KERALA

കൊച്ചി വിഷപ്പുകയിലായിട്ട് 11-ാം ദിവസം; ഡല്‍ഹിയേക്കാള്‍ മോശം വായുവെന്ന് സൂചിക

പ്രശ്‌ന പരിഹാരത്തിനായുള്ള സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന വിമര്‍ശനം വ്യാപകം

വെബ് ഡെസ്ക്

കേരളം കണ്ട ഏറ്റവും വലിയ മനുഷ്യ നിർമിത ദുരന്തങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുന്ന ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടിച്ചിട്ട് ഇന്ന് പതിനൊന്നാം ദിവസം. ദിവസങ്ങളായി പുക മൂടിയിരിക്കുന്ന കൊച്ചി നഗരത്തിലെ വായു ഡല്‍ഹിയിലേതിനേക്കാള്‍ മോശമാണെന്നാണ് ഗുണനിലവാര സൂചിക വ്യക്തമാക്കുന്നത്. പ്രശ്‌ന പരിഹാരത്തിനായുള്ള സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന വിമര്‍ശനം വ്യാപകമായി ഉയരുന്നുണ്ട്. ജില്ലാ ഭരണകൂടത്തിനും നഗരസഭയ്ക്കുമെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് ഹൈക്കോടതി നേരിട്ട് ഇടപെട്ടിട്ടും യുദ്ധകാലാടിസ്ഥാനത്തില്‍ പ്രശ്‌നപരിഹാരത്തിന് സര്‍ക്കാർ ശ്രമിക്കുന്നില്ലെന്നാണ് വിമർശനങ്ങള്‍.

അതിനിടെ ബ്രഹ്മപുരത്തെ തീ അണയ്ക്കുന്നതിന് നിലവിലെ രീതിയാണ് ഉചിതമെന്നും തീ അണച്ച മേഖലകളിൽ അതീവ ജാഗ്രത വേണമെന്നും ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്മെന്റിന്റെ ഡെപ്യൂട്ടി ചീഫ് ജോർജ് ഹീലി വ്യക്തമാക്കി. തീ അണച്ച മേഖലകളിൽ അതീവ ജാഗ്രത തുടരണമെന്നും അദ്ദേഹം നിർദേശിച്ചു. ജില്ലാ കളക്ടർ , സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രതിനിധി തുടങ്ങിയവരുമായി നടത്തിയ ഓൺലൈൻ യോഗത്തിലാണ് ജോർജ് ഹീലി കൊച്ചിയിലെ സാഹചര്യം വിലയിരുത്തിയത്.

പുകയുടെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ശനിയാഴ്ച ഉത്തരവിറക്കിയിരുന്നു. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. പരീക്ഷയ്ക്ക് പോകുന്ന വിദ്യാര്‍ഥികളടക്കം മാസ്‌ക് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. അതേസമയം വിഷ പുക ശ്വസിച്ചതുമായി ബന്ധപ്പെട്ടുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇതുവരെ 899 പേരാണ് കൊച്ചിയില്‍ ചികിത്സ തേടിയത്. തലവേദന, തൊണ്ടവേദന, കണ്ണുനീറ്റല്‍ എന്നിവ അനുഭവപ്പെട്ടവരാണ് ആശുപത്രിയിലെത്തിയത്. കുഞ്ഞുങ്ങള്‍, പ്രായമായര്‍, രോഗബാധിതര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

തീയണയ്ക്കാന്‍ ബ്രഹ്‌മപുരത്ത് തുടരുന്ന അഗ്നിശമന സേനാംഗങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഇവര്‍ക്ക് കൃത്യമായി ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ച മുതല്‍ ബ്രഹ്‌മപുരത്തും പരിസര പ്രദേശത്തും ആരോഗ്യ സര്‍വേ നടത്തും. ഏത് സാഹചര്യത്തെയും നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

അതേസമയം പുകയണയ്ക്കാൻ ഏറ്റവും ഫലപ്രദം, നിലവിൽ പ്രയോഗിക്കുന്ന രീതിയെന്ന് സർക്കാരിന്റെ വിദഗ്ധ സമിതി കണ്ടെത്തി. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റേതാണ് വിലയിരുത്തൽ. മാലിന്യം ഇളക്കി മറിച്ച് വെള്ളം പമ്പ് ചെയ്യുന്നതാണ് ഇപ്പോൾ നടന്നു വരുന്ന രീതി. പുക അണയ്ക്കുന്നതിന് മറ്റ് മാർഗങ്ങൾ യോഗം ചർച്ച ചെയ്തെങ്കിലും ബ്രഹ്മപുരത്തെ സാഹചര്യത്തിൽ ഇവയൊന്നും ഫലപ്രദമല്ലെന്നാണ് വിലയിരുത്തിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ