കലാമണ്ഡലത്തിൽ ഇനി ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം. ഇന്ന് ചേർന്ന ഭരണസമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച നിർണായക തീരുമാനം എടുത്തത്. ലിംഗ ഭേദമെന്യേ കലാമണ്ഡലത്തിൽ ഇനി എല്ലാവർക്കും പ്രവേശനം നൽകുമെന്ന് ഭരണസമിതി അറിയിച്ചു.
ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും തീയറ്റർ ആന്റ് പെർഫോമൻസ് മേക്കിങ്ങിലും കോഴ്സുകളാരംഭിക്കും. കരിക്കുലം കമ്മറ്റിയാണ് പാഠ്യപദ്ധതി തീരുമാനിക്കുക. ജെന്‍ട്രല്‍ ന്യൂട്രലായ അക്കാദമിക സ്ഥാപനമായി കലാമണ്ഡലത്തെ നിലനിര്‍ത്തുന്നതിന്റെ ഭാഗമായി മോഹിനിയാട്ടം കോഴ്‌സുകളിലേക്ക് ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കുമെന്നും വൈസ് ചാന്‍സിലര്‍ നേരത്തേ അറിയിച്ചിരുന്നു.
പ്രശസ്ത നർത്തകൻ ആർഎൽവി രാമകൃഷ്ണനെ കലാമണ്ഡലം നർത്തകി സത്യഭാമ അധിക്ഷേപിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് പിന്നാലെയാണ് കലാമണ്ഡലത്തിന്റെ തീരുമാനം. രാമകൃഷ്ണന് കൂത്തമ്പലത്തിൽ വേദി ഒരുക്കിയതിന് തൊട്ടടുത്ത ദിവസമാണ് ഈ ചരിത്ര തീരുമാനം ഭരണസമിതി കൈകൊണ്ടത്. ചരിത്രമുഹൂർത്തമാണിതെന്ന് നീനാപ്രസാദും ക്ഷേമാവതിയും അടക്കമുള്ളവർ പ്രതികരിച്ചു.
നിലവിൽ പ്ലസ് ടു മുതൽ പിജി വരെ കോഴ്സ് വരെ കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാനുള്ള അവരമുണ്ട്. നൂറിലേറെ വിദ്യാർഥികൾ പത്തിലേറെ കളരികളിലായി ഇത്തരത്തിൽ പഠനം നടത്തുന്നുമുണ്ട്. ഇനി അടുത്ത അഡ്മിഷൻ മുതൽ ഇനി ആൺകുട്ടികൾക്കും കലാമണ്ഡലത്തിൽ അഡ്മിഷൻ എടുക്കാം.അധിക തസ്തിക സൃഷ്ടിക്കേണ്ടതില്ല എന്നതിനാൽ ആൺകുട്ടികൾക്ക് മോഹിനിയാട്ടം പഠിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ തടസം ഉണ്ടാവില്ല.
നേരത്തെ കഥകളിയിൽ വനിതാ പ്രവേശനം കലാമണ്ഡലം നടപ്പാക്കിയിരുന്നെങ്കിലും മോഹിനിയാട്ടത്തിൽ ആൺകുട്ടികൾക്ക് പ്രവേശനം നൽകിയിരുന്നില്ല. മോഹിനിയാട്ടക്കളരി ആൺകുട്ടികൾക്ക് തുറന്നു കൊടുക്കാനുള്ള നീക്കത്തെ പിന്തുണച്ച് കൊണ്ട് ചാൻസിലർ മല്ലികാ സാരാഭായ് കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. ഇന്നു ചേർന്ന ഭരണ സമിതി യോഗത്തിൽ വി സി വച്ച നിർദേശം ഐക്യകണ്ഠേനയാണ് പാസാക്കിയത്.
രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും കണ്ടുകഴിഞ്ഞാല്‍ പെറ്റ തള്ള സഹിക്കില്ലെന്നുമായിരുന്നു കലാമണ്ഡലം സത്യഭാമയുടെ പരാമര്‍ശം. ''മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്നവര്‍. ഇയാളെ കണ്ടു കഴിഞ്ഞാല്‍ കാക്കയുടെ നിറം. കാലുകുറച്ച് അകത്തിവച്ച് കളിക്കുന്നൊരു ആര്‍ട്ട് ഫോമാണ് മോഹിനിയാട്ടം. ഒരു പുരുഷന്‍ കാലും കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുക എന്നുപറഞ്ഞാല്‍ ഇതുപോലൊരു അരോചകമില്ല. മോഹിനിയാട്ടം ആണ്‍പിള്ളേര്‍ക്ക് പറ്റണമെങ്കില്‍ അതുപോലെ സൗന്ദര്യമുണ്ടാകണം. ആണ്‍പിള്ളേരില്‍ നല്ല സൗന്ദര്യമുള്ളവരുണ്ട്. ഇവനെ കണ്ടുകഴിഞ്ഞാല്‍, ദൈവം പോലും, പെറ്റ തള്ള സഹിക്കില്ല,'' എന്നായിരുന്നു സത്യഭാമ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
സത്യഭാമയുടെ പരാമർശം സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിച്ചത്. ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു, സാംസ്കാരിക മന്ത്രി സജി ചെറിയാൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുടങ്ങി നിരവധി പേരാണ് സത്യഭാമയ്ക്കെതിരെയും ആർഎല്‍വി രാമകൃഷ്ണനെ പിന്തുണച്ചും രംഗത്തെത്തിയത്. രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗത്തടക്കമുള്ള നിരവധി പേർ സത്യഭാമയെ പരാമർശത്തെ അപലപിചിരുന്നു. ഒടുവിൽ കേരളം കലാമണ്ഡലവും സത്യഭാമയെ തള്ളിയിരുന്നു.