത് വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം ബോട്ടപകടത്തിപ്പെട്ട മുഴുവൻ പേരെയും കണ്ടെത്തിയതായി ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. നടപടി ക്രമങ്ങളുടെ ഭാഗമായി നാളെ കൂടി തിരച്ചിൽ തുടരും.
മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് അപകടത്തിൽപ്പെട്ട് 22 പേരാണ് മരിച്ചത്. മരിച്ചവരിൽ ഏറെയും കുട്ടികളാണ്. മാനദണ്ഡങ്ങള്‍ പാലിക്കാതെ സര്‍വീസ് നടത്തിയ ബോട്ടിന് ഫിറ്റ്നസ് ലഭിച്ചതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. ഇരുപതോളം ആളുകളെ കയറ്റാൻ സാധിക്കുന്ന ബോട്ടിലാണ് നാൽപ്പതോളം ആളുകളെ കയറ്റിയത്. അഞ്ചുമണി വരെയാണ് അപകടം നടന്ന താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ ബോട്ട് യാത്രയ്ക്ക് അനുമതി ഉണ്ടായിരുന്നത്. എന്നാൽ ഈ സമയം കഴിഞ്ഞ് രാത്രിയോടെയാണ് ബോട്ട് അപകടത്തിൽ പെട്ടത്. ബോട്ടിലുണ്ടായിരുന്നവർ ലൈഫ് ജാക്കറ്റുകളും ധരിച്ചിരുന്നില്ല.
സംഭവത്തിൽ മുഖ്യമന്ത്രി സമഗ്ര ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സാങ്കേതിക വിദഗ്ധരടങ്ങുന്ന ജുഡീഷ്യൽ കമ്മിഷനെ സര്‍ക്കാര്‍ നിയമിക്കും. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് പൂര്‍ണമായും സർക്കാർ വഹിക്കും.