ഗിരിജ തീയറ്റര്‍ ഉടമ ഡോ. ഗിരിജ 
KERALA

സിനിമാ ടിക്കറ്റിന് വാട്സ്‍ആപ് ബുക്കിങ്; തൃശൂർ ഗിരിജ തീയേറ്ററിനെ വിലക്കി ബുക്ക് മൈ ഷോ, സൈറ്റുമായി കരാറില്ലെന്ന് ഉടമ

വെബ് ഡെസ്ക്

സിനിമാ ടിക്കറ്റുകള്‍ക്ക് വാട്സ്ആപ് ബുക്കിങ് ഏര്‍പ്പെടുത്തിയ തീയേറ്റര്‍ ഉടമയെ വിലക്കി ടിക്കറ്റ് ബുക്കിങ് ആപ്പായ ബുക്ക് മൈ ഷോ. തൃശൂര്‍ ഗിരിജ തീയേറ്റര്‍ ഉടമ ഡോ.ഗിരിജയ്ക്ക് എതിരെയാണ് വിലക്ക്. ടിക്കറ്റ് ചാർജിനുപുറമെ ഓണ്‍ലൈന്‍ സൈറ്റുകള്‍ ഈടാക്കുന്ന അമിത ചാർജിന് എതിരെയാണ് ഗിരിജ ഇത്തരമൊരു സംവിധാനം ആരംഭിച്ചത്. എന്നാൽ, ബുക്ക് മൈ ഷോയുമായി താന്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും ഒരു രൂപ പോലും കമ്മീഷന്‍ വാങ്ങാതെയാണ് വാട്സ്ആപ് ബുക്കിങ് നടത്തുന്നതെന്നും ഗിരിജ പറഞ്ഞു. ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റുകളുടെ ഭീഷണിക്ക് വഴങ്ങില്ലെന്നുമാണ് ഗിരിജയുടെ നിലപാട്.

ബുക്ക് മൈ ഷോയുമായി നേരിട്ട് കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും ഈ സാഹചര്യത്തില്‍‌ ഇത്തരത്തിൽ ഒരു വിലക്ക് ശരിയല്ലെന്നുമാണ് ഗിരിജയുടെ പ്രതികരണം

"എന്റെ തീയേറ്ററിന് ബുക്ക് മൈ ഷോയുമായി നേരിട്ട് കരാറില്ല. ജസ്ടിക്കറ്റ്സ് വഴിയാണ് ടിക്കറ്റ് വിൽക്കുന്നത്. കരാറുള്ളതും അവരുമായി മാത്രമാണ്. അവര്‍ക്ക് ഞങ്ങളുടെ പേരില്‍ യാതൊരു പരാതിയും വന്നിട്ടില്ല. ബുക്ക് മൈ ഷോ ആണ് ജസ്ടിക്കറ്റ്സുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. അതുവഴിയാണ് എന്റെ തീയേറ്ററിലെ ടിക്കറ്റുകൾ അവർ വിൽക്കുന്നത്. നേരിട്ട് കരാറിൽ ഏർപ്പെട്ടിട്ടില്ലാത്ത സ്ഥിതിക്ക് ഇത്തരത്തിൽ ഒരു വിലക്ക് എന്തിനാണെന്ന് അറിയില്ല" ഡോ. ഗിരിജ 'ദ ഫോര്‍ത്തി'നോട് പറഞ്ഞു.

തീയേറ്ററുകളിലേക്ക് വരുന്നവർ സാധാരണക്കാരാണ്. സൈറ്റുകള്‍ വഴി നാല് ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് ഒരു ടിക്കറ്റിനുള്ള പണം കൂടുതലായി കൊടുക്കേണ്ടിവരും.
ഡോ. ഗിരിജ

'ടെലി ബുക്കിങ് ആരംഭിച്ചത് 2008 ലാണ്. കോവിഡ് പ്രതിസന്ധിക്ക് ശേഷമാണ് വാട്സ്ആപ് ബുക്കിങ് തുടങ്ങിയത്. തീയേറ്ററുകളിലേക്ക് വരുന്ന എല്ലാവരും വലിയ പണക്കാരൊന്നുമല്ല, സാധാരണക്കാരാണ്. സൈറ്റുകള്‍ വഴി നാല് ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് ഒരു ടിക്കറ്റിനുള്ള പണം കൂടുതലായി കൊടുക്കേണ്ടിവരും. ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ സിനിമ കാണണമെന്ന് മോഹമുള്ളവര്‍ തന്നെ സമീപിക്കുന്ന സാഹചര്യങ്ങളിലാണ് വാട്സ് ആപ് ബുക്കിങ് ചെയ്തുകൊടുക്കുന്നത്. ഇതിന് അഞ്ച് പൈസപോലും അധികം ഈടാക്കാറില്ല.- ഗിരിജ പറയുന്നു.

പ്രമുഖ ബുക്കിങ് ആപ്പുകള്‍ സമ്മര്‍ദം ചെലുത്തുകയാണെന്നും, ഇതിന് വഴങ്ങില്ലെന്നും ഡോ. ഗിരിജ പറയുന്നു. സൈറ്റുകള്‍ അധിക ബുക്കിങ് ചാര്‍ജ് ഈടാക്കുമ്പോള്‍, മനുഷ്യത്വത്തിന്റെ പേരിലാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയത്. കേരളത്തില്‍ മുപ്പതോളം തീയറ്ററുകള്‍ സ്വന്തം സൈറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്. അധികം വൈകാതെ ബുക്കിങ്ങിനായി സ്വന്തമായൊരു സൈറ്റ് ആരംഭിക്കുമെന്നും ഡോ. ഗിരിജ പ്രതികരിച്ചു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും