KERALA

'പലസ്തീനായി ഇത്രയെങ്കിലും ചെയ്യണ്ടേ'; കോഴിക്കോട് പ്രതിഷേധത്തില്‍ കലാപാഹ്വാന കേസെടുത്തതിനെതിരെ ഫറൂഖിലെ വിദ്യാർഥികള്‍

ജനുവരി നാലിന് വൈകിട്ടാണ് സ്റ്റാർബക്സിൽ വിദ്യാർഥികൾ പ്രതിഷേധം നടത്തിയത്. 'ബോയ്‌കോട്ട് നൗ,' 'CAUTION, THIS CONTENT MAY FUND GENOCIDE' എന്നിങ്ങനെയുള്ള പോസ്റ്ററുകളായിരുന്നു ഉയർത്തിയത്

മുഹമ്മദ് റിസ്‌വാൻ

കോഴിക്കോട് സ്റ്റാർബക്സ് കോഫീ ഷോപ്പിൽ പലസ്തീൻ അനുകൂല പോസ്റ്റർ പതിപ്പിച്ച് പ്രതിഷേധമറിയിച്ച വിദ്യാർഥികൾക്കെതിരെ കലാപാഹ്വാനത്തിന് പോലീസ് കേസെടുത്തിരുന്നു. ഫാറൂഖ് കോളേജിലെ ഫ്രട്ടേണിറ്റി പ്രവർത്തകരായ വിദ്യാർഥികൾക്കെതിരെയാണ് കോഴിക്കോട് ടൗൺ പോലീസ് കേസെടുത്തത്. ജനുവരി നാലിനായിരുന്നു കേസിന് ആസ്പദമായ സംഭവം. എന്നാൽ വളരെ സമാധാനപരമായ ഒരു പ്രതിഷേധരീതിയാണ് തങ്ങൾ അവലംബിച്ചതെന്ന് ഫാറൂഖ് കോളേജിലെ ഫ്രട്ടേണിറ്റി യൂണിറ്റ് പ്രസിഡന്റ് വസീം ദ ഫോർത്തിനോട് പറഞ്ഞു.

ടൗൺ പോലീസ് സ്റ്റേഷന് സമീപം നില്‍ക്കുന്ന ഫാറൂഖിലെ വിദ്യാർഥികള്‍

"പലസ്തീനിൽ വലിയൊരു കൂട്ടക്കുരുതി സംഭവിക്കുമ്പോൾ നമ്മളാൽ കഴിയുന്ന കാര്യങ്ങൾ ചെയ്യുക മാത്രമാണ് ഉണ്ടായത്. ഇതിനെയൊരു പ്രതിഷേധമെന്നല്ല, ബോധവത്കരണ പരിപാടി എന്ന നിലയ്ക്ക് കാണാനാണ് ആഗ്രഹിക്കുന്നത്. ഉപയോക്താക്കളെ ബോധവാന്മാരാക്കുക മാത്രമായിരുന്നു ഉദ്ദേശ്യം. അതും സ്റ്റാർബക്സിനെ മാത്രം ഉന്നം വച്ചുകൊണ്ടല്ല, കെ എഫ് സി, പിസ്സ ഹട്ട്, മക് ഡോണൾഡ്‌സ് എന്നിവരെയെല്ലാം ബഹിഷ്കരിക്കണമെന്നാണ് ഞങ്ങൾ പറയാൻ ആഗ്രഹിക്കുന്നത്. ആരെയും ഉപദ്രവിക്കാനല്ല സമാധാനപരമായൊരു ബോധവത്കരണം മാത്രമാണ് ലക്ഷ്യം," പ്രതിഷേധക്കാരിൽ ഒരാൾ കൂടിയായ വസീം ചൂണ്ടിക്കാട്ടി.

പ്രതിഷേധം ഒരിക്കലും അവസാനിപ്പിക്കില്ല. ശക്തമായിതന്നെ മുന്നോട്ട് പോകും. അവരുടെ ഭയം ഞങ്ങളുടെ സമരവിജയമാണ്
വസീം, ഫ്രട്ടേണിറ്റി യൂണിറ്റ് പ്രസിഡന്റ്

ഗാസയിലെ ജനങ്ങൾക്കുള്ള ഐക്യദാർഢ്യമെന്ന നിലയ്ക്കായിരുന്നു ബോയ്‌കോട്ട് കാമ്പയിൻ സംഘടിപ്പിച്ചതെന്ന് വസീം പ്രതികരിച്ചു. "സ്റ്റാർബക്‌സിന് പുറമെ മക് ഡോണൾഡ്‌സ്, കെഎഫ്സി എന്നിങ്ങനെ പല ബ്രാൻഡുകളെയും ബഹിഷ്കരിക്കുക എന്ന ആഹ്വാനത്തിന്റെ ഭാഗമായിരുന്നു പ്രതിഷേധം. അതിന്റെ ഭാഗമായി കോഴിക്കോടുള്ള സ്റ്റാർബക്സിൽ ചെല്ലുകയും ഒട്ടും പ്രകോപനപരമല്ലാത്ത മുദ്രാവാക്യങ്ങൾ എഴുതിയ പോസ്റ്ററുകൾ ഉയർത്തി കാട്ടുകയും ചെയ്തു. അതിന്റെ ദൃശ്യങ്ങൾ പുറത്തുവിടാനിരിക്കുമ്പോഴായിരുന്നു പോലീസ് കേസെടുത്ത വിവരം അറിഞ്ഞത്," വസീം പറഞ്ഞു. ഫാറൂഖ് കോളേജിൽ പലസ്തീൻ ഐക്യദാർഢ്യ വാരം ആചരിക്കാനുളള തീരുമാനത്തിലായിരുന്നു ഫ്രട്ടേണിറ്റി യൂണിറ്റ്. അതിന്റെ ഭാഗമായിട്ടായിരുന്നു ഇസ്രയേലിനെ പിന്തുണയ്ക്കുന്നതായി ആക്ഷേപം നേരിടുന്ന സ്റ്റാർബക്സ് പോലുള്ള സ്ഥാപനങ്ങളെ ബഹിഷ്കരിക്കാനുള്ള ആഹ്വാനം.

കോഴിക്കോട് ടൗൺ പോലീസ് ഇന്ത്യൻ ശിക്ഷ നിയമത്തിൽ 153, 427 എന്നീ വകുപ്പുകൾ ചുമത്തി കണ്ടാലറിയാവുന്ന ആറുപേർക്കെതിരെ കേസ് എടുക്കുകയായിരുന്നു

ജനുവരി നാലിന് വൈകിട്ടാണ് സ്റ്റാർബക്സിൽ വിദ്യാർഥികൾ പ്രതിഷേധം നടത്തിയത്. 'ബോയ്‌കോട്ട് നൗ,' 'CAUTION, THIS CONTENT MAY FUND GENOCIDE' എന്നിങ്ങനെയുള്ള പോസ്റ്ററുകളായിരുന്നു ഉയർത്തിയത്. എന്നാൽ വിദ്യാർഥികൾ കടയിലേക്ക് അതിക്രമിച്ചു കയറിയെന്നും ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ വിവിധ മുദ്രാവാക്യങ്ങൾ എഴുതിയ പോസ്റ്ററുകൾ ഗ്ലാസിൽ പതിപ്പിച്ചു എന്നുമാണ് സ്റ്റാർബക്സ് നൽകിയ പരാതിയിൽ ആരോപിക്കുന്നത്. ഇത് ലഭിച്ച കോഴിക്കോട് ടൗൺ പോലീസ് ഇന്ത്യൻ ശിക്ഷ നിയമത്തിലെ 153, 427 എന്നീ വകുപ്പുകൾ ചുമത്തി കണ്ടാലറിയാവുന്ന ആറുപേർക്കെതിരെ കേസ് എടുക്കുകയായിരുന്നു.

ജനുവരി നാലുമുതൽ ആരംഭിച്ച പലസ്തീൻ വാരാചരണം കേസ് വന്നതോടെ നിലവിൽ നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ പ്രതിഷേധം ഒരിക്കലും അവസാനിപ്പിക്കില്ലെന്നും ശക്തമായി തന്നെ മുന്നോട്ട് പോകുമെന്നും വസീം വ്യക്തമാക്കി. അവരുടെ ഭയം തങ്ങളുടെ സമരവിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍